.

.

Thursday, August 25, 2011

താടിക്കഴുകന്‍മാര്‍ തിരിച്ചു വരുന്നു

ഇന്ത്യയില്‍ കഴുകന്‍മാരുടെ സംഖ്യ ആശങ്കാജനകമാംവിധം കുറയുന്നതിനിടെ, താടിക്കഴുകന്‍മാരുടെ ഇരുന്നൂറോളം വരുന്ന കൂട്ടത്തെ ഹിമാചല്‍ പ്രദേശിലെ വിദൂര ജില്ലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട വിവരമാണിതെന്നും, ഇക്കാര്യം വന്യജീവിസംരക്ഷണ അധികൃതര്‍ സ്ഥിരീകരിക്കാന്‍ പോകുന്നതേയുള്ളുവെന്നും സംസ്ഥാന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിനയ് ടാന്‍ഡന്‍ അറിയിച്ചു.

ചൈന-ഇന്ത്യ അതിര്‍ത്തിയിലെ ഹിമാലയന്‍ മേഖലയിലാണ് താടിക്കഴുകന്‍മാര്‍ (Lammergeiers) കാണപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന വിതാനത്തില്‍ ഇത്രയും വലിയ കൂട്ടത്തെ കണ്ടെത്തിയെന്ന വാര്‍ത്ത പക്ഷിസ്‌നേഹികളെ ആവേശഭരിതരാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ കാണപ്പെടുന്ന അഞ്ചിനം കഴുകന്‍മാരില്‍ നാലും കടുത്ത ഉന്‍മൂലന ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഈ കണ്ടെത്തലിന് പ്രധാന്യമേറെയാണ്.

ഹിമാചല്‍ പ്രദേശില്‍ വിദൂരജില്ലയിലെ ലാഹോള്‍-സ്​പിറ്റിയിലാണ് താടിക്കഴുകന്‍മാരുടെ കൂട്ടത്തെ കണ്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നീളമേറിയ ചിറകുകളുള്ള ഈ പക്ഷികള്‍, കൊത്തിയെടുത്ത എല്ലുകള്‍ പറക്കുന്നതിനിടെ പാറകള്‍ക്ക് മേലിട്ട് പൊട്ടിച്ച്, എല്ലിനകത്തെ മജ്ജ കഴിക്കുന്ന ബുദ്ധിമാന്‍മാരാണ്. ലോകത്താകെ രണ്ടായിരത്തിനും പതിനായിരത്തിനും ഇടയില്‍ താടിക്കഴുകന്‍മാര്‍ അവശേഷിക്കുന്നു എന്നാണ് കണക്ക്.

ഇന്ത്യയുള്‍പ്പടെ ദക്ഷിണേഷ്യന്‍ മേഖലയില്‍ കഴുകന്‍മാരുടെ നാശത്തിനിടയാക്കിയത്, കന്നുകാലികള്‍ക്ക് നല്‍കുന്ന വേദനസംഹാരിയായ 'ഡിക്ലോഫെനാക്' ആണ്. ഈ മരുന്നു നല്‍കിയ കാലികളുടെ മാംസം കഴിക്കുന്ന കഴുകന്‍മാര്‍ക്ക് പുനരുത്പാദനത്തിനുള്ള ശേഷി നഷ്ടപ്പെടുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഒന്നര പതിറ്റാണ്ടിനിടെ ഈ മേഖലയില്‍ കഴുകന്‍മാര്‍ വന്‍തോതില്‍ നശിച്ചത്.

ഈ ഔഷധം മൂലം താടിക്കഴുകന്‍മാര്‍ക്ക്, പക്ഷേ വലിയ കുഴപ്പമുണ്ടായില്ല എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. എങ്കിലും അവയുടെ സംഖ്യയും ഇന്ത്യയില്‍ വന്‍തോതില്‍ കുറയുകയായിരുന്നു.

കഴുകന്‍മാരുടെ നാശം പാഴ്‌സികളെപ്പോലുള്ള ജനവിഭാഗങ്ങള്‍ക്ക് അവരുടെ പരമ്പരാഗതമായ ശവസംസ്‌ക്കാരചടങ്ങുകള്‍ പോലും നടത്താന്‍ പറ്റാത്ത സ്ഥിതിയുണ്ടാക്കിയിട്ടുണ്ട്. മരിച്ചയാളുടെ ജഢം മതപരമായ ചടങ്ങുകളോടെ, ശ്മശാനത്തില്‍ കഴുകന്‍മാര്‍ക്ക് തിന്നാന്‍ നല്‍കുകയാണ് പാഴ്‌സികളുടെ പതിവ്. നൂറ്റാണ്ടുകളായി നിലനിന്ന ഈ രീതി കഴുകന്‍മാരുടെ എണ്ണം കുറഞ്ഞതോടെ അസാധ്യമായി.

കഴുകന്‍മാരുടെ അഭാവത്തില്‍, മുംബൈ പോലുള്ള നഗരങ്ങളിലെ ശ്മശാനങ്ങളില്‍ ശവം വേഗം ദ്രവിച്ചു നശിക്കാനായി, ഗ്ലാസ് ദര്‍പ്പണങ്ങള്‍ ഉപയോഗിച്ച് അതിലേക്ക് സൂര്യപ്രകാശം പതിപ്പിക്കുന്ന രീതി തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

താടിക്കഴുകന്‍മാരുടെ വലിയൊരു കൂട്ടത്തെ കണ്ടെത്തി എന്നതുകൊണ്ട്, സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ അമാന്തം പാടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം, നടപടികളില്‍ ശക്തമാക്കിയില്ലെങ്കില്‍ പത്ത് വര്‍ഷത്തിനകം അവസാനത്തെ കഴുകനും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്ന് അപ്രത്യക്ഷമാകും- ബേര്‍ഡ് ഇന്റര്‍നാഷണല്‍ വക്താവ് ക്രിസ് ബൗഡെന്‍ പറയുന്നു.

Mathrubhumi News Special

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക