.

.

Saturday, October 1, 2011

വയനാട്ടിലും 'ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍'

കല്‍പറ്റ: ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നു കേട്ടാല്‍ ഉൌട്ടിയാണ് മനസ്സില്‍ വരിക. എന്നാലിനി വയനാട്ടിലും ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരുന്നു. പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷനിലാണ് കേന്ദ്രസഹായത്തോടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരുന്നത്. ഗവേഷണ വിദ്യാര്‍ഥികള്‍ക്കടക്കം ഉതകുന്ന തരത്തില്‍ വിവിധതരം ചെടികളുടെ എല്ലാ വിധത്തിലുമുള്ള വിവരങ്ങള്‍ ശേഖരിച്ചു രേഖകളാക്കിയാണ് ഇവിടത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സജ്ജമാകുന്നത്.വെസ്റ്റേണ്‍ ഗാട്ട്സ് എന്റമിക് പ്ളാന്റ്സ് ഇന്‍ഫര്‍മേഷന്‍ സെന്ററാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ എടുത്തുപറയേണ്ട പ്രത്യേകത.

പശ്ചിമഘട്ട മലനിരകളില്‍ കണ്ടുവരുന്ന അപൂര്‍വ തരത്തില്‍പ്പെട്ടതും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച്, അവയുടെ പൂര്‍ണമായ വിവരങ്ങള്‍ രേഖപ്പെടുത്തി, ജനങ്ങളിലെത്തിക്കുക എന്നതാണ് സെന്ററിന്റെ പ്രധാന ഉദ്ദേശ്യം. ഭക്ഷ്യയോഗമായതും ഔഷധഗുണമുള്ളതുമായ ഒട്ടേറെ ചെടികള്‍ പശ്ചിമഘട്ടത്തിലുണ്ട്. എന്നാല്‍, ഇവയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ കാര്യമായി നടന്നിട്ടില്ല. സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ പശ്ചിമഘട്ട മലനിരകളിലുള്ള എല്ലാ സസ്യങ്ങളെ കുറിച്ചുമുള്ള വിവരം ലഭ്യമാക്കാന്‍ സാധിക്കും.

പന്നല്‍ചെടികളുടെ ഗാര്‍ഡനാണ് മറ്റൊരു പ്രത്യേകത. വയനാട്ടില്‍ കൂടുതലായി കണ്ടുവരുന്നതും എന്നാല്‍, പഠനവിധേയമാക്കാത്തതുമായ സസ്യവിഭാഗമാണിവ. എഴുപത്തിയെട്ടോളം വ്യത്യസ്ത പന്നല്‍ചെടികളുടെ ഗാര്‍ഡനും വിവിധതരം ഒാര്‍ക്കിഡുകളുടെ ഗാര്‍ഡനും തയാറാക്കുന്നുണ്ട്.

വാട്ടര്‍ പ്ളാന്റ്സ്, ഭക്ഷ്യയോഗ്യമായ വനസസ്യങ്ങള്‍, ഔഷധച്ചെടികള്‍, സിഞ്ചിബെറ ഇനത്തില്‍പ്പെട്ട ചെടികള്‍, ബട്ടര്‍ഫ്ളൈ ഗാര്‍ഡന്‍ എന്നിവയും ഒരുക്കുന്നുണ്ട്.

വിവിധങ്ങളായ ഹെര്‍ബല്‍ സസ്യങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചുള്ള ഹെര്‍ബേറിയവും തയാറാക്കിയിട്ടുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി അക്വേറിയം പോലുള്ളവയും സജ്ജീകരിക്കുന്നുണ്ട്. മറ്റ് അക്വേറിയങ്ങളില്‍ നിന്നു വ്യത്യസ്തമായി നാടന്‍ മത്സ്യങ്ങളാണ് ഇവിടെയുണ്ടാകുക. ഗാര്‍ഡന്‍ കാണുന്നതിനായി പ്രത്യേക വഴികളും ഒരുക്കും.കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനു വേണ്ടിയുള്ള ഫണ്ട് വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്.

സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷനോടു ചേര്‍ന്നുള്ള 20 ഏക്കര്‍ സ്ഥലത്താണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിക്കുക. ഡിസംബറില്‍ ഗാര്‍ഡന്‍ പ്രവര്‍ത്തനസജ്ജമാക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നു ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍, വിനോദസഞ്ചാരത്തിന് ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്ന വയനാടിന് ഒരു മുതല്‍ക്കൂട്ടാകാന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനു സാധിക്കും.

Manoramaonline Wayanadu News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക