.

.

Sunday, September 11, 2011

കാലാവസ്ഥാ നിരീക്ഷണത്തിനായി ഇന്ത്യ - ഫ്രാന്‍സ് ഉപഗ്രഹം

ബാംഗ്ലൂര്‍: കാലാവസ്ഥാ നിരീക്ഷണത്തിനായി ഫ്രാന്‍സിന്റെ സഹകരണത്തോടെ ഐ.എസ്.ആര്‍.ഒ. ഉപഗ്രഹം വിക്ഷേപിക്കുന്നു. കാലാവസ്ഥാ നിരീക്ഷണത്തായി വിദൂര സംവേദന ഉപഗ്രഹങ്ങള്‍ ഇന്ത്യ വിക്ഷേപിച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥയിലെ സങ്കീര്‍ണമായ മാറ്റങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതാണ് മേഘ- ട്രോപ്പിക്വസ് എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹമെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ വ്യക്തമാക്കി.

ഐ.എസ്.ആര്‍.ഒ.യുടെ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി.യാണ് മേഘ- ട്രോപ്പിക്വസ് ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിക്കുക. ഇതോടപ്പം മൂന്ന് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഒരു ഉപഗ്രഹം ലക്‌സംബര്‍ഗില്‍ നിന്നുള്ളതാണ് .ഐ.ഐ.ടി. കാണ്‍പുര്‍, ചെന്നൈ എസ്.ആര്‍.എം. സര്‍വകലാശാല എന്നിവ വികസിപ്പിച്ചെടുത്തതാണ് മറ്റു രണ്ട് ഉപഗ്രഹങ്ങള്‍.

അന്തരീക്ഷത്തില്‍ നിന്ന് സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ ശേഷിയുള്ള ജി.പി.എസ്. റിസീവറും രണ്ട് ആന്റിനകളും ഉള്ള റേഡിയോ ഓക്കള്‍ട്ടേഷന്‍ സൗണ്ടര്‍ ഉപഗ്രഹത്തോടപ്പമുണ്ടാകും. ഇത് ഉഷ്ണമേഖലയിലെ മാറ്റങ്ങള്‍ കണ്ടെത്താനും വിശകലനം ചെയ്യാനും സഹായിക്കും . അന്തരീക്ഷത്തിലെ ചൂട്, ഊഷ്മാവ്, സമ്മര്‍ദം എന്നിവ സൂക്ഷ്മമായി വിലയിരുത്താനും കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യതയോടെ നടത്താനും ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സഹായിക്കും.

ഐ.എസ്.ആര്‍.ഒ.യുടെ വര്‍ധിച്ചുവരുന്ന വിക്ഷേപണ ആവശ്യങ്ങള്‍ക്കായി ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ''നേരത്തേ വര്‍ഷത്തില്‍ ഒരു വിക്ഷേപണം എന്ന നിലയ്ക്കായിരുന്നു ദൗത്യമെങ്കില്‍ ഇന്ന് നാല് മുതല്‍ അഞ്ച് വരെ വിക്ഷേപണ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ഉപഗ്രഹങ്ങളുടെയും മറ്റും ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്'' -അദ്ദേഹം പറഞ്ഞു.

ബഹിരാകാശ രംഗത്ത് സാങ്കേതിക കൈമാറ്റത്തിനും വ്യാവസായ സഹകരണത്തിനുമാണ് മുന്‍ഗണന നല്‍കുന്നത്. ചന്ദ്രയാന്‍ രണ്ട് പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന് ഡിസൈന്‍ പുനരവലോകനം ചെയ്തുകൊണ്ടു മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂവെന്നും 2013 - 14 കാലയളവില്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം വെക്കുന്നതെന്നും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ പറഞ്ഞു.

ചന്ദ്രയാന്‍ രണ്ടില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഉപകരണങ്ങള്‍ ചേര്‍ക്കാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2007-ല്‍ ചൈന മിസൈല്‍ ഉപയോഗിച്ച് ഉപഗ്രഹം തകര്‍ത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയ്ക്ക് ഇത്തരം പദ്ധതിയില്ലെന്നും ഐ. എസ്.ആര്‍.ഒ. ചെയര്‍മാന്‍ പറഞ്ഞു.

Posted on: 11 Sep 2011,  Mathrubhumi Newspaper Edition. India,

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക