.

.

Wednesday, September 7, 2011

നാടു മുഴുവന്‍ ഓണസദ്യയില്‍; മണിയരയന്നങ്ങള്‍ പട്ടിണിയില്‍

പാലോട്: ഓണമെത്തി, നാടൊട്ടുക്ക് സദ്യവട്ടങ്ങള്‍ ഒരുങ്ങുന്നു. അപ്പോഴും ഇവിടെ മിണ്ടാപ്രാണികളായ ആറ് മണിയരയന്നങ്ങള്‍ കൊടും പട്ടിണിയില്‍. കൂട്ടിലടയ്ക്കപ്പെട്ടതിനാല്‍ പുറത്തിറങ്ങി ഇര തേടാനും കഴിയുന്നില്ല. മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പ്രദേശത്തെ കൂട്ടിലടയ്ക്കപ്പെട്ട പാവം പക്ഷികള്‍ കാഴ്ചക്കാര്‍ക്ക് വേദനയാകുന്നു. 2005-ലാണ് മുന്‍ മന്ത്രി എ.കെ.ബാലന്‍ ഈ പക്ഷികളെ ഡാമില്‍ തുറന്നുവിട്ടത്. ഹൈഡല്‍ ടൂറിസം പ്രദേശത്തിന്റെ മോടികൂട്ടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ ആറുമാസമായി മീന്‍മുട്ടിയിലേക്ക് ആരും വരുന്നില്ല. ടൂറിസം നിലച്ചു.

ബോട്ടിങ് അവസാനിപ്പിച്ചു. ചില്‍ഡ്രന്‍സ്​പാര്‍ക്ക് കാട്കയറി, കോഫിക്ലബ്ബ് അടച്ചുപൂട്ടി, പദ്ധതി പ്രദേശം മുഴുവന്‍ ഇഴജന്തുക്കളുടെ താവളമായി. വരുമാനം നിലച്ചതോടെ ടൂറിസം ജീവനക്കാര്‍ മറ്റ് സെന്ററുകളിലേക്ക് പോയി. നീന്തിത്തുടിച്ച് നടന്ന ഈ മണിയരയന്നങ്ങള്‍ ആറ് മാസം മുമ്പ് കൂട്ടിലടയ്ക്കപ്പെട്ടു. പിന്നീട് ഇവയെ ആരും തുറന്നുവിട്ടില്ല. ജീവനക്കാര്‍ ഇല്ലാതായതോടെ ആഹാരവും നിലച്ചു. ഒരെണ്ണം ഇതിനിടെ ചത്തു. ബാക്കിയുള്ളവ ഏത് നിമിഷവും ജീവന്‍ നിലയ്ക്കുന്ന അവസ്ഥയില്‍.

നഗരപ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന ഹൈഡല്‍ ടൂറിസത്തിന്റെ ബോര്‍ഡുകളും വെബ്‌സൈറ്റിലെ മോഹിപ്പിക്കുന്ന പരസ്യവാചകങ്ങളും വായിച്ച്, അത് വിശ്വസിച്ച് മറ്റ് ജില്ലകളില്‍നിന്നും വല്ലപ്പോഴും ചില സംഘങ്ങള്‍ ഇവിടെ എത്തുന്നു. ഇങ്ങനെ വഴിതെറ്റി വരുന്നവര്‍ നല്‍കുന്ന ധാന്യങ്ങളും പലഹാരകഷ്ണങ്ങളുമാണ് ഈ പാവം പക്ഷികളുടെ ആഹാരം. അതും വല്ലപ്പോഴും മാത്രം. 'ടൂറിസമോ നിലച്ചു. ഇനിയെങ്കിലും തങ്ങളെ ഇങ്ങനെ ക്രൂരമായി പീഡിപ്പിക്കണമോ...അതിനുമാത്രം ഞങ്ങള്‍ എന്തു പാപമാണ് നിങ്ങളോട് ചെയ്തത് 'എന്ന മട്ടില്‍ അരയന്നങ്ങള്‍ കൂടിനുള്ളില്‍നിന്നും നോക്കി നില്‍പ്പാണ്; ആരെങ്കിലും വരുന്നതും കാത്ത്.

Mathrubhumi Thiruvananthapuram News 7.9.2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക