.

.

Monday, October 10, 2011

ജൈവ വൈവിധ്യ സമ്പത്തിന് ഭീഷണിയായി ആനത്തൊട്ടാവാടി

കല്പറ്റ:കേരളത്തിന്റെ ജൈവ വൈവിധ്യത്തിനും കൃഷിക്കും ഭീഷണിയായി ആനത്തൊട്ടാവാടിച്ചെടി പടരുന്നു. മൈമോല്‍സിയ( mimorsa leae) എന്ന തൊട്ടാവാടി സസ്യകുടുംബത്തില്‍ അംഗമായ ആനത്തൊട്ടാവാടിയുടെ ശാസ്ത്രീയനാമം മൈമോസ ഇന്‍വിസയെന്നാണ്.
ഇതുവരെ ഒരു ഉപയോഗവും കണ്ടെത്തിയിട്ടില്ലാത്ത ഈ ചെടിയെ കളയുടെ ഇനത്തിലാണ് സസ്യശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു സസ്യവര്‍ഗങ്ങളെ നശിപ്പിച്ച് പടര്‍ന്ന് പന്തലിക്കാന്‍ ശേഷിയുള്ള ഈ ചെടി ജൈവ വൈവിധ്യ സമ്പത്തിനും ഭീഷണിയാണ്. കാഴ്ചയില്‍ വലിയ തൊട്ടാവാടിച്ചെടിയാണെന്ന് തോന്നുന്നതിനാലാണ് ഇതിന് ആനത്തൊട്ടാവാടിയെന്ന പേരുവന്നത്.
പൂവും തൊട്ടാവാടിയുടേതുപോലെയാണ്.വടക്കേ അമേരിക്കയിലെ മെക്‌സിക്കോ ആണ് ആനത്തൊട്ടാവാടിയുടെ ജന്മദേശം. ഒന്നര പതിറ്റാണ്ടിലേറെയായി ഇവ കേരളത്തില്‍ വ്യാപകമാവാന്‍ തുടങ്ങിയിട്ട്. പുറമ്പോക്കുകളിലും റെയില്‍വേ ട്രാക്കിന്റെ വശങ്ങളിലുമൊക്കെ ഇവ ധാരാളമായി കാണാം. വയനാട്ടിലെ കൃഷിയിടങ്ങളിലേക്ക് ആനത്തൊട്ടാവാടി എത്തിയത് കര്‍ണാടകയില്‍ നിന്നാണ്.
അവിടെ നിന്നുംകൊണ്ടുവരുന്ന കാലിവളത്തിലും മറ്റും ഉള്ള ഇതിന്റെ വിത്ത് മുളച്ചാണ് കൃഷിയിടങ്ങളില്‍ പടര്‍ന്ന് പന്തലിക്കുന്നത്. കന്നുകാലികള്‍ക്കും ആനത്തൊട്ടാവാടി വിനാശകാരിയാണ്. ദ്രുതഗതിയില്‍ പടരാന്‍ ശേഷിയുള്ള ഈ ചെടി ജൈവ വൈവിധ്യ സമ്പത്തില്‍ 17ശതമാനം വരെ കുറവുണ്ടാക്കാന്‍ ഇത്തരം കുടിയേറ്റ സസ്യങ്ങള്‍ക്കു കഴിയുമെന്ന് പരിസ്തിതി പ്രവര്‍ത്തകര്‍ പറയുന്നു. പൂക്കുന്നതിന് മുമ്പ് വേരോടെ പിഴുതുനശിപ്പിക്കുകയാണ് ഇവ പടരുന്നത് തടയാനുള്ള ഏകമാര്‍ഗം.


ടി.എം. ശ്രീജിത്ത്‌
Posted on: 10 Oct 2011 Mathrubhumi Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക