ബ്യൂണസ് അയേഴ്‌സ്: ലോകത്തിന് മുഴുവന്‍ ഉപദ്രവകാരികളായ പ്ലാസ്റ്റിക് കുപ്പികള്‍ വരുമാനമാര്‍ഗമാക്കിയിരിക്കുകയാണ് ആല്‍ഫ്രെഡോ സാന്റാ ക്രൂസ്. പൂര്‍ണമായും പ്ലാസ്റ്റിക് കുപ്പികള്‍ മാത്രം ഉപയോഗിച്ച് വലിയൊരു വീട് നിര്‍മിച്ച് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തിരിക്കുകയാണ് ഈ അര്‍ജന്റീനക്കാരന്‍.
വിനോദസഞ്ചാരികള്‍ വലിച്ചെറിഞ്ഞ ശീതളപാനീയക്കുപ്പികളും വെള്ളക്കുപ്പികളും ശേഖരിച്ചാണ് സാന്റാ ക്രൂസ് സ്വപ്നഭവനം പണിതത്. അര്‍ജന്റീനയിലെ ഏറ്റവും പ്രശസ്തമായ ഇഗ്വാസു വെള്ളച്ചാട്ടത്തിനു സമീപമാണ് സാന്റക്രൂസിന്റെ 'പ്ലാസ്റ്റിക് വീടെ'ന്നതിനാല്‍ ഇവിടേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് സുന്ദരമായ വീട് എങ്ങനെ നിര്‍മിക്കാമെന്നതിനെക്കുറിച്ച് സന്ദര്‍ശകരെ പഠിപ്പിച്ചും സാന്റാക്രൂസ് വരുമാനമുണ്ടാക്കുന്നു.
സാമ്പത്തികമാന്ദ്യം അര്‍ജന്റീനയെ ഉലച്ച 2001-ല്‍ ചവറ്റുകൂനയില്‍ നിന്ന് പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ച് വിറ്റാണ് സാന്റാക്രൂസ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. അതിനിടെ തന്റെ ഇളയമകള്‍ക്കായി പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് കളിവീട് നിര്‍മിച്ചു. കളിവീടിന്റെ പണികള്‍ പൂര്‍ത്തിയായപ്പോള്‍ അതിന്റെ ഉറപ്പ് കണ്ട് കുടുംബത്തിനായി ഒറ്റമുറി പ്ലാസ്റ്റിക് കോട്ടേജും പണികഴിപ്പിച്ചു. ഇവ പ്രചോദനമായപ്പോഴാണ് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് വലിയൊരു വീടുണ്ടാക്കാമെന്ന മോഹം സാന്റാ ക്രൂസിനുണ്ടായതും അതു പ്രാവര്‍ത്തികമാക്കിയതും.
കിടക്ക, കസേരകള്‍, ഷെല്‍ഫുകള്‍ എന്നിങ്ങനെ പ്ലാസ്റ്റിക് വീട്ടിലെ മുഴുവന്‍ വസ്തുക്കളും നിര്‍മിച്ചത് കുടിവെള്ളം നിറച്ചെത്തുന്ന പെറ്റ് ബോട്ടിലുകള്‍ ഉപയോഗിച്ചാണ്. രണ്ട് ലിറ്ററിന്റെ കുപ്പികള്‍ ഉപയോഗിച്ചാണ് വീടിന്റെ കതകുകള്‍ പണിതത്. ജൂസിന്റെയും മറ്റും ടെട്രാപാക് കാര്‍ട്ടണുകള്‍ മേല്‍ക്കൂര നിര്‍മാണത്തിന് ഉപയോഗിച്ചു. അലുമിനിയം പൂശിയ ഭാഗം മുകളിലേക്കാക്കി വെയിലിനെ പ്രതിരോധിച്ച് വീടിനുള്ളില്‍ തണുപ്പ് നിലനിര്‍ത്താനും സാന്റാക്രൂസ് ശ്രദ്ധിച്ചു. മഴമൂലം ഇവ നാലഞ്ച് വര്‍ഷത്തിനുള്ളില്‍ നശിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അതിനു മുകളില്‍ പ്ലാസ്റ്റിക് വിരിച്ചു. ഇത് മേല്‍ക്കൂരയെ 20 വര്‍ഷത്തിലെറെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറയുന്നു.
Posted on: 31 Oct 2011 Mathrubhumi News.
No comments:
Post a Comment