.

.

Wednesday, November 30, 2011

പഴശ്ശിപാര്‍ക്കും കുടീരവും അവഗണനയില്‍

 മാനന്തവാടി: നാടൊട്ടുക്കും വീരകേരള വര്‍മ പഴശ്ശിരാജാവിന്റെ 206-ാം ചരമവാര്‍ഷികം ബുധനാഴ്ച ആചരിക്കുമ്പോഴും അവഗണനയുടെ വക്കിലാണ് പഴശ്ശിപാര്‍ക്കും പഴശ്ശികുടീരവും. ടൂറിസംമേഖലയ്ക്ക് അനന്തസാധ്യതകള്‍ നല്‍കുന്ന ഈ രണ്ടു കേന്ദ്രങ്ങളെയും അധികൃതര്‍ പാടെ മറന്ന മട്ടിലാണ്.

കാടുകയറി മൂടിയ നിലയിലാണ് പഴശ്ശിപാര്‍ക്ക്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ സഞ്ചാരികളും എത്താറില്ല. വിരലിലെണ്ണാവുന്നവര്‍മാത്രമാണ് ഇപ്പോള്‍ പഴശ്ശിപാര്‍ക്ക് സന്ദര്‍ശിക്കുന്നത്. നാലേക്കറിലധികം വരുന്ന പാര്‍ക്ക് പലവിധ ഔഷധസസ്യങ്ങളാലും അക്കേഷ്യ, മുക്കാളി തുടങ്ങി നാനൂറ്റിഎണ്‍പതോളം വരുന്ന മരങ്ങളാലും നിബിഡമാണ്. മൂന്നുവശവും കബനിനദിയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഒരുവശത്തുകൂടെ ഹൈവേ കടന്നുപോകുന്നു. പാര്‍ക്കിനെ അധികൃതരും മറന്നിരിക്കുകയാണ്.

ഡി.ടി.പി.സി.യുടെ മൂന്ന് ജീവനക്കാരും കുടുംബശ്രീ ക്ലീന്‍ ഡെസ്റ്റിനേഷന്‍ പദ്ധതിയില്‍ ജോലിചെയ്യുന്ന മൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരുമാണ് ഇപ്പോള്‍ പാര്‍ക്ക് സംരക്ഷിക്കുന്നത്. ഇടിഞ്ഞുപൊളിഞ്ഞ ഓഫീസും പൊട്ടിപ്പൊളിഞ്ഞ വയറിങ്ങും കാടുകയറിയ പ്രവേശനകവാടവും പാര്‍ക്കിന്റെ ദൈന്യതയാണ് വിളിച്ചോതുന്നത്. ഇപ്പോള്‍ ജോലിചെയ്യുന്ന ആറ് ജീവനക്കാരുടെ സ്വന്തം താല്പര്യത്താലാണ് പാര്‍ക്ക് ഇങ്ങനെയെങ്കിലും പ്രവര്‍ത്തിക്കുന്നത്. സഞ്ചാരികള്‍ക്ക് ഇരിപ്പിടസൗകര്യമോ കുടിവെള്ളമോ ലഭ്യമല്ല. കുട്ടികളുടെ പാര്‍ക്ക് അക്വേറിയം മുതലായവ വികസിപ്പിച്ചെടുത്താല്‍ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ സാധിക്കും. ആളനക്കമില്ലാത്തതിനാല്‍ പാര്‍ക്ക് ഇന്ന് വവ്വാലുകളുടെ ആവാസകേന്ദ്രമായിരിക്കുകയാണ്.

അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയിലാണ് പഴശ്ശികുടീരം. ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒട്ടേറെ ഉപകാരപ്രദമായ കാര്യങ്ങള്‍ പഴശ്ശികുടീരത്തിലും അതിനോടനുബന്ധിച്ച് നടത്തുന്ന മ്യൂസിയത്തിലും ഉണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ തുലോം കുറവാണ്.

പഴശ്ശികുടീരത്തിന് ചുറ്റുമായുള്ള ഭിത്തിയില്‍ ആലേഖനംചെയ്തിട്ടുള്ള ടെറാക്കോട്ട ചിത്രങ്ങള്‍ പഴശ്ശി സമരചരിത്രത്തെക്കുറിച്ചും നമ്മുടെ കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ചും വൈദേശികാധിപത്യത്തെപ്പറ്റിയും വ്യക്തമായ ചിത്രങ്ങള്‍ നല്‍കുന്നു. പഴശ്ശി സമരചരിത്രത്തെക്കുറിച്ചും ചരിത്രാതീതകാലം കോളനിവാഴ്ച, പെരുമാള്‍കാലം, സുല്‍ത്താന്‍ വാഴ്ചക്കാലം, വയനാട് ചരിത്രം ഇരുമ്പുയുഗം, ചേരനാണയങ്ങള്‍, ടിപ്പുസുല്‍ത്താന്റെ നാണയങ്ങള്‍, കണ്ണൂര്‍ ആലിരാജാവിന്റെ നാണയങ്ങള്‍ തുടങ്ങി വൈവിധ്യമേറിയ അറിവുകളാണ് മ്യൂസിയം നല്‍കുന്നത്. ഇത് ചരിത്രാന്വേഷികള്‍ക്കും ഗവേഷണവിദ്യാര്‍ഥികള്‍ക്കും ഏറെ സഹായകമാണ്. മ്യൂസിയം ആദിവാസികളുടെ ജീവിതത്തെക്കുറിച്ചും അവരുടെ പാരമ്പര്യ ഉപകരണങ്ങളെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നു. മ്യൂസിയത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ഉതകുന്ന രീതിയില്‍ ഒരു സെമിനാര്‍ ഹാള്‍ നിര്‍മിച്ച് കൂടുതല്‍ ഫലവത്താക്കാന്‍ സാധിക്കുമെങ്കിലും അധികൃതര്‍ ഇതിനൊന്നും തയ്യാറാവുന്നില്ല.

ജീവനക്കാരുടെ അഭാവമാണ് പഴശ്ശി കുടീരത്തിന്റെ പ്രധാനപ്രശ്‌നം. മൂന്ന് സ്ഥിരം ജീവനക്കാരും മൂന്ന് താത്കാലിക ജീവനക്കാരുമാണ് ഇവിടെ ജോലിചെയ്യുന്നത്. കാര്യമായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ കുടീരം കാടു കയറി മൂടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കുടീരം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഇരിപ്പിടങ്ങള്‍ ഇല്ല. പഴശ്ശി മ്യൂസിയം തുറന്നിട്ട് ബുധനാഴ്ച ഒരു വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ സഞ്ചാരികളില്‍ നിന്നും ടിക്കറ്റ് ഈടാക്കിയിട്ടില്ല. ഒരു ചെറിയ തുക വകയിരുത്തിയാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സഹായകമാവും.

പഴശ്ശി കുടീരത്തിന് മാത്രമായി പ്രവേശനകവാടമില്ലാത്തത് പ്രശ്‌നം സൃഷ്ടിക്കുന്നു. കുടീരത്തിന് സമീപമുള്ള ജില്ലാ മെഡിക്കല്‍ ഓഫീസിലും കുടീരത്തിനുമായി ഒരു പ്രവേശന കവാടമാണുള്ളത്. വിലപിടിപ്പുള്ള വസ്തുക്കള്‍ സംരക്ഷിക്കാന്‍, പ്രവേശന സമയം കഴിഞ്ഞാല്‍ എന്നും അടച്ചിടാന്‍ പര്യാപ്തമായ ഒരു പ്രവേശന കവാടം ആവശ്യമാണ്. ദിനംപ്രതി ആയിരത്തോളം സഞ്ചാരികളാണ് പഴശ്ശി കുടീരത്തില്‍ എത്താറുള്ളത്. വാഹനപാര്‍ക്കിങ്ങിന് കൃത്യമായ സ്ഥലമില്ല. ഇടുങ്ങിയ ആസ്​പത്രിറോഡിലൂടെ വലിയ വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ ഇവിടെ ഗതാഗതക്കുരുക്കും നിത്യസംഭവമാണ്.

വിനോദസഞ്ചാരികളും ചരിത്രാന്വേഷികളും ശ്രദ്ധിക്കത്തക്ക രീതിയില്‍ പോസ്റ്റോഫീസിന് സമീപത്തായി വലിയ ഒരു പ്രവേശനകവാടം സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Posted on: 30 Nov 2011 Mathrubhumi wayanad News.    

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക