.

.

Sunday, October 2, 2011

ലോകം കൊതിക്കുന്ന വയലറ്റ്

മൂന്നാര്‍: ടൂറിസം രംഗത്ത് മൂന്നാറിന് ആഗോള പ്രാധാന്യം കൈവന്നിട്ട് ഏറെ വര്‍ഷങ്ങളായിട്ടില്ല. പുറം ലോകത്തിന് അത്ര സുപരിചിതമല്ലാതിരുന്ന നീലക്കുറിഞ്ഞിയും വരയാടുകളും ചന്ദനക്കാടുകളും തേയിലത്തോട്ടങ്ങളും വളരെ പെട്ടെന്നാണ് വിനോദ സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കപ്പെട്ടത്.

ഏഷ്യയിലെ മികച്ച രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമായി 2010ല്‍ മൂന്നാര്‍ മാറി. ഓണ്‍ലൈന്‍ യാത്രാ മാഗസിനായ ട്രിപ് അഡ്വഞ്ചേഴ്സ് സഞ്ചാരികള്‍ക്കിടയില്‍ നടത്തിയ വിവര ശേഖരണത്തിലാണ് മൂന്നാര്‍ ടോക്കിയോക്ക് പിന്നില്‍ രണ്ടാമതെത്തിയത്.

ഇന്ത്യയിലെ മികച്ച ഇരുപത്തഞ്ച് സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലും മൂന്നാര്‍ ഒന്നാമതായിരുന്നു. അതോടൊപ്പം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളും മൂന്നാറിനോടാണു പ്രഥമ പ്രണയം പ്രകടിപ്പിച്ചത്. ആഗോള പ്രാധാന്യമുള്ള ജൈവവ്യവസ്ഥ നിലനില്‍ക്കുന്ന മൂന്നാറുള്‍പ്പെട്ട പശ്ചിമഘട്ടത്തിന് ലോക പൈതൃക പദവി നല്‍കാനുള്ള പരിശോധനകളും വിലയിരുത്തലുകളും അന്തരാഷ്ട്ര പരിസ്ഥിതി സംരക്ഷണ സമിതിയില്‍ നടന്നുവരികയാണ്.

1980കളോടെ തന്നെ മൂന്നാറിന്റെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് നിറംവച്ചു തുടങ്ങിയിരുന്നെങ്കിലും 1994ലെ നീലക്കുറിഞ്ഞി പൂക്കാലത്തോടെയാണ് ഒരു രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രൌഡി മൂന്നാറിനു കൈവന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മിഴി തുറക്കുന്ന നീലക്കുറിഞ്ഞി 2006ല്‍ വീണ്ടും മൂന്നാറിന്റെ മലനിരകളെ വയലറ്റ് വസന്തമാക്കിയപ്പോള്‍ ആ അപൂര്‍വ സൌന്ദര്യം കാണാന്‍ രണ്ടര മാസത്തിനിടെ ഇവിടേക്ക് ഒഴുകി എത്തിയത് അഞ്ചു ലക്ഷത്തോളം സന്ദര്‍ശകരായിരുന്നു.

മനുഷ്യസ്പര്‍ശം ഏറെയൊന്നും ഏല്‍ക്കാത്ത ഇരവികുളം, വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ സാന്നിധ്യംകൊണ്ടാണ് ശ്രദ്ധ നേടുന്നത്. രാജമലയില്‍ ഇവയെ കാണാന്‍ പ്രതിദിനം ശരാശരി രണ്ടായിരം പേരാണ് എത്തുന്നത്. വനങ്ങളും ജലാശയങ്ങളും പരസ്പരം കെട്ടിപ്പുണര്‍ന്നു കിടക്കുന്ന മാട്ടുപ്പെട്ടി വന്യമൃഗങ്ങളെ അടുത്ത കാണുന്നതിനും ബോട്ടിങ്ങിനും ഏറെ പ്രശസ്തം.

ചന്ദന വനങ്ങള്‍ നിറഞ്ഞ മറയൂരും പഴങ്ങളുടെ നാടായ കാന്തല്ലൂരും ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയും വന്യമൃഗങ്ങള്‍ സ്വൈര്യവിഹാരം നടത്തുന്ന ചിന്നാറും ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങള്‍ മൂന്നാറിന്റെ വശ്യതയ്ക്ക് മാറ്റുകൂട്ടുന്നു. ആറ്റുകാട്, ലക്കം തൂവാനം വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രങ്ങളാണ്. ചിന്നക്കനാലും സൈലന്റ് വാലിയും ദേവികുളം ഗ്യാപ്പുമെല്ലാം വഴിഞ്ഞൊഴുകുന്ന പ്രകൃതി സൌന്ദര്യമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മൂന്നാറില്‍ കണ്ണന്‍ദേവന്‍ മലകളുടെ കഥ പറയുന്ന ടീ മ്യൂസിയവും ചരിത്ര കുതുകികളുടെ ആകര്‍ഷണകേന്ദ്രമാണ്.

ഒന്നേകാല്‍ നൂറ്റാണ്ടിന്റെ കുടിയേറ്റ ചരിത്രമാണ് ഈ ഹില്‍ സ്റ്റേഷനുള്ളത്. പക്ഷെ മൂന്നാറിന്റെ വിനോദസഞ്ചാര പെരുമയ്ക്കൊപ്പം ഈ ചെറുപട്ടണത്തിനു വളരാനായിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നു. ടൂറിസം വളര്‍ന്നതോടെ ഇവിടെ ഉയര്‍ന്ന ബഹുനില കെട്ടിടങ്ങളും പെരുകിയ വാഹനങ്ങളും മൂന്നാറിന്റെ കാലാവസ്ഥയെത്തന്നെ മാറ്റിമറിച്ചു. പ്ലാസ്റ്റിക് നിരോധനം നിലവിലുണ്ടെങ്കിലും പ്ലാസ്റ്റിക്കിന്റെ പിടിയില്‍തന്നെയാണിന്നും.

മൂന്നാറിന്റെ അരുവികളും നിരത്തുകളും മലിനപ്പെട്ട അവസ്ഥയിലാണ്. പ്രത്യേക മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ മൂന്നാറിനെ ഇക്കോ ടൂറിസം ടൌണ്‍ഷിപ്പായി മാറ്റുമെന്നും ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ അതോറിറ്റി രൂപീകരിക്കുമെന്നുമുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ നിലവിലുണ്ടെങ്കിലും ഇവയൊന്നും നടപ്പാവുന്നില്ല. ഇവിടെ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകള്‍ തകര്‍ന്നു തരിപ്പണമായി കിടക്കുന്നതു യാത്രക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. മൂന്നാറിന്റെ വരദാനമായ പ്രകൃതി സൌന്ദര്യം കാത്തുസൂക്ഷിക്കുംവിധം ദൂരക്കാഴ്ചയോടെയുള്ള സമീപനവും അധികൃതരുടെ ഭാഗത്തുനിന്നും ഇനിയെങ്കിലുമുണ്ടായില്ലെങ്കില്‍ അത് മൂന്നാറിന്റെ ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയാകും.

പ്രകൃതിക്ക് വലിയ ക്ഷതം ഉണ്ടാകാതെ ഇന്നും കാണാന്‍ കഴിയുന്ന പ്രദേശം മൂന്നാര്‍ തന്നെ. മൂന്നാറിന്റെ ചിത്രം ടൂറിസം മാപ്പില്‍ സ്ഥലം പിടിച്ചിട്ട് 17 വര്‍ഷം. 1994ലെ കുറിഞ്ഞി പൂവിടലിന് ശേഷമാണ് മൂന്നാറിന്റെ പ്രശസ്തി ഉയര്‍ന്നത്. 1958ലെ ദേവികുളം ബൈ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ബി.കെ. നായര്‍ക്കുവേണ്ടി ഇന്ദിരാഗാന്ധി മൂന്നാറില്‍ നടത്തിയ പ്രസംഗത്തില്‍ വര്‍ണിച്ചത് തെക്കിന്റെ കാശ്മീര്‍ എന്നാണ്.

സൌത്തിലെ ഏറ്റവും ഉയരം കൂടിയ ആനമുടി തല ഉയര്‍ത്തി നില്‍ക്കുന്നത് ഇരവികുളം നാഷനല്‍ പാര്‍ക്കിലാണ്. 8841 അടി മുതല്‍ മൂന്നാര്‍ ടൌണ്‍ 4700 അടി വരെയുള്ള താഴ്വാരം കുളിര്‍മയുടെ നാടാണ്. ഉയര്‍ന്ന മലനിരകളില്‍ കാണുന്ന നീലക്കുറിഞ്ഞിയും വരയാടും പൂമരങ്ങളും മൂന്നാറിന്റെ സവിശേഷതയാണ്. ടൌണില്‍ കെട്ടിടങ്ങള്‍ പൊങ്ങിയത് ഒഴിച്ചാല്‍ പ്രകൃതിക്ക് വലിയ ക്ഷതം ഏല്‍ക്കാത്തതാണ് മൂന്നാര്‍.

ManoramaOnline Idukki News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക