.

.

Saturday, August 20, 2011

നാല് കാട്ടാനകള്‍ മിന്നലേറ്റ് ചരിഞ്ഞു

റാന്നി വനം ഡിവിഷനിലെ ഗൂഡ്രിക്കല്‍ റെയിഞ്ചില്‍പ്പെട്ട വരയാടിന്‍കൊക്ക വനത്തില്‍ രണ്ടുകുട്ടിയാനയടക്കം നാലുകാട്ടാനകള്‍ഇടിമിന്നലേറ്റ് ചരിഞ്ഞു. ബുധനാഴ്ച രാത്രിയാണ് കാട്ടാനകള്‍ക്ക് മിന്നലേറ്റതെന്ന് കരുതുന്നു. ചരിഞ്ഞതില്‍ ഒന്നും രണ്ടും 25ഉം വയസ്സുള്ള മൂന്ന് മോഴയാനകളും 30 വയസ്സുള്ള ഒരു പിടിയാനയുമാണ് ഉള്‍പ്പെടുന്നത്. വരയാടിന്‍കൊക്ക പുല്‍മേടിന്റെ മുകള്‍ ഭാഗത്ത്‌വച്ച് മിന്നലേറ്റ കാട്ടാനകള്‍ അമ്പത് മീറ്ററോളം താഴേക്ക് നിരങ്ങി വന്ന നിലയിലാണ് ജഡം കണ്ടെത്തിയത്. രണ്ട് കുട്ടിക്കൊമ്പന്‍മാരുടെയും ഒരുപിടിയാനയുടെയും ജഡം ഒന്നിച്ചും മോഴയാനയുടെ ജഡം അല്പം അകലെയുമാണ് കിടന്നിരുന്നത്. ഇവ ഒരു സംഘമായി മേഞ്ഞുനടക്കുന്നതിനിടെയാണ്മിന്നലേറ്റതെന്ന് കരുതുന്നു.

വെള്ളിയാഴ്ച രാവിലെ പട്രോളിങ്ങിനെത്തിയ വനം വകുപ്പ് വാച്ചര്‍മാരാണ് കാട്ടാനകളുടെ ജഡം കണ്ടെത്തി യത്.പെരിയാര്‍ കടുവ സംരക്ഷണകേന്ദ്രവും ആനസംരക്ഷണ കേന്ദ്രമായ ഗൂഡ്രിക്കല്‍ വനമേഖലയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഇവിടം വരയാടുകളുടെ കേന്ദ്രം കൂടിയാണ്.ബുധനാഴ്ച രാത്രി ഈ പ്രദേശത്ത് അതിശക്തമായ മിന്നലുണ്ടായതായി സമീപസ്ഥലമായ കൊച്ചുപമ്പയിലുള്ള നാട്ടുകാരുംവനപാലകരും പറയുന്നു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ റാന്നി ഡി.എഫ്.ഒ. കമല്‍ഹാര്‍, ഗൂഡ്രിക്കല്‍ റെയിഞ്ച് ഓഫീസര്‍ ടി.എ ജോസ് ,ഡെപ്യൂട്ടിറെയിഞ്ചര്‍മാരായ ബാബുരാജ പ്രസാദ്, സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ശനിയാഴ്ച പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ജഡങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടംനടത്തി സംഭവസ്ഥലത്തുതന്നെ സംസ്‌കരിക്കും. ഈ റേഞ്ചില്‍ ഇതാദ്യമായാണ് ഇത്രയധികം കാട്ടാനകള്‍ ഇടിമിന്നലേറ്റ് ചരിയുന്നത്. മുമ്പ് വൈദ്യുതാഘാതമേറ്റ് ഇവിടെ കാട്ടാനക്കൂട്ടം കൊല്ലപ്പെട്ടിട്ടുണ്ട്.

Posted on: 20 Aug 2011
Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക