
യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി അയച്ച വീനസ് എക്സ്പ്രസ് എന്ന പേടകമാണ് ശുക്രനിലെ ഓസോണ്‍ പാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. ശുക്രന്റെ അന്തരീക്ഷത്തിലൂടെ ബഹിരാകാശത്തെ നക്ഷത്രങ്ങളെ നോക്കിയപ്പോള്‍ നക്ഷത്രങ്ങളുടെ തിളക്കം കുറഞ്ഞതായി കണ്ടു. നക്ഷത്രത്തില്‍നിന്ന് പുറപ്പെടുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ ഒരു ഭാഗം ഓസോണ്‍ പാളികളാല്‍ ആഗിരണം ചെയ്യപ്പെടുന്നതുകൊണ്ടാണ് ഇതെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍ എത്തിയത്. ശുക്രന്റെ ഉപരിതലത്തില്‍ നിന്ന് നൂറുകിലോമീറ്റര്‍ ഉയരത്തിലാണ് ഓസോണ്‍പാളി സ്ഥിതിചെയ്യുന്നതെന്ന് ഗവേഷണസംഘത്തിന്റെ തലവനായ ഫ്രാന്‍സിലെ ലാറ്റ്‌മോസ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ഫ്രാങ്ക് മോണ്ട്‌മെസിന്‍ പറയുന്നു. ഭൂമിയിലെ ഓസോണ്‍ പാളി സ്ഥിതിചെയ്യുന്ന ഉയരത്തിന്റെ ഏതാണ്ട് മൂന്നിരട്ടി വരുമിത്.
ശുക്രന്റെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് സൂര്യപ്രകാശമേറ്റ് വിഘടിക്കുമ്പോഴാണ് മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങളങ്ങിയ ഓസോണ്‍ തന്മാത്രയുണ്ടാകുന്നത്. സൂര്യനില്‍ നിന്നു വരുന്ന മാരകമായ അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്ന ഭുമിയുടെ ഓസോണ്‍ പാളികളും ഇതേ രീതിയിലാണ് ഉണ്ടാകുന്നത്.
ശുക്രന്റെ അന്തരീക്ഷത്തിലെ രാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ കണ്ടുപിടിത്തം സഹായിച്ചതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഇതോടെ ചൊവ്വയില്‍ ജീവന്റെ കണങ്ങള്‍ തേടുന്ന ബഹിരാകാശ ശാസ്ത്രജ്ഞരുടെ ഗവേഷണം ശുക്രനിലേക്കുകൂടി വ്യാപിപ്പിക്കാനും ഈ കണ്ടെത്തല്‍ വഴിയൊരുക്കും.
9 oct 2011 Mathrubhumi News
No comments:
Post a Comment