.

.

Sunday, August 21, 2011

ഓണപ്പൂക്കളങ്ങള്‍ക്കായി തമിഴ് പാടങ്ങള്‍ പൂവണിഞ്ഞു

തെന്മല: മലയാളിക്ക് ഓണപ്പൂക്കളം തീര്‍ക്കുന്നതിന് അതിര്‍ത്തിയിലെ തമിഴ് പാടങ്ങള്‍ പൂവണിഞ്ഞു. ഇക്കുറി പൂക്കൃഷിയിലേക്ക് അതിര്‍ത്തിയിലെ കൂടുതല്‍ ഗ്രാമങ്ങള്‍ വഴിമാറി.

ജമന്തിയും വാടാമുല്ലയും റോസയും തുമ്പയുംവരെ പാടങ്ങളില്‍ പൂത്തുലഞ്ഞു തുടങ്ങി. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശി, ചെങ്കോട്ട, കടയനെല്ലൂര്‍, ശങ്കരന്‍കോവില്‍, പാവൂര്‍സത്രം എന്നിവിടങ്ങളിലാണ് പൂക്കൃഷി ഏറെയും. പച്ചക്കറിക്കൃഷിക്കൊപ്പം ഇടവിളയായും അല്ലാതെയുമാണ് ഇവ നട്ടുവളര്‍ത്തിയിരിക്കുന്നത്. ഓണക്കാലം ലക്ഷ്യമാക്കിയാണ് ഇവിടങ്ങളിലെ പൂക്കൃഷി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കാണ് പ്രധാനമായും കൊണ്ടുവരുന്നത്.

അത്തം തുടങ്ങുന്ന ആഗസ്ത് 31 മുതല്‍ കൂടുതല്‍ പൂക്കള്‍ വിളവെടുപ്പിന് പരുവമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍തന്നെ മിക്ക പാടങ്ങളിലും പൂക്കള്‍ വിരിഞ്ഞുകഴിഞ്ഞു. ഇവ ഓണക്കാലംവരെ കൊഴിയാതിരിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. അങ്ങനെയല്ലാത്തവ ഇപ്പോഴേ കേരളത്തിലേക്ക് അയച്ചുതുടങ്ങിയിട്ടുണ്ട്.

അത്തം തുടങ്ങുന്നതോടെ തമിഴ്‌നാട്ടിലെ ശങ്കരന്‍കോവിലിലും തെങ്കാശിയിലും പൂവിപണി കൂടുതല്‍ സജീവമാകും. പിന്നെ കൊല്ലം ജില്ലയില്‍നിന്നടക്കം ക്ലബുകളും വിദ്യാര്‍ഥികളുമൊക്കെ അത്തപ്പൂക്കളത്തിന് പൂ വാങ്ങാന്‍ ഇവിടേക്ക് ഒഴുകും. പൂവണിഞ്ഞ പാടങ്ങള്‍ കാണാന്‍ മലയാളികള്‍ ഇപ്പോഴേ തമിഴ്‌നാട്ടിലേക്ക് പോയിതുടങ്ങി. പാടങ്ങളില്‍ കാറ്റിനുപോലും ഇപ്പോള്‍ സുഗന്ധമാണ്.
Posted on: 21 Aug 2011 Mathrubhumi Kollam news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക