.

.

Thursday, August 11, 2011

നെല്‍ക്കതിര്‍ പുരസ്കാരം പുല്ലഴി കോള്‍പടവിന്

തൃശൂര്‍: മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷക വീര്യത്തിനു സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം. കേരളത്തിലെ മികച്ച പാടശേഖര സമിതിക്കുള്ള 2009-2010 വര്‍ഷത്തെ നെല്‍ക്കതിര്‍ പുരസ്കാരം പുല്ലഴി കോള്‍പടവിനു ലഭിച്ചു.

രണ്ടുലക്ഷം രൂപയും സ്വര്‍ണപതക്കവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ഇന്നലെ തിരുവനന്തപുരത്ത് കൃഷി മന്ത്രി കെ.പി. മോഹനനാണു പുരസ്കാരം പ്രഖ്യാപിച്ചത്. ചിങ്ങം ഒന്നിനു നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും.

കോര്‍പ്പറേഷന്‍ പരിധിയിലുള്ള കോള്‍കര്‍ഷക സംഘത്തിനാണ് ഇത്തവണത്തെ അവാര്‍ഡ് എന്നതും ശ്രദ്ദേയം. 900 ഏക്കറോളം നീണ്ടു കിടക്കുന്ന കോള്‍പടവാണ് പുല്ലഴി കോള്‍പടവ്. 640ഓളം കര്‍ഷകര്‍ ഇവിടെ കൃഷിയിറക്കുന്നുണ്ട്.

കര്‍ഷകരുടെയും കൃഷി ഓഫിസര്‍മാരുടെയും സംഘത്തിന്‍റെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് പുല്ലഴി കോള്‍കര്‍ഷക സംഘം പ്രസിഡന്‍റ് ഗോപിനാഥന്‍. കോള്‍കര്‍ഷക സംഘം 50ാം വാര്‍ഷികത്തിന്‍റെ നിറവില്‍ നില്‍ക്കുന്ന സമയത്തു തന്നെ അവാര്‍ഡു ലഭിച്ചതില്‍ ഇരട്ടിമധുരമെന്നു കര്‍ഷകര്‍.

മൂന്നു രീതിയിലുള്ള കൃഷിരീതികളാണു പുല്ലഴി കോള്‍പടവില്‍ നടത്തുന്നത്. സെപ്തംബര്‍ മാസത്തില്‍ വിളവിറക്കുന്ന നെല്‍കൃഷി ഫെബ്രുവരിയോടെ കൊയ്ത്ത് പൂര്‍ത്തിയാകും. ഫെബ്രുവരി മുതല്‍ ജൂണ്‍ മാസം വരെ പച്ചക്കറികളാണു കോള്‍പടവില്‍ കൃഷിയിറക്കുന്നത്. ജൂണ്‍മാസം അവസാനത്തില്‍ കോള്‍പടവില്‍ വെള്ളം നിറയുന്നതോടെ മത്സ്യകുഞ്ഞുങ്ങളെ ഇറക്കി പിന്നീട് മത്സ്യ കൊയ്ത്തും നടത്തും.

ഒറ്റവിളകൃഷി ചെയ്യുന്നതിലൂടെ മണ്ണിലെ വളക്കൂറ് നഷ്ടപ്പെടും. ഇത് ഇല്ലാതാക്കാനും കൃഷി ഭൂമിയെ പരമാവധി പ്രയോജനപ്പെടുത്താനും നെല്ല്, പച്ചക്കറി, മത്സ്യകൃഷികളിലൂടെ കഴിയുന്നുണ്ടെന്നു കര്‍ഷകര്‍. ഭൂമിയില്‍ നിന്നും പരമാവധി ലാഭം കൊയ്യാനും കര്‍ഷകര്‍ക്കു കഴിയും.

മികച്ച പാടശേഖര സമിതിക്കുള്ള പുരസ്കാരം ഇതു രണ്ടാം തവണയാണു ജില്ലയെ തേടിയെത്തുന്നത്. കഴിഞ്ഞ തവണത്തെ പുരസ്കാരം കോടന്നൂര്‍ കോള്‍ഫാമിനാണ്. പട്ടാളപ്പുഴുവിനെ തകര്‍ത്തു മണ്ണിന്‍റെ മൂല്യത്തെ പുറത്തെടുത്തു നൂറുമേനി കൊയ്തെടുത്ത കര്‍ഷകന്‍റെ ആത്മവീര്യത്തിനുള്ള അംഗീകാരം കൂടിയാവുകയാണ് പുരസ്കാരം.

2009-2010 വര്‍ഷത്തില്‍ ഇറക്കിയ വിളവിലാണു പട്ടാളപ്പുഴുവെന്ന കീടത്തിന്‍റെ ആക്രമണം കോള്‍പടവിനെ ബാധിച്ചത്. ഒരു മാസം പോലും മൂപ്പാവാത്ത കതിരുകളെ വ്യാപകമായി തിന്നുനശിപ്പിച്ച പുഴുക്കളെ കോള്‍പടവില്‍ വെള്ളം കെട്ടിനിര്‍ത്തിയും കീടനാശിനികള്‍ തളിച്ചുമാണു നിയന്ത്രിച്ചത്.

കേരളത്തിലെ തന്നെ മികച്ച കോള്‍പടവുകളില്‍ ഒന്നായ പുല്ലഴിയില്‍ അന്നു കൃഷി മന്ത്രിയും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചിരുന്നു. 2010 ജനുവരി അവസാനത്തോടെ കൊയ്ത്തുല്‍ത്സവം നടത്തി. ഇത്തവണ 704 ഏക്കറില്‍ കൃഷിയിറക്കിയ പാടശേഖരസമതി 70 മേനി കൊയ്തെടുത്തതായി പാടശേഖര സമിതി പ്രസിഡന്‍റ്.


11/08/2011 Thrissur Metrovaartha news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക