.

.

Saturday, August 6, 2011

വെള്ളത്തില്‍ ഒഴുകിയെത്തിയ കാട്ടാനക്കുട്ടിയെ വനംവകുപ്പിന് കൈമാറി

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തില്‍ പുഴവെള്ളത്തില്‍ ഒഴുകിയെത്തിയ കാട്ടാനക്കുട്ടിയെ ആദിവാസികള്‍ വനപാലകര്‍ക്ക് കൈമാറി. മൂന്നുമാസം പ്രായമുള്ളതാണ് ആനക്കുട്ടി. ഡോക്ടറുടെ പരിശോധനയ്ക്ക്‌ശേഷം ഇതിനെ കോടനാട് ആനസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

ചാലിയാര്‍ പഞ്ചായത്തിലെ പൂളപ്പൊട്ടി ആദിവാസി കോളനിയിലേക്ക് വ്യാഴാഴ്ച രാത്രി 10ന് ശേഷമാണ് ആനക്കുട്ടി കടന്നുവന്നത്. ആദിവാസികള്‍ ഉടന്‍തന്നെ രണ്ടുതവണ ആനക്കുട്ടിയെ പന്തീരായിരം മലവാരത്തിലേക്ക് പറഞ്ഞുവിട്ടെങ്കിലും രണ്ടുതവണയും ആദിവാസികളുടെ പിറകെ വരികയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവര്‍ വനംവകുപ്പില്‍ വിവരമറിയിച്ചു.

എടവണ്ണ റെയ്ഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെ. റെയ്ഞ്ച് ഓഫീസര്‍ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലെത്തിയ വനപാലകസംഘം ആനക്കുട്ടിയെ രാത്രിതന്നെ മൂലേപ്പാടത്തുള്ള അകമ്പാടം ഫോറസ്റ്റ്‌സ്റ്റേഷനിലെത്തിക്കുകയായിരുന്നു. രാവിലെ വെറ്ററിനറി സര്‍ജന്‍ ഡോ. നൗഷാദ് സ്ഥലത്തെത്തി ആനക്കുട്ടിയെ പരിശോധിച്ചു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ ഇതിനെ പിന്നീട് കോടനാട് ആനസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. കൊമ്പനാനക്കുട്ടിയാണ്. ഡെ. റെയ്ഞ്ച് ഓഫീസര്‍ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ വാഹനത്തില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്ത് കൊണ്ടുപോയി.

ജലവിനോദ കേന്ദ്രമായ ആഢ്യന്‍പാറയ്ക്കും മുകളില്‍ വനത്തില്‍ മഞ്ഞപ്പാറയ്ക്കടുത്ത് ആനക്കൂട്ടം കാഞ്ഞിരപ്പുഴ കുറുകെ കടന്നപ്പോള്‍ കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുവന്നതാകാമെന്ന് എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ ബി. ഹരിശ്ചന്ദ്രന്‍ പറഞ്ഞു. പുഴയിലെ കല്ലിലും മറ്റും തട്ടിയുണ്ടായ ചെറിയ മുറിവുകള്‍ ദേഹത്തുണ്ട്. ആനക്കുട്ടിക്ക് ഫോറസ്റ്റ് സ്റ്റേഷനില്‍നിന്നും പ്രാഥമിക ചികിത്സയും കുടിക്കാന്‍ ആവശ്യത്തിന് പാലും വനപാലകര്‍ നല്‍കിയിരുന്നു.


06 Aug 2011 Mathrubhumi Malappuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക