.

.

Wednesday, October 5, 2011

നട്ടെല്ലില്ലാ ജീവികളുടെ കൗതുക കാഴ്ചകളുമായി ഫോട്ടോ പ്രദര്‍ശനം

അക്കങ്ങള്‍ ശരീരത്തില്‍ തെളിഞ്ഞുകാണുന്ന പുല്‍ച്ചാടി, മത്‌സ്യത്തിന്റെ തല മരച്ചില്ലയിലേക്ക് ഉയര്‍ത്തിയെടുക്കുന്ന പുളിയുറുമ്പുകള്‍, നിശാശലഭത്തിന്റെ പരിണാമഘട്ടങ്ങള്‍ തുടങ്ങി അനേകം കൗതുകക്കാഴ്ചകളുടെ സംഗമസ്ഥാനമാവുകയാണ് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മേഖല കേന്ദ്രം. നട്ടെല്ലില്ലാ ജീവികളുടെ ശൃംഖലയില്‍ വിപുലമായ ശ്രേണി സൃഷ്ടിച്ചിട്ടുള്ള ഷട്പദങ്ങളുടെയും ചിലന്തികളുടെയും ദൃശ്യങ്ങള്‍ ഒരുക്കിയ വന്യജീവി ഫോട്ടോപ്രദര്‍ശനത്തിലാണ് ദൃശ്യ വിരുന്ന് ഒരുക്കിയിട്ടുള്ളത്.

വര്‍ണാഭമായ പൂമ്പാറ്റകള്‍, തുമ്പികള്‍, നിശാശലഭങ്ങള്‍, ചാഴി വര്‍ഗത്തില്‍പ്പെട്ട വര്‍ണജീവികള്‍, ക്ഷുദ്രജീവികള്‍, കടന്നലുകള്‍, തേനീച്ചകള്‍, ഈച്ചകള്‍, വണ്ടുകള്‍, പുല്‍ച്ചാടികള്‍, ഉറുമ്പുകള്‍, ചിലന്തികള്‍, ഇരുട്ടത്ത് തിളങ്ങുന്ന അപൂര്‍വ വണ്ടുകള്‍ തുടങ്ങി 400 ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആദ്യമായാണ് പതിവ് മേഖലകള്‍ വിട്ട് നട്ടെല്ലില്ലാ ജീവികളുടെ ഫോട്ടോ പ്രദര്‍ശനം മത്സരത്തിലൂടെ നടത്തിയത്.

ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത മത്സരത്തില്‍ 650 ഫോട്ടോകള്‍ 216 പേരില്‍ നിന്നായി ലഭിച്ചതായി കേന്ദ്ര അഡീഷണല്‍ ഡയറക്ടര്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു. ഇതില്‍ 250 എണ്ണം പ്രാഥമിക പരിശോധനയില്‍ അയോഗ്യമായി. അവശേഷിക്കുന്നവയാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. തായ്‌ലന്‍ഡില്‍ നിന്നും യു. എ. ഇയില്‍ നിന്നുമുള്ള ഓരോ ഫോട്ടോകളുമുണ്ട്.

പല്ലിയെ വിഷം കുത്തിവെച്ച് ചിലന്തി കൊലപ്പെടുത്തുന്ന രംഗം പകര്‍ത്തിയ തിരുവനന്തപുരം സ്വദേശി ദേവദാസിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ക്ഷുദ്രജീവിയായ ഒരു വണ്ടിനെ ഒരു പാറ്റ നേരിടുന്ന രംഗം പകര്‍ത്തിയ തിരുവനന്തപുരം സ്വദേശി സി. എസ്. സുനില്‍കുമാര്‍ രണ്ടാം സ്ഥാനവും മത്തന്‍വള്ളിയില്‍ ചിറക്‌വിരിച്ചിരിക്കുന്ന തുമ്പിയുടെ ചിത്രമെടുത്ത എറണാകുളം സ്വദേശി അജയ്കുമാര്‍ ചെറായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യഥാക്രമം 5000, 3000, 2000 രൂപയും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റുമാണ് ഇവര്‍ക്കുള്ള സമ്മാനം. തിങ്കളാഴ്ച ജാഫര്‍ഖാന്‍ കോളനി റോഡിലെ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മേഖല കേന്ദ്രത്തില്‍ ആരംഭിച്ച ഫോട്ടോ പ്രദര്‍ശനം ഈമാസം 14 വരെ സൗജന്യമായി പൊതുജനത്തിന് കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

05.10.2011 Mathrubhumi Kozhikkod News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക