.

.

Saturday, October 8, 2011

അതിര്‍ത്തിയിലെ രാത്രിയാത്രാ നിരോധനസമയം നീട്ടി

മൈസൂര്‍: ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രിയാത്രാ നിരോധനത്തിന്റെ സമയം 9 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി ദീര്‍ഘിപ്പിച്ചു. കഴിഞ്ഞ ദിവസം ഗുണ്ടല്‍പ്പേട്ടിനടുത്ത് ഒരു കുട്ടിയാന ചരക്ക് ലോറി ഇടിച്ച് ചെരിഞ്ഞതിനെ തുടര്‍ന്നാണ് നിരോധന സമയം നീട്ടിയത്. ബന്ദിപ്പൂര്‍ വനമേഖലയില്‍ ചരക്ക് ലോറിയിടിച്ചാണ് കുട്ടിയാന ചെരിഞ്ഞത്. രാത്രി യാത്രാ നിരോധന സമയം ദീര്‍ഘിപ്പിച്ചത് കേരളത്തില്‍ നിന്ന് ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും.

ചരക്ക് ലോറിയുടെ ഡ്രൈവറായ മലയാളിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആനയെ ഇടിച്ച് തെറിപ്പിച്ച ശേഷം ലോറി നിര്‍ത്താതെ പോവുകയാണുണ്ടായത്. ബുധനാഴ്ച രാത്രി മൈസൂര്‍ സുല്‍ത്താന്‍ ബത്തേരി റൂട്ടിലായിരുന്നു സംഭവം. രാത്രി റോഡിന് തൊട്ടടുത്തുള്ള മൂളേഹോളേ നദിയില്‍നിന്ന് വെള്ളം കുടിച്ചതിനുശേഷം കാട്ടിലേക്ക് മടങ്ങുന്നതിനിടെ കോഴിക്കോട്ടുനിന്ന് ഗുണ്ടല്‍പേട്ടയിലേക്ക് പോയ ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ആനക്കുട്ടി അന്‍പത് അടിയോളം തെറിച്ചുപോയി. ശരീരഭാഗങ്ങള്‍ ഛിന്നഭിന്നമാവുകയും ചെയ്തു. ലോറിയുടെ പിന്നാലെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍ സംഭവം ഉടന്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് മധൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് െ്രെഡവറായ കോഴിക്കോട് സ്വദേശി അബ്ദുള്‍ അസീസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
08 Oct 2011 mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക