.

.

Friday, September 23, 2011

പശ്ചിമഘട്ടത്തില്‍ മത്സ്യയിനങ്ങള്‍ക്ക് മരണമണി

കോഴിക്കോട് : പശ്ചിമഘട്ടത്തിലെ ശുദ്ധജല ആവാസവ്യവസ്ഥ കൂട്ടത്തകര്‍ച്ച നേരിടുന്നതായി റിപ്പോര്‍ട്ട്. മലിനീകരണവും അമിതചൂഷണവും ജൈവഅധിനിവേശവും മൂലമുണ്ടായ പ്രതിസന്ധി നേരിടാന്‍ അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കില്‍, മേഖലയിലെ ഏറെ മത്സ്യയിനങ്ങളും മറ്റ് ശുദ്ധജല ജീവിവര്‍ഗങ്ങളും സസ്യജാതികളും ഭൂമുഖത്തുനിന്ന് താമസിയാതെ അപ്രത്യക്ഷമാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

പശ്ചിമഘട്ടമേഖലയിലെ മത്സ്യങ്ങള്‍, കക്കയിനങ്ങള്‍, തുമ്പികള്‍, സസ്യജാതികള്‍ എന്നിങ്ങനെ, ശുദ്ധജല ആവാസവ്യവസ്ഥ നേരിടുന്ന ഭീഷണിയെക്കുറിച്ച് അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്‍ (ഐ.യു.സി. എന്‍.) ആണ് പഠനം നടത്തിയത്. മേഖലയില്‍ ശുദ്ധജല ആവാസവ്യവസ്ഥയുടെ ഭാഗമായ സസ്യ-ജീവിയിനങ്ങളില്‍ 16 ശതമാനവും കടുത്ത ഭീഷണി നേരിടുകയാണെന്ന് ഐ.യു.സി.എന്‍. പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു. സംഘടനയുടെ 'ചുവപ്പുപട്ടിക' യില്‍ ഇടംനേടാന്‍ യോഗ്യതയുള്ളതാണ് ഇത്രയും ഇനങ്ങള്‍.

'ബയോളജിക്കല്‍ ഹോട്ട്‌സ്‌പോട്ടാ' യി നിര്‍ണയിക്കപ്പെട്ട ഇടമാണ് പശ്ചിമഘട്ടം. അത്തരമൊരു മേഖലയില്‍ തന്നെ ജീവിവര്‍ഗങ്ങളും സസ്യയിനങ്ങളും ഇത്ര ഗുരുതരമായ വംശനാശഭീഷണി നേരിടുന്നത് ഭീതിയുണര്‍ത്തുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ശുദ്ധജലയിനങ്ങളില്‍ മത്സ്യങ്ങളാണ് ഏറ്റവും കടുത്ത ഭീഷണി നേരിടുന്നത്. 37 ശതമാനം ശുദ്ധജല മത്സ്യയിനങ്ങളും കടുത്ത ഭീഷണിയിലാണ്.
ശുദ്ധജല മത്സ്യയിനങ്ങളില്‍ 'കറ്റി' യെന്ന് പ്രാദേശികനാമമുള്ള 'ഡെക്കാന്‍ മഷീര്‍' (ടോര്‍ ഖുദ്രീ) ഉദാഹരണമായെടുക്കാം. ഈ മത്സ്യത്തിന് ആവശ്യക്കാര്‍ കൂടുതലാണെങ്കിലും അമിതചൂഷണവും അധിനിവേശ മത്സ്യയിനങ്ങളുടെ സാന്നിധ്യവും മലിനീകരണവും മൂലം ഇവ പശ്ചിമഘട്ടത്തില്‍ ഇന്ന് അപൂര്‍വമായി മാറിയിരിക്കുന്നു. അലങ്കാരമത്സ്യമായി ഉപയോഗിക്കുന്ന 'മിസ് കേരള' ( പുന്റിയസ് ഡെനിസോനീ) യുടെ കഥയും അമിതചൂഷണത്തിന്റേതുതന്നെ. വകതിരിവില്ലാതെ ചൂഷണവും ജലമലിനീകരണവും ഈ മത്സ്യയിനത്തിന്റെയും നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുകയാണ്.

ഇത് തുടര്‍ന്നാല്‍ സംഭവിക്കുന്ന നഷ്ടം ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ മാത്രമായിരിക്കില്ലെന്ന്, കൊച്ചി സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ കണ്‍സര്‍വേഷന്‍ റിസര്‍ച്ച് ഗ്രൂപ്പിലെ രാജീവ് രാഘവന്‍ ചൂണ്ടിക്കാട്ടുന്നു. 'പ്രകൃതി മനുഷ്യന് സൗജന്യമായി നല്‍കുന്ന ഒട്ടേറെ വിലയേറിയ സര്‍വീസുകളും അതുവഴി നഷ്ടമാകും' -അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ശുദ്ധജല ആവാസവ്യവസ്ഥയുടെ അപചയം ഇത്തരം ആവാസവ്യവസ്ഥകളെ ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ സമൂഹങ്ങളുടെ നിലനില്‍പ്പും അപകടത്തിലാകുമെന്ന് ഐ.യു.സി.എന്‍. പറയുന്നു. പശ്ചിമഘട്ട മേഖലയിലെ മത്സ്യയിനങ്ങളില്‍ 56 ശതമാനവും ശുദ്ധജല കക്കയിനങ്ങളില്‍ 18 ശതമാനവും തദ്ദേശവാസികള്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നവയാണ്. മേഖലയിലെ ശുദ്ധജല സസ്യയിനങ്ങളില്‍ 28 ശതമാനം ഔഷധങ്ങളായും ഉപയോഗിക്കപ്പെടുന്നു. ഇവയുടെ നാശം, ഈ സ്രോതസ്സുകളെ ആശ്രയിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഭീഷണിയാകും-റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.



23.9.2011 Mathrubhumi Kerala News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക