.

.

Saturday, September 10, 2011

മണ്ണിര കമ്പോസ്റ്റിംഗ്

കേരളത്തിലെ പല പ്രദേശങ്ങളും മാലിന്യങ്ങള്‍ കാരണം ധാരാളം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.  നമ്മുടെ മണ്ണും, ജലവും, വായുവും ഇവ മൂലം നശിച്ചുകൊണ്ടിരിയ്ക്കുന്നു.  ഈ മാലിന്യങ്ങളില്‍ ഏറ്റവും വലിയ വിഷമം വരുത്തുന്നത് ഖര-ജൈവ മാലിന്യങ്ങളായ ആഹാരാവശിഷ്ടങ്ങള്‍ , അറവുശാലയില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ എന്നിവയാണ്.  ഇവയെല്ലാം ശരിയായ രീതിയില്‍ സംസ്കരിച്ചെടുത്താല്‍ നല്ല ജൈവവളമാക്കാം.  ഇതിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണ് മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം

മണ്ണിര കമ്പോസ്റ്റിന്റെ പ്രത്യേകതകള്‍:

1. കുറഞ്ഞ സമയം കൊണ്ട് ഖരജൈവ പദാര്‍ത്ഥങ്ങള്‍ മണ്ണിര കമ്പോസ്റ്റാക്കി മാറ്റാം.സാധാരണ കമ്പോസ്റ്റ് ഉല്പാദിപ്പിക്കാന്‍ 3-6 മാസം വേണമെന്നുള്ളപ്പോള്‍ മണ്ണിര കമ്പോസ്റ്റ് ഉല്പാദിപ്പിക്കുന്നതിന് 24 മണിക്കൂര്‍ മതിയാകും.  മണ്ണിരയുടെ വിസ്സര്‍ജ്ജ്യമാണ് മണ്ണിരകമ്പോസ്റ്റ്.  നന്നായി പാകപ്പെടുത്തിയ ഭക്ഷണം വേണം മണ്ണിരയ്ക്ക് നല്‍കാന്‍.  ആവശ്യത്തിന് മണ്ണിരയും നല്ല പാകപ്പെടുത്തിയ ഭക്ഷണപദാര്‍ത്ഥങ്ങളും ഉണ്ടെങ്കില്‍ വേഗത്തില്‍ മണ്ണിര കമ്പോസ്റ്റ് ഉല്പാദിപ്പിക്കാം.
2. മണ്ണിന്റെ ജല ആഗിരണ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
3. ചെടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ പല പദാര്‍ത്ഥങ്ങളും നല്‍കുന്നു.
4. ചെടികള്‍ക്ക് രോഗപ്രതിരോധശേഷി നല്‍കുന്നതിനാല്‍ സസ്യസംരംക്ഷണ മരുന്നുകളുടെ ഉപയോഗം കുറയ്ക്കാന്‍ കഴിയുന്നു.
5. മണ്ണിര കമ്പോസ്റ്റില്‍ അടങ്ങിയിട്ടുള്ള പോഷകമൂല്യങ്ങള്‍ ചെടികള്‍ക്ക് എളുപ്പം വലിച്ചെടുക്കാന്‍ പാകത്തിലുള്ളതാണ്.
6. പ്രധാന സസ്യപോഷകങ്ങളായ പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ പെട്ടെന്ന് കിട്ടത്തക്കരൂപത്തില്‍ അടങ്ങിയിരിയ്ക്കുന്നു.
7. മണ്ണിര കമ്പോസ്റ്റ് ഉപയോഗിച്ച് ഉല്പാദിപ്പിച്ച കായ്കറികള്‍, പഴങ്ങള്‍ മുതലായവ കൂടുതല്‍ കാലം കേടുവരാതെ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയും.
8. മണ്ണിര കമ്പോസ്റ്റ് ക്ഷാരഗുണമുള്ളതാകയാല്‍ മണ്ണിന്റെ പുളിരസം കുറയ്ക്കുന്നതിന് സഹായിക്കുകയും നാം ഉപയോഗിക്കുന്ന മറ്റു വളങ്ങള്‍ ചെടികള്‍ക്ക് ആഗിരണം ചെയ്യാന്‍ കഴിയുകയും ചെയ്യുന്നു.
9. ഖരജൈവമാലിന്യങ്ങള്‍ അഴുകുമ്പോഴുണ്ടാകുന്ന ദുര്‍ഗന്ധം ഇല്ലാതാകുന്നു.  അതിനാല്‍ മണ്ണിര കമ്പോസ്റ്റ് വീട്ടൂനുള്ളില്‍ വച്ചുപോലും ചെയ്യുന്നു.

മണ്ണിര കമ്പോസ്റ്റ് ഉല്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന മണ്ണിരകള്‍ക്ക് താഴെപ്പറയുന്ന ഗുണങ്ങള്‍ ഉണ്ടായിരിണം:
1. ഭൂമിയുടെ ഉപരിതലത്തില്‍ ജീവിക്കുന്നവയായിരിക്കണം.
2.അവയുടെ ദഹനേന്ദ്രിയങ്ങള്‍ ചപ്പുചവറുകള്‍ തിന്നുന്നതിനും യോജിച്ചതായിരിക്കണം.
3.പെട്ടെന്ന് വംശവര്‍ദ്ധന നടത്തുന്ന പെരുകുന്ന സ്വഭാവം ഉണ്ടായിരിക്കണം.
4. മണ്ണിരയുടെ ആഹാരം ഏകദേശം അതിന്റെ ശരീരഭാരത്തിന്റെ 20 മുതല്‍ 50 ശതമാനം വരെയാണ്.

മേല്‍പ്പറഞ്ഞ പ്രത്യകഗുണമുള്ള യൂഡ്രില്ലസ്സ് (ആഫ്രിക്കന്‍ മണ്ണിര), ഐസീന (ചുവന്ന മണ്ണിര) എന്നീ ജാതിയില്‍പ്പെട്ടവയെയാണ് ഇന്‍ഡ്യയില്‍ സാധാരണയായി മണ്ണിര കമ്പോസ്റ്റ് ഉല്പാദനത്തിന് ഉപയോഗിക്കുന്നത്.  കേരളത്തില്‍ കൂടുതലും ആഫ്രിക്കന്‍ മണ്ണിരയാണ് ഉപയോഗിക്കുന്നത്.

മണ്ണിര കമ്പോസ്റ്റ് ശാസ്ത്രീയമായി ഉല്പാദിപ്പിക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യണം:
1. ടാങ്ക് നിര്‍മ്മാണം.
2. മണ്ണിരയ്ക്ക് നല്‍കുന്ന ഭക്ഷണം പാകപ്പെടുത്തല്‍.
3. ടാങ്കില്‍ മണ്ണിരയുടെ നിക്ഷേപം.
4. ഭക്ഷണം നല്‍കല്‍.
5. ഈര്‍പ്പ ക്രമീകരണം.
6. മണ്ണിര കമ്പോസ്റ്റ് ശേഖരണവും സൂക്ഷിച്ചുവയ്ക്കലും.

ടാങ്ക് നിര്‍മ്മാണം:

ഭൂമിയുടെ ഉപരിതലത്തിനുമുകളില്‍ ടാങ്ക് നിര്‍മ്മിക്കണം.  60 സെന്റീ മീറ്ററില്‍ കൂടുതല്‍ ടാങ്കിന് പൊക്കം ആവശ്യമില്ല.
ടാങ്ക് നിര്‍മ്മാണത്തിനു തെരഞ്ഞെടുക്കുന്ന സ്ഥലം വെള്ളം കെട്ടിനില്‍ക്കാത്തതും തണല്‍ ഉള്ളതും ആയിരിയ്ക്കണം.  ടാങ്കില്‍ വീഴുന്ന അധികജലം ഒഴുകിപ്പോകിന്നതിനായി ടാങ്കിന്റെ ഒരു ഭാഗത്ത് 1 മുതല്‍ 1.5 സെന്റീ മീറ്റര്‍ വണ്ണത്തിലുള്ള പ്ളാസ്റ്റിക്ക് കുഴല്‍ 15 സെ. മീറ്റര്‍ നീളത്തില്‍ മുറിച്ച് ഘടിപ്പിക്കണം.  ഉറുമ്പ് കയറാതിരിക്കാനായി കുഴല്‍ അടച്ചു വയ്ക്കണം.  ഉറുമ്പിന്റെ ശല്യം തടയാന്‍ വെള്ളം കെട്ടി നിറുത്തുന്നതിന് വേണ്ടി ടാങ്കിനുചുറ്റും 5 സെന്റീ മീറ്റര്‍ വീതിയിലും 2.5 സെ. മീറ്റര്‍ താഴ്ചയിലും ഒരു ചാല്‍ നിര്‍മ്മിയ്ക്കണം.
ടാങ്കിന്റെ ഉള്‍ഭാഗം സിമന്റ് ഉപയോഗിച്ച് ബലപ്പെടുത്തണം.  ടാങ്കില്‍ വെയിലും മഴയും ഏല്ക്കാതിരിക്കാന്‍ ഒരു മൂടി ഉണ്ടാക്കണം.  എലിയുടെ ശല്യം ഒഴിവാക്കാന്‍ ടാങ്കിന്റെ മുകള്‍ഭാഗത്ത് വയ്ക്കണം.

ഭക്ഷണം പാകപ്പെടുത്തല്‍:

മണ്ണിര അഴുകിയ ഭക്ഷണപദാര്‍ത്ഥങ്ങളേ കഴിക്കുകയുള്ളൂ.  അതുകൊണ്ട് ഖരജൈവമാലിന്യങ്ങള്‍ അവയുടെ ഭാരത്തിന്റെ 10%-20% വരെ പച്ചച്ചാണകവുമായി കലര്‍ത്തി തണലത്തു സൂക്ഷിച്ചു വയ്ക്കണം.  അതിനെ നാലഞ്ചു ദിവസത്തിലൊരിയ്ക്കല്‍ ഇളക്കി നനച്ചുകൊടുത്താല്‍ 20 മുതല്‍ 25 ദിവസം കൊണ്ട് കമ്പോസ്റ്റായി മാറാന്‍ തുടങ്ങും.  അങ്ങനെ പരുവപ്പെടുത്തിയ ഭക്ഷണസാധനങ്ങള്‍ മാത്രമേ മണ്ണിരയ്ക്ക് നല്‍കാവൂ.  ഭക്ഷണ അവശിഷ്ടങ്ങളും പെട്ടെന്ന് അഴുകുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും അവശിഷ്ടങ്ങളും നേരിട്ടുതന്നെ മണ്ണിരയ്ക്ക് ഭക്ഷണമായി നല്‍കാം.

ടാങ്കില്‍ മണ്ണിരയുടെ നിക്ഷേപം:

സ്വഭാവ വിശേഷമുള്ള മണ്ണിരകളെ ടാങ്കില്‍ നിക്ഷപിക്കാം.  അവയില്‍ 75% കുഞ്ഞുങ്ങളായിരിയ്ക്കണം.  അവ പുതിയ സ്ഥലങ്ങളുമായി പെട്ടെന്ന് ഇണങ്ങി വളര്‍ന്നു കൊള്ളും.  പ്രായപൂര്‍ത്തിയായ മണ്ണിരകള്‍ പുതിയ സ്ഥലത്ത് വളരുന്നതിന് പ്രയാസമാണ്.

മണ്ണിര ടാങ്കില്‍ നിക്ഷപിക്കുന്നതിന് മുമ്പ് ടാങ്കിന്റെ ഉള്ളില്‍ 5 സെ.മീ.-10 സെ.മീ. ഘനത്തില്‍ നനഞ്ഞ ചാണകപ്പൊടി വിരിച്ചശേഷം അതിനുമുകളില്‍ പച്ച ചാണകം ഒരു ബണ്ടുപോലെ 5 സെ.മീ.-7 സെ.മീ. ഘനത്തില്‍ വയ്ക്കണം.  പച്ചചാണകം വയ്ക്കുന്നത് ടാങ്കിന്റെ രണ്ടു വശത്തു നിന്നും കുറഞ്ഞത് 15 സെ. മീ. അകലത്തില്‍ ആയിരിയ്ക്കണം.  വീതി കൂടിയ ടാങ്കില്‍ 2.3 വരി പച്ച ചാണകം വയ്ക്കാം.  അതിനുശേഷം ടാങ്കില്‍ മണ്ണിരകളെ വിതറി നന്നായി നനയ്ക്കണം.  ഈര്‍പ്പം നിലനിറുത്താനും ടാങ്കില്‍ ഇരുട്ട് ഉണ്ടാക്കാനും ഒരു നനഞ്ഞ ചണ ചാക്കു കൊണ്ടു മൂടിയിടണം.

പച്ചചാണകത്തിലാണ് മണ്ണിര പെട്ടെന്നു പെറ്റു പെരുകുന്നത്.  എന്നാല്‍ പച്ചചാണകം നനക്കുമ്പോള്‍ ചൂടു വരുന്നതിനാല്‍ മണ്ണിരയ്ക്ക് അതു ഭക്ഷിക്കുവാന്‍ കഴിയുകയില്ല.  ആ സമയം മണ്ണിര നനഞ്ഞ ചാണകപ്പൊടി ഭക്ഷിക്കും.  ഏകദേശം ഒരാഴ്ച കഴിയുമ്പോള്‍ അവ പച്ചചാണകത്തില്‍ പ്രവേശിച്ച് ഭക്ഷിയ്ക്കാന്‍ തുടങ്ങും.

നനഞ്ഞ ചണചാക്ക് ഉപയോഗിച്ച് ടാങ്കില്‍ കഴിയുന്നതും വെളിച്ചം കുറച്ചാലേ മണ്ണിര 24 മണിക്കൂറും ഭക്ഷണം കഴിയ്ക്കുകയുള്ളൂ.  അല്ലെങ്കില്‍ അവ പകല്‍ മുഴുവനും ഭക്ഷണം കഴിക്കാതെ വെളിച്ചം തട്ടാത്ത ഭാഗത്തില്‍ ഒളിച്ചിരിക്കും.

ആദ്യം ഉപയോഗിച്ച ചാണകം  തീരുമ്പോള്‍  രണ്ടാമതും മേല്‍ പറഞ്ഞ പ്രകാരം പച്ചചാണകം  ടാങ്കില്‍ നിക്ഷേപിക്കണം.   അതും ഭക്ഷിച്ചുകഴിഞ്ഞാല്‍  കുറേശ്ശെ മറ്റു ഭക്ഷണങ്ങള്‍ നല്‍കി തുടങ്ങാം. 

മണ്ണിരയുടെ  എണ്ണം വര്‍ദ്ധിപ്പിയ്ക്കാനും മറ്റും മണ്ണിര നിക്ഷേപിക്കുമ്പോള്‍ 5- 10 കി ഗ്രാം പുതിയ മണ്ണിരകമ്പോസ്റ്റ്  കൂടി ടാങ്കില്‍   വിതറുന്നത് ഉചിതമെന്ന് കണ്ടിട്ടുണ്ട്. 

മണ്ണിരയ്ക്ക് ഭക്ഷണം നല്‍കല്‍


ടാങ്കില്‍  മണ്ണിര നിക്ഷേപിച്ച് 25-30 ദീവസം കഴിഞ്ഞിട്ടുവേണം  ഭക്ഷണം നല്‍കി തുടങ്ങാന്‍. ഒരിക്കല്‍ നല്‍കിയ ഭക്ഷണം  കഴിഞ്ഞിട്ടു വേണം  രണ്ടാമത് നല്‍കാന്‍


ഭക്ഷണം 10-12 സെ മീ ഘനത്തില്‍ കൂടുതല്‍ ടാങ്കില്‍ ഇടരുത്. കൂടുതല്‍ ഘനത്തില്‍ ഭക്ഷണം ടാങ്കില്‍ ഒന്നിച്ചു നിക്ഷേപിച്ചാല്‍  മണ്ണിര കമ്പോസ്റ്റിന് പകരം സാധാരണ കമ്പോസ്റ്റ് ലഭിക്കും. 

