.

.

Friday, October 7, 2011

കോഴിയിറച്ചി സംസ്‌കരണവും ഭക്ഷ്യവിഷബാധയും

കഴിഞ്ഞ മൂന്ന് ദശാബ്ദ കാലയളവിലെ പഠനങ്ങളില്‍ ഇന്ത്യയില്‍ മനുഷ്യരിലെ ഭക്ഷ്യവിഷബാധയ്ക്കിടവരുത്തുന്ന അണുജീവികളില്‍ മുഖ്യസ്ഥാനം കൊംപൈലോബാക്ടറിനാണെന്ന് (Compylobacter) കണ്ടെത്തിയിട്ടുണ്ട്.വയറിളക്കം മുതല്‍ GBS-ഗില്ലന്‍ബാരി സിന്‍ഡ്രോം വരെയുണ്ടാക്കാന്‍ കൊംപൈലോബാക്ടര്‍ ഇടവരുത്തും. മനുഷ്യരില്‍ വയറിളക്കത്തിന് വഴിയൊരുക്കുന്ന മുഖ്യ അണുജീവികളിലൊന്നാണിവ.

കൊംപൈലോബാക്ടര്‍ ജെജുനി (Compylobactor jejuni)
കൊംപൈലോബാക്ടര്‍ ജെജുനി എന്ന ഇനമാണ് ജന്തുരോഗമുളവാക്കുന്നത്. കന്നുകാലികളിലും, കോഴികളിലും ഇവ സാധാരണയായി കണ്ടുവരുന്നു. ഗ്രാം നെഗറ്റീവ് ഇനത്തില്‍ പ്പെടുന്ന അണുജീവികളാണിവ.കോഴികളിലെ ചെറുകുടലിലും, വന്‍കുടലിലും രോഗാണുക്കള്‍ കാണപ്പെടുന്നു ഇവ കോഴികളില്‍ കാര്യമായ രോഗലക്ഷണമുളവാക്കാറില്ല. എന്നാല്‍ വിസര്‍ജ്ജ്യങ്ങളിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ മനുഷ്യരില്‍ രോഗബാധക്കിടവരുത്തും.

കോഴികളെ പരിചരിക്കുന്നവര്‍, ഫാം തൊഴിലാളികള്‍ എന്നിവരിലേക്ക് വസ്ത്രം, പാദരക്ഷകള്‍ എന്നിവ വഴി രോഗാണു കടക്കുന്നു. രോഗാണുക്കള്‍ 4 ഡിഗ്രി സെല്‍ഷ്യസില്‍ അഴ്ചകളോളം നിലനില്‍ക്കും. അതിനാല്‍ കോഴിയിറച്ചി ഫ്രീസറില്‍ നിന്നെടുത്ത് മണിക്കൂറുകളോളം വെളിയില്‍ വെക്കുന്നതും നന്നായി വേവിക്കാതിരിക്കുന്നതും രോഗബാധയ്ക്കിടവരുത്തും. കോഴിമുട്ടയിലൂടെ ഇവ പകരാന്‍ സാധ്യത കുറവാണ്്. രോഗവാഹികളായ കോഴികളില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍കാണപ്പെടാറില്ല. കോഴിക്കുഞ്ഞുങ്ങളില്‍ വയറിളക്കം കണ്ടുവരാറുണ്ട്.

കോഴയിറച്ചി വില്‍പന കേന്ദ്രങ്ങള്‍, സംസ്‌കരണയൂണിറ്റുകള്‍ എന്നിവയിലൂടെ മനുഷ്യരില്‍ രോഗാണുക്കള്‍ കടക്കും. രോഗബാധിതരില്‍ നിന്നും മറ്റുള്ളവര്‍ക്ക് രോഗം പകരില്ല. CFT, ELISA, LAT, PCR ടെസ്റ്റുകള്‍ രോഗാണുക്കളെ തിരിച്ചറിയാന്‍ സഹായിക്കും.മനുഷ്യരില്‍ രോഗാണുക്കള്‍ അകത്തുകടന്നാല്‍ വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് പ്രധാനപ്പെട്ട രോഗലക്ഷണങ്ങള്‍. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ രോഗപ്രതിരോധശേഷി കുറയാനും, വിഷാംശത്തിന്റെ തോതുയര്‍ന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുളവാക്കുന്ന ഗില്ലന്‍ ബാരി രോഗാവസ്ഥയ്ക്കും വഴിയൊരുക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

രോഗനിയന്ത്രണത്തിനായി ചെയ്യണ്ടത്

1. കോഴിഫാമുകളില്‍ ജൈവസുരക്ഷാ നടപടികള്‍ അനുവര്‍ത്തിക്കണം. കൂടും പരിസരവും രോഗാണുവിമുക്തമാക്കണം. ഫാമുകളില്‍ കയറുന്നതിനുമുന്‍പ് പാദരക്ഷകള്‍ അണുനാശിനി ലായനി ചേര്‍ത്ത വെള്ളത്തില്‍ മുക്കണം.
2. ശുദ്ധമായ വെള്ളം മാത്രമെ കോഴികള്‍ക്ക് കുടിക്കാന്‍ നല്‍കാവൂ.
3. ഫാമിലേക്ക് എലി, ക്ഷുദ്രജീവികള്‍, മറ്റുമൃഗങ്ങള്‍, പക്ഷികള്‍ എന്നിവ കടക്കാനനുവദിക്കരുത്.
4. സന്ദര്‍ശകരെ ഫാമിനകത്തേക്ക് അനുവദിക്കരുത്.
5. ഫാമില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശുചിത്വം പാലിക്കണം.
6. കോഴിയിറച്ചി സംസ്‌കരണ പ്രക്രിയയിലേര്‍പ്പെടുന്നവര്‍ കൈകാലുകള്‍, ചെരുപ്പുകള്‍, ഷൂസുകള്‍ എന്നിവ നന്നായി അണുനാശക ലായ നിയില്‍ കഴുകി വൃത്തിയാക്കണം.
7. അടുക്കളയിലെ ശുചിത്വത്തിന് ഏറെ പരിഗണന നല്‍കണം.
8. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടയുടനെ ചികിത്സ തേടണം
9. കോഴിയിറച്ചി ഫ്രീസറില്‍ സൂക്ഷിക്കുമ്പോള്‍ വൈദ്യുതി തടസ്സം നേരിട്ടാല്‍ തുടര്‍ന്നുപയോഗിക്കുമ്പോള്‍ രോഗാണു ബാധയ്ക്കുള്ള സാധ്യത ഏറെയാണെന്നത് പ്രത്യേകം ഓര്‍മിക്കുക.

ഡോ.ടി. പി സേതുമാധവന്‍ (Mathrubhumi Karshikam)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക