.

.

Friday, August 5, 2011

കടലുണ്ടിപ്പുഴയുടെ തീരങ്ങള്‍ കോര്‍ത്തിണക്കി വിനോദസഞ്ചാര പദ്ധതി


നിര്‍മാണ ഉദ്ഘാടനം 20ന്
ആദ്യഘട്ടത്തിന് 60 ലക്ഷം അനുവദിച്ചു
;



മലപ്പുറം: പുഴയോര സൗന്ദര്യത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മലപ്പുറത്ത് കടലുണ്ടിപ്പുഴയുടെ ഇരുതീരങ്ങളെയും ബന്ധിപ്പിച്ച് വിനോദസഞ്ചാര പദ്ധതി വരുന്നു. മലപ്പുറം സിവില്‍സ്റ്റേഷന്റെ പിറകിലെ പുഴയോരവും ഇതിന്റെ മറുകരയില്‍ കോഡൂര്‍ പഞ്ചായത്തിലെ പുഴയോര പ്രദേശവും കോര്‍ത്തിണക്കിക്കൊണ്ടുള്ള ടൂറിസം പദ്ധതിക്കാണ് ഇപ്പോള്‍ നടപടികള്‍ തുടങ്ങിയത്.

സിവില്‍സ്റ്റേഷന് പിന്നിലെ റവന്യൂഭൂമി ഉള്‍പ്പെടുന്ന പുഴതീരത്ത് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നേരത്തെ തന്നെ പുഴയോര നടപ്പാത ഉള്‍പ്പെട്ട ടൂറിസം പ്രൊജക്ടിന് നടപടി തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് കോഡൂര്‍ പഞ്ചായത്തും ടൂറിസം പദ്ധതി സമര്‍പ്പിച്ചു. ഇവ രണ്ടും സംയോജിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. സിവില്‍ സ്റ്റേഷന് പിറകിലുള്ള പുഴയോര നടപ്പാത ഉള്‍പ്പെട്ട ടൂറിസം പ്രൊജക്ടിന്റെ ആദ്യഘട്ട നിര്‍മാണം 20ന് തുടങ്ങും. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

80 ലക്ഷം രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടമായി സമര്‍പ്പിച്ചത്. ഇതില്‍ 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സിവില്‍സ്റ്റേഷന് സമീപത്തെ അങ്കണവാടി മുതല്‍ പമ്പ് ഹൗസ് വരെയുള്ള ഭാഗമാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഒന്നര കിലോമീറ്ററോളം നീളത്തിലാണ് നടപ്പാതയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡി.ടി.പി.സി സെക്രട്ടറി മധു പറഞ്ഞു.

പ്രവേശനകവാടം, നടപ്പാത, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, റെയിന്‍ഹട്ട്, ബോട്ട്‌ജെട്ടി, പവലിയനുകള്‍, ഓപ്പണ്‍ സ്റ്റേജ്, സാഹസിക യാത്രാ സംവിധാനങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം പദ്ധതിയിലുണ്ട്. ആകെ ആറ് കോടി രൂപയുടെ പദ്ധതിയാണ് നിലവിലുള്ളത്. കോഡൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പുഴയോരത്ത് അനക്കടവ് പാലം മുതല്‍ നൂറാടിപ്പാലം വരെയുള്ള പ്രദേശത്താണ് ടൂറിസം പദ്ധതി സമര്‍പ്പിച്ചിട്ടുള്ളത്. പഞ്ചായത്ത് സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഈ പ്രദേശത്ത് പദ്ധതി നടപ്പാക്കാന്‍ റവന്യൂ ഭൂമി എത്രയുണ്ടെന്ന് കണ്ടെത്താന്‍ ജില്ലാ കളക്ടര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഇരുകരകളെയും ബന്ധിപ്പിച്ച് തൂക്കുപാലം നിര്‍മിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അധികൃതര്‍ പറയുന്നു. പെഡല്‍ ബോട്ടുകളായിരിക്കും ഇവിടെ ഉപയോഗിക്കുക.


05 Aug 2011 Mathrubhumi malappuram news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക