.

.

Wednesday, October 5, 2011

കൊല്ലരുത് പാടിക്കുന്നിനെ

കണ്ണൂര്‍: പ്രകൃതി കനിഞ്ഞരുളിയ അപൂര്‍വവും അമൂല്യവുമായ സമ്പത്തുകള്‍ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്ന മനുഷ്യന്റെ ചെയ്തികള്‍ക്ക് ഉദാഹരണമാണ് പാടിക്കുന്നിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. പ്രകൃതിയുടെ ആവാസവ്യവസ്ഥിതിയെ തകര്‍ക്കുന്ന രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ കൊളച്ചേരി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പാടിക്കുന്ന് കിലോമീറ്ററുകളോളം വിജനമാണ്. സമുദ്രനിരപ്പില്‍ നിന്നും 200 അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാടിക്കുന്ന് പ്രകൃതി ഭംഗികളാല്‍ ഏറെ ആസ്വാദ്യകരമാണ്. കുന്നിന്റെ താഴ്വരകള്‍ ഒരു കാലത്ത് നിബിഡവനമായിരുന്നു.

സൂര്യകിരണങ്ങള്‍ വനാന്തരങ്ങളിലെ ഭൂമിയില്‍ പതിയാത്തതരത്തില്‍ കാടുമൂടി കിടപ്പായിരുന്നു. ഇൌ കാടിനുള്ളില്‍ നരിയും പുലിയുമെല്ലാം സ്വൈര്യവിഹാരം നടത്തിയിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. മുള്ളന്‍പന്നി, കുറുക്കന്‍, കുറുനരി ഇനത്തില്‍പെട്ട നായികള്‍, മുയല്‍, കാട്ടുപന്നി തുടങ്ങിയവ ഇന്നും യഥേഷ്ടമുണ്ട്. പലവിധ പക്ഷികളും അപൂര്‍വ ഇനങ്ങളില്‍പെട്ട പൂമ്പാറ്റകളും നാനാവിധത്തിലുള്ള പാമ്പുകളും ഇഴചേര്‍ന്ന ഒരു ആവാസ വ്യവസ്ഥിതി ഇപ്പോഴും ഇവിടെ നിലനില്‍ക്കുകയാണ്. ഒൌഷധ സസ്യങ്ങള്‍ തേടി ദൂരദേശങ്ങളില്‍ നിന്നു പോലും ഇവിടെ ആളുകള്‍ എത്താറുണ്ട്.

തണലും കുളിര്‍മയും ഉള്ള കാടുകള്‍ക്കിടയില്‍ അപൂര്‍വ ഇനത്തില്‍പെട്ട നാഗവള്ളിയും ധാരാളം ഉണ്ട്. ജൈവവൈവിധ്യങ്ങളുടെ കലവറ എന്ന് വിശേഷിപ്പിക്കാവുന്ന പാടിക്കുന്നിനെ

കുളിരണിയിപ്പിച്ച് പാടീതീര്‍ഥവും ഉണ്ട്. കുന്നിന്റെ ചെരുവിലെ ഗുഹയുടെ ഇടതുവശത്തു നിന്ന് (ഗുഹാമുഖം) ഏതുകാലാവസ്ഥയിലും വറ്റാതെ ഒഴുകിയെത്തുന്ന നീരുറവയെ പഴമക്കാര്‍ ഭക്ത്യാദരപൂര്‍വ്വം വിളിച്ചതാണ് പാടീതീര്‍ഥം.

കരുമാരത്തില്ലം വകയായുള്ള അഞ്ച് സെന്റ് സ്ഥലത്താണ് ഗുഹസ്ഥിതി ചെയ്യുന്നത്. പാടീതീര്‍ഥം കുന്നിന്‍ താഴ്വാരങ്ങളിലേക്ക് ഒലിച്ചിറങ്ങി അതിമനോഹരമായ വലിയൊരു വെള്ളച്ചാട്ടമായി മാറി തോട്ടിലേക്ക് ഒഴുകുന്നു. ഇൌ വെള്ളമാണ് താഴ്വാരത്തെ കൊളച്ചേരി വയലുകളെ ജലസമ്പുഷ്ടമാക്കുന്നത്. ഇൌ വെള്ളത്തെ ആശ്രയിച്ച് ഇവിടുത്തെ കര്‍ഷകര്‍ മൂന്നുവിളവരെ കൃഷിയിറക്കാറുണ്ട്. കൊടിയ വേനലില്‍ കുടിവെള്ളമായും പ്രയോജനപ്പെടുത്തുന്നു. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം സ്വാതന്ത്യ്രസമരസേനാനിയും കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്ന വിഷ്ണുഭാരതീയന്‍ പാടീതീര്‍ഥത്തില്‍ നിമജ്ജനം ചെയ്തതായി പറയപ്പെടുന്നു.

ചരിത്രത്തിലും പ്രാധാന്യമുണ്ട് പാടിക്കുന്നിന്. കര്‍ഷക സമരങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ മൂന്ന് കമ്യൂണിസ്റ്റ് സഖാക്കളെ ബ്രിട്ടീഷ് പൊലീസ് മേധാവി റേയുടെ നേതൃത്വത്തില്‍ വെടിവച്ചു കൊന്നത് പാടിക്കുന്നിന്റെ നെറുകയില്‍ വച്ചാണ്. പാടിക്കുന്നിന്റെ വിരിമാറിനെ നെടുകെ പിളര്‍ന്ന് ജൈവ വൈവിധ്യങ്ങളുടെ കലവറയായ വനാന്തരങ്ങളിലേക്കു ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെ റോഡ് നിര്‍മാണം നടന്നു കഴിഞ്ഞു.

സ്വകാര്യവ്യക്തിയില്‍ നിന്നു മറ്റൊരു വ്യക്തി വിലയ്ക്കു വാങ്ങിയ 15 ഏക്കറോളം സ്ഥലത്താണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രതിഷേധവുമായി നിരവധി സംഘടനകളും നാട്ടുകാരും രംഗത്തെത്തി കഴിഞ്ഞു. അതേ സമയം, ജൈവ സമ്പത്തും മറ്റും പരിപാലിച്ചു കൊണ്ടുള്ള കൃഷി മാര്‍ഗങ്ങള്‍ പാടിക്കുന്നില്‍ നടപ്പിലാക്കാനാണ് തങ്ങളുടെ ശ്രമമെന്നും പ്രകൃതിക്കു ദോഷം വരുന്നതരത്തിലുള്ള ഒരു പ്രവര്‍ത്തനവും നടപ്പിലാക്കാന്‍ ഉദ്ദേശ്യമില്ലെന്നും സ്ഥലമുടമകള്‍ പറയുന്നു.

സജീവ് അരിയേരി Manoramaonline Kannur news 05.10.2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക