.

.

Wednesday, August 31, 2011

കടലുണ്ടി പക്ഷിസങ്കേതത്തില്‍ ശുചീകരണം തുടങ്ങി

ദേശാടനപ്പക്ഷികളെ സ്വാഗതംചെയ്ത് കടലുണ്ടി പക്ഷിസങ്കേതത്തില ശുചീകരണപ്രവൃത്തികള്‍ ആരംഭിച്ചു. സപ്തംബര്‍മുതലാണ് കടലുണ്ടിയിലെ പക്ഷിസങ്കേതത്തില്‍ ദേശാടനപ്പക്ഷികളെത്തിത്തുടങ്ങുക. കമ്യൂണിറ്റി റിസര്‍വ് മാനേജ്‌മെന്റ് കമ്മിറ്റിയുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ചൊവ്വാഴ്ച ശുചീകരണപ്രവൃത്തികള്‍ നടന്നത്.

പക്ഷി സങ്കേതത്തിലെ മണല്‍, ചെളി തിട്ടകളില്‍നിന്നായി എട്ട് ചാക്ക് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് നീക്കംചെയ്തത്. ദേശാടനപ്പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാകുന്ന വിധത്തില്‍ പക്ഷിസങ്കേതത്തില്‍ അടിഞ്ഞുകൂടിയതായിരുന്നു ഇവ. പ്ലാസ്റ്റിക് കവറുകള്‍ക്കും ചെരിപ്പ് അവശിഷ്ടങ്ങള്‍ക്കും പുറമെ കുപ്പികള്‍, ചില്ലുകഷണങ്ങള്‍ എന്നിവയും നീക്കംചെയ്തു. ദേശാടനപ്പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുംവിധമാണ് ഇവിടെ മാലിന്യനിക്ഷേപം നടക്കുന്നത്.

കടലുണ്ടി പ്പുഴയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ വേലിയേറ്റ സമയത്ത് പക്ഷിസങ്കേതത്തിന് സമീപത്തുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയിലാണ് അടിഞ്ഞുകൂടുന്നത്. ദേശാടനപ്പക്ഷികളുടെ ഇഷ്ടപ്പെട്ട ആവാസമേഖലയാണ് സമീപത്തെ കണ്ടല്‍വനങ്ങള്‍. ഇവിടെ മനുഷ്യസാമീപ്യം വര്‍ധിക്കുന്നതും പക്ഷിസങ്കേതത്തിന് ഭീഷണിയായിട്ടുണ്ട്. കടലുണ്ടിക്കടവ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതുമുതല്‍ വര്‍ഷംതോറും പക്ഷിസങ്കേതത്തില്‍ എത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണം കുറഞ്ഞുവരികയാണ്. മത്സ്യബന്ധനത്തിനും കക്കപെറുക്കലിനുമായും പക്ഷിസങ്കേതത്തിലെ ചെളിത്തിട്ടകളില്‍ ആളുകളെത്തുന്നുണ്ട്.

നിശ്ശബ്ദമായ ആവാസവ്യവസ്ഥയാണ് ദേശാടനപ്പക്ഷികളെ കടലുണ്ടിയിലേക്കാകര്‍ഷിച്ചിരുന്നത്. 135-ലധികം വിദേശ, നാടന്‍ ഇനം പക്ഷികളെ കടലുണ്ടി പക്ഷി സങ്കേതത്തില്‍ നേരത്തേ കണ്ടെത്തിയിരുന്നു. കമ്യൂണിറ്റി റിസര്‍വ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി പി.പ്രഭാകരന്‍, വാച്ചര്‍മാരായ ടി.കൃഷ്ണന്‍, കെ.അയ്യപ്പന്‍, പി.എം. കുഞ്ഞാലിക്കുട്ടി, ടി. ചന്ദ്രശേഖരന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ ടി. സുധീര്‍കുമാര്‍, ടി. സിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ശേഖരിച്ച മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമാകാത്തവിധം സംസ്‌കരിക്കുമെന്ന് സെക്രട്ടറി പി.പ്രഭാകരന്‍ പറഞ്ഞു. അവശേഷിക്കുന്ന മാലിന്യങ്ങളും ഉടന്‍തന്നെ നീക്കംചെയ്യും.

31 Aug 2011 Mathrubhumi Kozhikkod News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക