.

.

Saturday, October 1, 2011

കയ്യേറ്റങ്ങള്‍ വ്യാപകം; കനോലി കനാലിനും ഭീഷണി

പാവറട്ടി: വ്യാപകമായ കയ്യേറ്റം കനോലി കനാലിനും അനുബന്ധ കായലുകള്‍ക്കും വന്‍ ഭീഷണിയാവുന്നു. ബ്രിട്ടീഷ് ഭരണകാലത്തു ജലഗതാഗതം സജീവമായിരുന്ന പൊന്നാനി മുതല്‍ കോട്ടപ്പുറം, കൊടുങ്ങല്ലൂര്‍ വരെയുള്ള കനോലി കനാല്‍ ഇന്ന് അവഗണനയിലാണ്.

കനോലി കനാലിലെ കയ്യേറ്റങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു തീരദേശ വികസന സമിതി ജില്ലാ സെക്രട്ടറി രവി പനയ്ക്കല്‍ സുതാര്യ കേരളം വഴി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെ തുടര്‍ന്നു 2008ല്‍ കനോലി കനാല്‍ സര്‍വേ നടത്തി 45 ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയിരുന്നു. എന്നാല്‍ കനോലി കനാലിനോടു ബന്ധപ്പെട്ടു കിടക്കുന്ന കായലുകളിലാണ് ഇപ്പോള്‍ കയ്യേറ്റം വ്യാപകം. ഏനാമാവ് മുതല്‍ ചക്കംകണ്ടം വരെയുള്ള വിസ്തൃതമായ കായലില്‍ ഏക്കര്‍ കണക്കിനു ഭൂമിയാണു സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കിയത്.

ചക്കംകണ്ടം കായല്‍ കടവ് റിസോര്‍ട്ടിനു സമീപം കയ്യേറ്റം ഇപ്പോഴും തുടരുന്നു. പല സ്ഥലത്തും കയ്യേറ്റം മൂലം കായല്‍ തോടായി മാറി. ചക്കംകണ്ടം, കാളാനി, മരുതയൂര്‍, വെന്മേനാട്, കൂരിക്കാട്, പുളിക്കകടവ്, ഇടിയഞ്ചിറ, തൊയക്കാവ്, കോടമുക്ക്, ഏനാമാവ്, കെട്ടുങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കയ്യേറ്റങ്ങള്‍ നിരവധിയാണ്. കായലില്‍ കല്ലുകൊണ്ടോ ചെളി കൊണ്ടോ അതിര്‍ത്തി വച്ച ശേഷം പിന്നീടു കായലില്‍നിന്നു തന്നെ ചെളി കുത്തി നികത്തുകയാണു രീതി. ചകിരി വ്യവസായമുള്ള സ്ഥലങ്ങളില്‍ ചകിരിച്ചോറ് നിറച്ചു ക്രമേണ കായല്‍ വളച്ചുകെട്ടുന്നു. പണ്ട് കയര്‍ വ്യവസായം നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന

സമയത്തു ചകിരിച്ചോറ് മൂടാന്‍ സര്‍ക്കാര്‍ തന്നെ സ്വകാര്യ വ്യക്തികള്‍ക്കു കായലിനോടു ചേര്‍ന്ന ഭാഗങ്ങള്‍ ലീസിനു കൊടുത്തിരുന്നു.

പാട്ടക്കരാര്‍ അവസാനിച്ചിട്ടും ഈ ഭൂമികളെല്ലാം സ്വകാര്യ വ്യക്തികള്‍തന്നെ കൈവശം വച്ചിരിക്കുകയാണ്. ഇത്തരത്തില്‍ നികുതി കെട്ടാത്ത സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി പാവറട്ടി പഞ്ചായത്തില്‍ മാത്രം 237 ഏക്കര്‍ എട്ട് സെന്റ് ഉണ്ടെന്നാണു കണക്ക്. ഈ മേഖലയിലെ മറ്റു പഞ്ചായത്തുകളിലെ കൂടി നോക്കുമ്പോള്‍ 500ലധികം ഏക്കര്‍ വരും. പല കയ്യേറ്റ സ്ഥലങ്ങളിലും നോക്കുമ്പോള്‍ കയ്യേറ്റമാണെന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധം തെങ്ങുകളും മറ്റു ഫലവൃക്ഷങ്ങളും വളര്‍ന്നിട്ടുണ്ട്. കയ്യേറ്റ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടു പഞ്ചായത്തുകളിലും വില്ലേജ് ഒാഫിസുകളിലും അഴിമതി നടക്കുന്നതായും ആരോപണമുണ്ട്.

ManoramaOnline Thrissur News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക