.

.

Friday, August 5, 2011

ചെണ്ടുമല്ലി വിളവെടുപ്പ് സജീവമായി

സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തിയിലെ കര്‍ണാടക ഗ്രാമങ്ങളില്‍ ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ് സജീവമായി. ഇത്തവണത്തെ വില മെച്ചമാണെങ്കിലും ചെടിയെ ബാധിച്ച ഇലകരിച്ചില്‍ രോഗം കൂടുതല്‍ തവണത്തെ വിളവെടുപ്പിന് ഭീഷണി ഉയര്‍ത്തുന്നു.ഒരു കൃഷിയില്‍ നിന്നും നേരത്തെ എട്ടുപത്ത് തവണ വിളവെടുക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഇത്തവണ ചെടിയില്‍ പ്രത്യക്ഷപ്പെട്ട ഇലകരിച്ചില്‍ കര്‍ഷകരെ ആശങ്കയിലാക്കുന്നു.

എന്നാലും കമ്പനികള്‍ ഇപ്പോള്‍ ഉയര്‍ന്ന വിലയാണ് കര്‍ഷകന് നല്‍കുന്നത്. ഒരു കിലോയ്ക്ക് 5.25 രൂപവരെ ലഭിക്കുന്നു. കൃഷിയിറക്കുന്ന കാലത്ത് കമ്പനികള്‍ പ്രഖ്യാപിച്ചിരുന്നത് 4.25 രൂപയായിരുന്നു. വിളവെടുപ്പായപ്പോള്‍ ഒരു രൂപ കൂടുതല്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ അവര്‍ തയ്യാറായി.എ.വി.ടി. അടക്കമുള്ള കമ്പനികളാണ് കര്‍ഷകരുടെ പാടത്ത് വന്ന് പൂവ് വാങ്ങി കൊണ്ടുപോകുന്നത്.

വിത്തും കീടനാശിനിയും ഇവര്‍ മുന്‍കൂറായി നല്‍കും. വന്‍കിട കമ്പനികള്‍ രംഗത്തുള്ളത് കര്‍ഷകര്‍ക്ക് ആശ്വാസവുമാണ്. കഴിഞ്ഞവര്‍ഷം ഒരു കിലോ പൂവ് കമ്പനികള്‍ വാങ്ങിയിരുന്നത് നാല് രൂപവയില്‍ താഴെ വില നല്‍കിയായിരുന്നു.ദേശീയപാതയില്‍ വനപാത കഴിയുന്നതോടെ റോഡിന്റെ ഇരുവശങ്ങളിലും ചെണ്ടുമല്ലി പൂപ്പാടങ്ങളാണ്. വേനല്‍മഴ കര്‍ഷകര്‍ക്ക് അനുഗ്രഹമായിരുന്നു. ഇപ്പോള്‍ പെയ്യുന്ന മഴയയാണ് ഇലകരിച്ചില്‍ രോഗത്തിന് കാരണമായതെന്ന് സംശയിക്കുന്നു.

അതിര്‍ത്തികഴിഞ്ഞുള്ള മദൂര്‍ മുതല്‍ കക്കല്‍തുണ്ടി, വേരമ്പാടി, ചെമ്മല്ലിപുര, ഗോപാല്‍പുര, മദുനുണ്ടി തുടങ്ങി സമീപ ഗ്രാമങ്ങളിലായി നൂറുകണക്കിന് ഹെക്ടര്‍ സ്ഥലത്താണ് ചെണ്ടുമല്ലി കൃഷിയുള്ളത്. ഇത്തവണ ഓണം വൈകിയതും ചെണ്ടുമല്ലിപ്പൂവ് വിളവെടുപ്പ് സജീവമായതും ഓണത്തിന് പൂ ക്ഷാമത്തിന് കാരണമായേക്കും. കമ്പനികള്‍ക്ക് പൂവ് കൊടുക്കുന്നത് 5.25 രൂപയ്ക്കാണെങ്കിലും അലങ്കാരാവശ്യത്തിനായി ഒരു കിലോ പൂവ് കിട്ടണമെങ്കില്‍ പത്ത് രൂപ നല്‍കണം.

പൂവ് ഏറ്റവും കൂടുതല്‍ കിട്ടുന്ന അവസരത്തില്‍ വിലയിതാണെങ്കില്‍ വിളവെടുപ്പുകാലം ഏതാണ്ട് അവസാനിക്കുന്ന സപ്തംബറില്‍ വില കൂടാനാണ് സാധ്യത. ചെണ്ടുമല്ലി പൂവ് വിളവെടുപ്പുകാലം ടൂറിസ്റ്റുകളെയും ഇവിടേക്ക് എത്തിക്കുന്നു. ദേശീയപാത വഴിയുള്ള യാത്രികര്‍ക്ക് ഗുണ്ടല്‍പേട്ടയിലെ ചെണ്ടുമല്ലിപ്പാടങ്ങള്‍ മനോഹരമായ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്.


05 Aug 2011 Mathrubhumi wayanadu news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക