.

.

Friday, August 26, 2011

വയനാട് വന്യജീവി സങ്കേതത്തിലെ നിരീക്ഷണ സംവിധാനം വിജയത്തിലേക്ക്‌

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ വന്യജീവികളെ കുറിച്ചുള്ള നിരീക്ഷണ -പരീക്ഷണങ്ങള്‍ വിജയത്തിലേക്ക്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിങ് ഏജന്‍സിയുടെ സഹായത്തോടെയാണ് വിവിധ പദ്ധതികള്‍ നടപ്പാക്കിവരുന്നത്.

കഴിഞ്ഞ മാസം മുത്തങ്ങയില്‍ സ്ഥാപിച്ച ഒളി ക്യാമറയില്‍ തെളിഞ്ഞത് കടുവയുടെയും, ആനയുടെയും പുലിയുടെയും കരടിയുടെയും നിരവധി ചിത്രങ്ങളാണ്. അഞ്ച് കടവയുടെയും രണ്ടു പുലികളുടെയും ചിത്രങ്ങള്‍ ക്യാമറയിലുണ്ടായിരുന്നു. ചിത്രങ്ങള്‍ നോക്കി ഡബ്ല്യു.ഡബ്ല്യൂ. എഫ്. സംഘം ഇവയെ കുറിച്ച് പഠനം നടത്തിവരുന്നു. ഇതിനിടയില്‍ മുത്തങ്ങയില്‍ സ്ഥാപിച്ച ആറു ക്യാമറകളില്‍ ഒന്ന് കാട്ടാന തകര്‍ക്കുകയും ചെയ്തു.

വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ചിലാണ് പരീക്ഷണങ്ങള്‍ നടത്തി വിജയകരമാക്കിയത്. കര്‍ണാടകയുടെ ബന്ദിപ്പൂര്‍ വന മേഖലയും, തമിഴ്‌നാടിന്റെ മുതുമല വന്യജീവി സങ്കേതവും ഈ റെയ്ഞ്ചിനോട് ചേര്‍ന്നാണ് കിടക്കുന്നത്. ഇവിടം എല്ലാ തരത്തിലുമുള്ള അപൂര്‍വ വന്യജീവികളാലും സമ്പന്നമാണ്. ആവശ്യമായ തീറ്റയും വാസ കേന്ദ്രവും മുത്തങ്ങയെ മറ്റു വന്യജീവി സങ്കേതങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. കൂടാതെ ഇവിടത്തെ ജൈവ വൈവിധ്യം പ്രാധാന്യം അര്‍ഹിക്കുന്നതുമാണ്.

കരിമ്പുലികളില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുന്ന ആദ്യ ദൗത്യം 2000ല്‍ മുത്തങ്ങയിലാണ് തുടങ്ങിയത്. നേരത്തേ പുലികളില്‍ ഇതു ചെയ്തിരുന്നുവെങ്കിലും കരിമ്പുലികളില്‍ കേരളത്തില്‍ ആദ്യത്തെ പരീക്ഷണം ഇവിടെയാണ് നടന്നത്. ബത്തേരിക്കടുത്ത ബീനാച്ചി എസ്റ്റേറ്റില്‍ നിന്നും പിടികൂടിയ കരിമ്പുലിയിലായിരുന്നു ഇത്. ഇത് വിജയകരമാകുകയും ചെയ്തു. ഏകദേശം ഒരു വര്‍ഷത്തോളം ഇതിന്റെ ട്രാന്‍സ്മിറ്ററില്‍ നിന്നും സിഗ്‌നലുകള്‍ കിട്ടിക്കൊണ്ടിരുന്നു. 2000 ഡിസംബര്‍ 12നായിരുന്നു പരീക്ഷണം. ഇതിന് ശേഷം രോഗം വന്ന കാട്ടാനകളെ മയക്കുവെടിവെച്ച് വീഴ്ത്തി ചികിത്സ നടത്തുന്ന പദ്ധതിയും പലപ്പോഴായി നടന്നു. ഇതില്‍ ചിലത് വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്തു.

കടുവ സെന്‍സസിന്റെ പേരില്‍ 2007 മെയ് മാസം തോലെ്പട്ടിയില്‍ ഒളിക്യാമറവെച്ച് കുടുവയടക്കമുള്ള മൃഗങ്ങളുടെ കണക്കെടുപ്പിന് തുടക്കം കുറിച്ചു. ഈ ഒളിക്യാമറ പദ്ധതി വനംവകുപ്പിന് വന്‍നേട്ടമായിരുന്നു. ക്യാമറയില്‍ കടുവയും പുലിയും കരടിയും ഏറെയത്തി കടുവയുടെ ചിത്രങ്ങളിലെ വ്യത്യസ്തത ഗവേഷണത്തിന് വിധേയമാക്കാനും കഴിഞ്ഞു.

2007ല്‍ തന്നെ മുത്തങ്ങയില്‍ വനംവകുപ്പിന്റെ ആനകളെക്കൊണ്ട് ശല്യക്കാരായ കാട്ടാനകളെ മെരുക്കുന്ന പദ്ധതിക്കും രൂപം നല്‍കിയിരുന്നു. ഇതും ഏറെ വിജയകരമായി.

2011 ജൂണില്‍ ശല്യക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ കാട്ടാനകളില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന പദ്ധതിക്ക് വിജയകരമായ തുടക്കം കുറിച്ചു. ഡബ്ല്യു.ഡബ്ല്യു. എഫിന്റെ സഹായത്തോടെ നടപ്പാക്കിയ പദ്ധതി തുടക്കത്തില്‍ വിജയകരമായിരുന്നു. എന്നാല്‍ പിന്നീട് ഒറ്റയാന്‍ അതിസാഹസികമായി കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളര്‍ ഊരി എറിഞ്ഞു. ആദ്യം ഒറ്റയാന്റെ നീക്കം അറിഞ്ഞ് കൃഷിയിടത്തില്‍ ഇറങ്ങുന്നതില്‍ നിന്നും തടയാന്‍ കഴിഞ്ഞു.

ഒളിക്യാമറയിലെ ചിത്രങ്ങള്‍ ശേഖരിക്കുന്നതും വന്യജീവി പഠനം നടത്തുന്നതും ഡബ്ല്യൂ. ഡബ്ല്യൂ.എഫിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ്.

26 Aug 2011 mathrubhumi wayanad news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക