.

.

Thursday, October 6, 2011

കാട്ടു കുടുംബം

ഒക്ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ ദേശീയ വന്യജീവി വാരം. കേരളത്തിലെ ചില വന്യജീവി കുടുംബങ്ങളെ പരിചയപ്പെടാം :

വന്യജീവികളാല്‍ സമ്പന്നമാണു കേരളം. വന്യജീവികള്‍ മാത്രമല്ല, പക്ഷികളും ഉരഗങ്ങളും ഉഭയജീവികളും എല്ലാമുണ്ടു നമ്മുടെ കാടുകളില്‍. അതിനു കാരണം കിഴക്കുഭാഗത്ത് അതിരായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടമാണ്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കേരളത്തില്‍ 21 വന്യജീവി സംരക്ഷണ മേഖലകളുണ്ട്. ഇത് കേരളത്തിന്റെ തെക്ക് നെയ്യാര്‍ മുതല്‍ വടക്ക് മലബാര്‍ വന്യജീവിസങ്കേതംവരെ വ്യാപിച്ചിരിക്കുന്നു.
വന്യജീവികളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് സസ്തനികള്‍. ലോകത്താകമാനമായി നാലായിരത്തോളം സ്പീഷീസുകള്‍ ഉള്ളതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. അവയില്‍ പൂച്ചവര്‍ഗത്തില്‍ പെടുന്ന ജീവികളും കരയിലെ ഏറ്റവും വലിയ ജീവിയായ ആനയും കുരങ്ങുവര്‍ഗത്തില്‍ പെടുന്നതും ഏറ്റവും ചെറുതുമായ കുട്ടിത്തേവാങ്കും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ഏകദേശം നാനൂറോളം സസ്തനികള്‍ കണ്ടുവരുന്നുണ്ട്.
ദേശീയ മൃഗമായ കടുവ മുതല്‍ മരനായവരെയുള്ളവ ഇതിലുണ്ട്. കേരളത്തില്‍ നൂറോളം സസ്തനികളുണ്ട്. ഇവയില്‍ എലികളും കടല്‍ജീവിയായ തിമിംഗലങ്ങളും കാട്ടിലെ ജീവികളും ഉള്‍പ്പെടുന്നു.കേരളത്തിലെ കാടുകളില്‍ വിവിധതരം മാനുകള്‍, ആറിനം പൂച്ചവര്‍ഗത്തില്‍പ്പെടുന്ന ജീവികള്‍, രണ്ടിനം പശുവര്‍ഗത്തില്‍ പ്പെടുന്നവ, നാലു തരം കുരങ്ങുകള്‍ എന്നിവയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ ഉരഗ വര്‍ഗത്തില്‍പ്പെടുന്ന ജീവികള്‍, ഉഭയജീവികള്‍, പക്ഷികള്‍ , ഷഡ്പദങ്ങള്‍ എന്നിവയും നമ്മുടെ കാടിനു ഒാജസും തേജസും പകരുന്നുണ്ട്.


വൈവിധ്യമാര്‍ന്ന ഇൌ വന്യജീവി സമ്പത്തിനെ നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. ഭൂമിയിലുള്ള അവകാശം അവയ്ക്കുകൂടി ഉണ്ടെന്ന് മനസ്സിലാക്കുക. ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പുപോലും വനംവന്യജീവികളുമായി ബന്ധപ്പെട്ടാണെന്ന് ശാസ്ത്രലോകം മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ കാടുകളില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട വന്യജീവികളുടെ കുടുംബങ്ങളെ പരിചയപ്പെടാം.

മാര്‍ജാരന്‍മാര്‍

മാര്‍ജാര വംശവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആറ് ഇനങ്ങളുണ്ട്. ലോകത്ത് 36 ഇനം പൂച്ചവര്‍ഗക്കാരുണ്ട്.എല്ലാം സസ്തനികളാണ്. മാംസഭോജികളായ പൂച്ചവര്‍ഗക്കാര്‍ വേട്ടയാടിയാണു ജീവിക്കുന്നത്. അതിനു യോജിച്ച ബലിഷ്ഠമായ കൈകാലുകളും നഖങ്ങളും പല്ലുകളും ഇവയ്ക്കുണ്ട്. ഘ്രാണശക്തിയും ശ്രവണശക്തിയും കൂടുതലാണ്. കാട്ടിലെ ഇൌ പൂച്ച വര്‍ഗക്കാര്‍ക്ക് അവരുടെതായ 'സാമ്രാജ്യം ഉണ്ടാകും. ഇൌ മേഖല ഇവ നഖങ്ങള്‍കൊണ്ടു മാന്തിയും മൂത്രമൊഴിച്ചും അടയാളപ്പെടുത്തിയിരിക്കും. ഇവിടേക്ക് അതിക്രമിച്ച് കയറാന്‍ ആരെയും അനുവദിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ പോരാട്ടം ഉറപ്പ്. പ്രത്യുല്‍പ്പാദന കാലമൊഴിച്ച് പൂച്ചവര്‍ഗക്കാര്‍ ഏകാന്ത ജീവിതം നയിക്കുന്നവരാണ്. ഇവയില്‍ മിക്കതും എണ്ണത്തില്‍ ഇന്ന് വളരെക്കുറവാണ്. അതിനാല്‍ തന്നെ ഇൌ കുടുംബത്തിലെ മിക്കവയെയും വനംവന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.കേരളത്തിലെ പ്രമുഖ പൂച്ച വര്‍ഗക്കാരാണ് കടുവ, പുലി, കാട്ടുപൂച്ച, മീന്‍പിടിയന്‍ പൂച്ച, പുലിപ്പൂച്ച, തുരുമ്പന്‍ പൂച്ച.

കരടികള്‍

ഇന്ത്യയില്‍ നാലോളം കരടികള്‍ കാണപ്പെടുന്നു. കേരളത്തിലുള്ളത് ഒരു കരടിയിനം മാത്രമാണ്. ദക്ഷിണേന്ത്യയിലുള്ള ഏക കരടിവര്‍ഗമാണിത്. കരടികള്‍ പൊതുവെ മിശ്രഭോജികളാണ്. വംശനാശ ഭീഷണി നേരിടുന്ന ഇവ കേരളത്തിലെ കാടുകളില്‍ വിരളമാണ്. കരടികള്‍ക്ക് രണ്ടുകാലിലും നടക്കാന്‍ സാധിക്കും . മരം കയറാനും സാധിക്കും.

അണ്ണാന്‍മാര്‍

കരണ്ടുതീനികളുടെ വര്‍ഗമാണിത്. ആകാരത്തിലും പെരുമാറ്റത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന പലജാതികള്‍ ഇക്കൂട്ടത്തിലുണ്ട്. അണ്ണാനുകള്‍ മാത്രമല്ല ഇവയിലുള്ളത്. മര്‍മോട്ടുകളും ഇവയിലുണ്ട്. ഏതാണ്ട് 260ലേറെ ഇനങ്ങള്‍ അണ്ണാന്‍ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. കരണ്ടു തിന്നാന്‍ കഴിവുള്ള ഇവയുടെ ശരീരം രോമാവൃതമായിരിക്കും. ഇന്ത്യയില്‍ നാട്ടണ്ണാന്‍ ഉള്‍പ്പെടെ 25ഓളം സ്പീഷീസുകള്‍ കാണപ്പെടുന്നുണ്ട്. കേരളത്തില്‍ നാട്ടിലെ അണ്ണാനെക്കൂട്ടാതെ അഞ്ചു ജാതിക്കാരുണ്ട്. അവയില്‍ മുഖ്യമായുള്ളവ മലയണ്ണാന്‍, ചാമ്പല്‍ മലയണ്ണാന്‍, മൂക്കന്‍ അണ്ണാന്‍, പറക്കും അണ്ണാന്‍, ഈഞ്ചയണ്ണാന്‍ എന്നിവയാണ്.

കാട്ടിലെ പട്ടികള്‍

ഇന്ത്യയില്‍ ഈ കുടുംബത്തിലെ എട്ടോളം ജാതിക്കാരുണ്ട്. എല്ലാം മാംസഭോജികളാണ്. കാടുകളും കാടിനോട് ചേര്‍ന്ന ഗ്രാമവും താവളമാണ്. കേരളത്തില്‍ ഇവയുടെ മൂന്നു ജാതിക്കാരുണ്ട്. കുറുക്കന്‍, കുറുനരി, കാട്ടുനായ്. കേരളത്തില്‍ ചെന്നായ് ഇല്ല. കാട്ടുനായയെ പലരും ചെന്നായ് എന്നാണ് പറയുന്നത്. പക്ഷേ രണ്ടും രണ്ടാണ്. നാട്ടിലെ നായുടെ പൂര്‍വികരാണ് കാട്ടുനായ് എന്നാണ് നിഗമനം. ഈ കുടുംബത്തിലെ അംഗങ്ങള്‍ സഞ്ചരിക്കുമ്പോള്‍ വിരലുകള്‍ മാത്രമേ നിലത്തു പതിയുകയുള്ളു. വേഗത്തില്‍ ഓടാനും മറ്റും ഇവയ്ക്കു സാധിക്കും. കൂര്‍ത്തപല്ലുകളും മുഖവും പ്രത്യേകതയാണ്.

കൂരമാന്‍

മാനുകളുടെ രൂപഭംഗിയുള്ള ചെറിയൊരു മാനാണിത്. കൂരമാന്‍ എന്നറിയപ്പെടുന്ന ഇവയില്‍ ആണിനും പെണ്ണിനും കൊമ്പില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. മാത്രമല്ല, അയവിറക്കുന്ന എല്ലാ മൃഗങ്ങള്‍ക്കും നാലറകളുള്ള ആമാശയമാണ്. പക്ഷേ, ഇവയ്ക്കു മൂന്നറകളെ ഉള്ളൂ എന്നത് മറ്റൊരു സവിശേഷത. കുളമ്പുള്ള ജന്തുവാണിത്. മിക്കവാറും ഏകാന്തവാസമാണ്.

കുളമ്പന്‍മാര്‍

കുളമ്പുള്ള സസ്തനികളാണ് ഈ കുടുംബത്തില്‍. കന്നുകാലി വര്‍ഗക്കാരും ആന്റിലോപുകളും ഇവയില്‍പ്പെടും. സവിശേഷത ഉള്ളില്‍ പൊള്ളയില്ലാത്ത കൊമ്പുകളാണ്. ഈ കൊമ്പുകള്‍ ഒരിക്കലും പൊഴിഞ്ഞു പോകാറില്ല. നാല് അറകളുള്ള ആമാശയമാണ്. അതിനാല്‍ അയവിറക്കാം. ഇന്ത്യയില്‍ ഈ കുടുംബത്തില്‍ ഏതാണ്ട് ഇരുപതോളം വന്യജീവികളുമുണ്ട്. കേരളത്തില്‍ വരയാടും കാട്ടുപോത്തും മാത്രം.

മാനുകള്‍

മാനുകള്‍ ഉള്‍പ്പെടുന്ന കുടുംബമാണ്. സെര്‍വിഡെ കുടുംബത്തിലെ അംഗങ്ങള്‍ക്കു ബോവിഡു കുടുംബവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും ഇവ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഈ വര്‍ഗത്തിലെ അംഗങ്ങള്‍ക്കു കൊമ്പുകൊഴിഞ്ഞു പോകാറുണ്ട്. പിത്താശയം ഇല്ലാതിരിക്കുകയാണ് പതിവ്. (ഇന്ത്യയില്‍ കസ്തൂരിമാനിനു മാത്രം പിത്താശയം ഉണ്ട്). സംഘമായി കഴിയുന്ന ഇവ പുല്‍മേടിലാണ് ജീവിക്കുന്നത്. അയവിറക്കുന്നു. കൊമ്പല്ലുകളുമുണ്ടാവും. കേരളത്തില്‍ കലമാന്‍/ മ്ളാവ്, പുള്ളിമാന്‍, കേഴമാന്‍ എന്നിവയുണ്ട്.

വാനരന്‍മാര്‍

കുരങ്ങുകളെ സംബന്ധിച്ച് പറയാവുന്ന പ്രധാനകാര്യം അന്യവസ്തുക്കളില്‍ എത്തിപ്പിടിക്കാന്‍ സാധിക്കുന്ന കൈകാലുകളുടെ കഴിവാണ്. കേരളത്തില്‍ നാലിനം കുരങ്ങുകളുണ്ട്. ഇവയില്‍ രണ്ടെണ്ണം ലംഗൂറും രണ്ടെണ്ണം മാക്കാക്കുമാണ്. മാക്കാക്കുകള്‍ക്ക് കവിള്‍ ചെറിയൊരു സഞ്ചിപോലെ വികസിപ്പിക്കാനും അതില്‍ ആഹാരം ശേഖരിക്കാനും കഴിയും.

ലംഗൂറുകള്‍ക്ക് അത്തരം സഞ്ചിയുണ്ടാവില്ല. ലംഗൂറുകളുടെ ആമാശയത്തിനു മൂന്ന് അറകളുണ്ട്. ഇവയുടെ പിന്‍കാലുകള്‍ മുന്‍കാലുകളെക്കാള്‍ അല്‍പം നീണ്ടവയാണ്. കൃശഗാത്രരുമാണ്. ഒപ്പം വാലിനു നീളമുണ്ടായിരിക്കുകയും ചെയ്യും. മാക്കാക്കുകള്‍ മിശ്രഭുക്കുകളും ലംഗൂറുകള്‍ ഒരു പരിധിവരെ സസ്യഭുക്കുകളുമാണ്. മാക്കാക്കുകള്‍ മണ്ണിലും ഏറെ സമയം കഴിച്ചു കൂട്ടുമെങ്കിലും ലംഗൂറുകള്‍ മണ്ണിലിറങ്ങുന്നതു വിരളമാണ്.
കേരളത്തിലെ സിംഹവാലനും നാടന്‍ കുരങ്ങും മാക്കാക്കുകളും, ഹനുമാന്‍ കുരങ്ങും കരുങ്കുരങ്ങും ലംഗൂറുകളുമാണ്.
മനുഷ്യനോട് ഏറെ സാമ്യമുള്ള ചിമ്പാന്‍സി, ഗൊറില്ല, ഒറാങ് ഉട്ടാന്‍ എന്നിവയും ഈ വര്‍ഗത്തില്‍ ഉള്‍പ്പെടുന്നവയാണ്.

തേവാങ്ക്

കുരങ്ങുകളും മനുഷ്യരും ഉള്‍പ്പെടുന്ന പ്രൈമേറ്റുകളില്‍ ഉള്‍പ്പെടുന്നവയാണ് കുട്ടിത്തേവാങ്കുകള്‍. ഇന്ത്യയില്‍ രാത്രിഞ്ചരര്‍ ആയ രണ്ടു ജാതി തേവാങ്കുകളെയാണ് കണ്ടുവരുന്നത്. സ്ളോ ലോറിസും സ്ളെന്‍ഡര്‍ ലോറിസും. ഇവയില്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ വസിക്കുന്നതു സ്ളെന്‍ഡര്‍ ലോറിസാണ്. വലിയ ഉണ്ടക്കണ്ണുകളും മരങ്ങളിലുള്ള ആവാസവും ഇവയെ വ്യത്യസ്തമാക്കുന്നു. വാലില്ല എന്നതും ഒരു സവിശേഷതയാണ്. ശരീരഭാരവും വലുപ്പവും വളരെ കുറഞ്ഞ ഇവയെ കുട്ടിത്തേവാങ്ക് എന്നാണ് വിളിക്കുന്നത്.

ആനകള്‍

കരയിലെ ഏറ്റവും വലിയ ജന്തു. ലോകത്ത് ആനകള്‍ രണ്ടുതരമുണ്ട്. ആഫ്രിക്കന്‍ ആനയും ഏഷ്യന്‍ ആനയും. ഏഷ്യന്‍ ആനകളേക്കാള്‍ വലുപ്പമുള്ളവയാണ് ആഫ്രിക്കന്‍ ആനകള്‍. എന്നാല്‍ സൌന്ദര്യം കൂടുതലുള്ളത് ഏഷ്യന്‍ ആനയ്ക്കാണ്. കേരളത്തില്‍ കണ്ടുവരുന്നത് ഏഷ്യന്‍ ആന ആണ്. കൊമ്പനാനകള്‍ക്കാണ് ഉയരം കൂടുതല്‍. ആനയുടെ മുന്‍കാലിന്റെ ചുറ്റളവിന്റെ ഇരട്ടിയായിരിക്കും ഉയരം. പിടിയാനകള്‍ക്ക് കൊമ്പ് ഉണ്ടാവില്ല. ഇവയ്ക്കുള്ളത് തേറ്റകളാണ്.

ഗജവീരന്റെ തുമ്പിക്കൈയാണ് ഘ്രാണേന്ദ്രിയവും സ്പര്‍ശനേന്ദ്രിയവുമായി പ്രവര്‍ത്തിക്കുന്നത്. ആനയുടെ കണ്ണുകള്‍ ചെറുതാണ്. വിരലുകളില്ലാതെ നഖങ്ങളുള്ള ഏകമൃഗമാണ് ആന എന്നു പറയാം. വനത്തിലൂടെ വേഗത്തില്‍ ഒാടാനും നന്നായി നീന്താനും ഇവയ്ക്കാവും.

ആര്‍. വിനോദ് കുമാര്‍ ManoramaOnline Environment Life

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക