.

.

Thursday, August 18, 2011

'ഗ്രീന്‍പീസി'ന്റെ കപ്പല്‍ ഇനി ആസ്‌പത്രി

സിംഗപ്പൂര്‍: പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ 'ഗ്രീന്‍ പീസി ' ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 22 വര്‍ഷം കൂട്ടായിരുന്ന കപ്പല്‍ 'റെയിന്‍ബോ വാറിയര്‍ സെക്കന്‍ഡ്' ഇനി ഓളപ്പരപ്പിലെ ആസ്​പത്രി. സിംഗപ്പൂരില്‍ ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ ബംഗ്ലാദേശ് ആസ്ഥാനമായുള്ള സന്നദ്ധസംഘടനയായ 'ഫ്രണ്ട്ഷിപ്പി'ന് ഗ്രീന്‍പീസ് കപ്പല്‍ കൈമാറി. ബംഗ്ലാദേശ് തീരത്തെ ജനങ്ങള്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാനുള്ള ആസ്​പത്രിയായി ഈ കപ്പല്‍ ഉപയോഗിക്കും.

മഴവില്ല് എന്ന അര്‍ഥം വരുന്ന ബംഗാളി വാക്കായ 'റൊംഗ്‌ധൊനു ' എന്നാകും കപ്പലാസ്​പത്രി അറിയപ്പെടുക.

ശാന്തസമുദ്രത്തില്‍ ഫ്രാന്‍സ് നടത്തിയ ആണവപരീക്ഷണത്തെ എതിര്‍ത്തതിനുള്ള പ്രതികാരമായി 'റെയിന്‍ബോ വാറിയര്‍ ഫസ്റ്റ്' 1985-ല്‍ ഫ്രാന്‍സ് മുക്കിയതിനെത്തുടര്‍ന്ന് 1989-ലാണ് ' ഗ്രീന്‍പീസ് ' റെയിന്‍ബോ വാറിയര്‍ സെക്കന്‍ഡ് നീറ്റിലിറക്കിയത്. ഒട്ടേറെ പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാന്‍ സംഘടന ഈ കപ്പല്‍ ഉപയോഗിച്ചു. 2004-ല്‍ ദക്ഷിണേഷ്യന്‍ തീരത്തു വീശിയ സുനാമിയുടെ ഇരകള്‍ക്ക് ദുരിതാശ്വാസം എത്തിക്കാനും മഴക്കാടുകളില്‍ നിന്നുള്ള അനധികൃത തടിവെട്ട് തടയാനും അമിതമായ മത്സ്യബന്ധനത്തിനും തിമിംഗില വേട്ടയ്ക്കും ആഗോള താപനത്തിനും എതിരെ പോരാടാനും 'ഗ്രീന്‍പീസ്' ഉപയോഗിച്ചത് 'റെയിന്‍ബോ വാറിയര്‍ സെക്കന്‍ഡ്' ആയിരുന്നു.

ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലേക്ക് യാത്രയാകുന്ന കപ്പലിനു പകരം 'റെയിന്‍ബോ വാറിയര്‍ തേഡ് ' ജര്‍മനിയില്‍ പണി പൂര്‍ത്തിയായി വരുന്നു. ' ഗ്രീന്‍പീസി ' ന്റെ 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒക്ടോബറില്‍ ഇത് നീറ്റിലിറക്കും.

Posted on: 18 Aug 2011
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക