വെള്ളമുണ്ട: മഴ മാറിയതോടെ വയനാടിന്റെ ഹരിതഭംഗിയിലേക്ക് ശലഭങ്ങള്‍ കൂട്ടത്തോടെ വിരുന്നുവന്നു. നൂറുകണക്കിന് അപൂര്‍വ ചിത്രശലഭങ്ങളാണ് ആറളം ചന്ദനത്തോട് വഴി വയനാടന്‍ മണ്ണിലേക്ക് പറന്നെത്തുന്നത്. നീലഗിരി ജൈവമണ്ഡലത്തില്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ട ശലഭവഴിയാണിത്. ജീന്‍പൂള്‍ മേഖലയില്‍ സുഗന്ധം പരത്തി വിരിഞ്ഞുനില്‍ക്കുന്ന കാട്ടുപൂക്കളില്‍ ആകര്‍ഷിക്കപ്പെട്ടാണ് ഇവ വര്‍ഷങ്ങളായി മുടങ്ങാതെ വിരുന്നിനെത്തുന്നത്.
അപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന ഭാക്കില ശലഭം മുതല്‍ ജ്വാലശലഭങ്ങള്‍ വരെ വയനാടന്‍ വനാന്തരങ്ങളില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. വയല്‍ശലഭം, നീലക്കടുവ, തുഷാരശലഭം, കാട്ടുപുള്ളിപ്പൊട്ടന്‍ എന്നിവയും ധാരാളമായെത്തുന്നു. കഴിഞ്ഞവര്‍ഷം ഹ്യൂ സെന്റര്‍, വനം-വന്യജീവി വകുപ്പുമായി ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ 197 ഇനം ശലഭങ്ങളെയാണ് വയനാട്ടില്‍ കണ്ടെത്തിയത്. ചെതലയം, മരഗദ്ദ, ബേഗൂര്‍, പേര്യ, ചന്ദനത്തോട്, ബ്രഹ്മഗിരി മലനിരകളിലും വയലോരങ്ങളിലും ഇവ ദിവസങ്ങള്‍ മാത്രം സാന്നിധ്യമറിയിച്ച് പിന്‍വാങ്ങുകയാണ് പതിവ്.
52 ഇനം തുള്ളന്‍, 34 തരം നീലി, 17 തരം കിളിവാലന്‍, 23 തരം പുള്ളിപ്പൊട്ടന്‍ എന്നിവയെ 56 അംഗ ഗവേഷകര്‍ നേരിട്ട് കണ്ടെത്തുകയായിരുന്നു. 66 തരം നിംഫാലിന്‍ ഇതില്‍ വേറിട്ട കാഴ്ചയായി. 149 തരം വര്‍ണ പൂമ്പാറ്റകള്‍ വടക്കേ വയനാട് ഡിവിഷനിലും 141 തരം ഇനങ്ങളെ വയനാട് വന്യജീവി സങ്കേതത്തിലും കണ്ടെത്തി.
പേര്യ, ചന്ദനത്തോട് ജീന്‍പൂള്‍ മേഖലയാണ് ചിത്രശലഭങ്ങളുടെ പ്രധാന കേന്ദ്രം. കണ്ണൂര്‍ ജില്ലയിലെ ആറളത്തോട് ചേര്‍ന്നുള്ള താഴ്‌വാരമാണ് ഇവയുടെ പ്രിയപ്പെട്ട ഇടം.
സപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ചിത്രശലഭങ്ങളുടെ ദേശാടനം. പെരുമഴ കഴിഞ്ഞ് വസന്തം വരുന്നതോടെ പൂക്കളുടെയും പൂമ്പാറ്റകളുടെയും പ്രിയഇടമായി മാറുകയാണ് വയനാട്. തുമ്പികളും ഇവയോടൊപ്പം വയലുകളില്‍ നിറയുമ്പോള്‍ കാഴ്ചയുടെ ഒരു വസന്തമാണ് കണ്‍മുന്നില്‍ വിരിയുന്നത്. ബട്ടര്‍ഫ്‌ളൈ പാര്‍ക്ക് തുടങ്ങി ചിത്രശലഭങ്ങളുടെ ഈ വിരുന്നുകാഴ്ചകള്‍ ആഘോഷിക്കാന്‍ പദ്ധതി തയ്യാറാക്കി വരികയാണ്‌വനം- വന്യജീവിവകുപ്പ്.
Mathrubhumi wayanad News 05.10.2011
No comments:
Post a Comment