ടാങ്കിന്റെ വശങ്ങളില്‍  നിന്ന് കുറഞ്ഞത്  15 സെ മീ ഉള്ളിലേക്ക് വേണം ഭക്ഷണം നിക്ഷേപിക്കാന്‍

ആഹാരാവശിഷ്ടങ്ങള്‍ അറവുശാലയിലെ  അവശിഷ്ടങ്ങള്‍ എന്നിവ ടാങ്കില്‍  മണ്ണിരയ്ക്ക് ഭക്ഷണമായിനല്‍കി തുടങ്ങാന്‍  35-45 ദിവസം കഴിയണം.

എണ്ണമയമുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍  ടാങ്കില്‍ ഇടുന്നതിന് മുമ്പ് ചാണകപ്പൊടിയോ, മണ്ണിര കമ്പോസ്റ്റോ കൂട്ടി കലര്‍ത്തണം.

ഉപ്പ് കീടനാശിനികള്‍ എന്നിവ ടാങ്കില്‍  ഇടരുത്. 

1 ച. മീറ്റര്‍ സ്ഥലത്ത്  ദിവസവും 5 കി ഗ്രാം ഭക്ഷണം ഇടാം

കമ്പോസ്റ്റ് സംഭരണം

    മണ്ണിരകമ്പോസ്റ്റ്  ഉല്പാദന പ്രക്രിയ തുടങ്ങി 35-40 ദിവസം കഴിയുമ്പോള്‍  ടാങ്കില്‍ ഭക്ഷണം ഇട്ടുകൊടുക്കുന്നതിന്‍ രണ്ടുവശത്തുനിന്നും മണ്ണിരകമ്പോസ്റ്റ് ശേഖരിച്ചു തുടങ്ങാം. വലിയ ടാങ്കില്‍ ഭക്ഷണ നിരയുടെ  ഇടയില്‍ നിന്നും  കമ്പോസ്റ്റ് ശേഖരിക്കാം.  തുടര്‍ന്നന 7 8 ദീവസം  ഇടവിട്ട് കമ്പോസ്റ്റ് ശേഖരിക്കാം.  മണ്ണിരയുടെ എണ്ണം കൂടുന്നതിനനുസരിച്ച്  കമ്പോസ്റ്റിന്റെ  ഉല്‍പാദനവും കൂടും.

10 കി ഗ്രാം ഉള്ള ഒരു ചതുരക്ര മീറ്റ്ര്‍ സ്ഥലത്ത് നിന്ന്  ദിവസവും 2-2.5 കി ലോഗ്രാം കമ്പോസ്റ്റ് ലഭിക്കും
ടാങ്കിന്റെ വശങ്ങളില്‍ നിന്ന് 15 സെ മീ  അകലം  നല്‍കി കമ്പോസ്റ്റിന്റെ മുകളില്‍ 2.5-5 സെ മീ ഘനത്തില്‍  ചാണകം  കട്ടിയായി കല്ക്കി ഒഴിക്കുക.   ചാണകക്കുഴമ്പിനെ നന്നായി  നനച്ച ചണച്ചാക്കുകൊണ്ട്  മൂടുക. നാലഞ്ചു ദിവസത്തിനകം 80%  മണ്ണിരയും ചാണകകുഴമ്പില്‍ എത്തും. ഈ ചാണകകുഴമ്പടക്കം  മണ്ണിരകളെ മാറ്റിയ  ശേഷം കമ്പോസ്റ്റ്  വെയിലേല്‍ക്കുന്ന സ്ഥലത്ത് പ്ളാസ്റ്റിക്ക് ഷീറ്റില്‍ കൂനകളായി ഇടുക.  കൂവകളുടെ ഉള്ളിലുളള മണ്ണിരകളെല്ലാം കൂനയുടെ അടിഭാഗത്തേക്ക മാറും ഈ സമയം കൂനയുടെ മുകള്‍ ഭാഗത്ത് നിന്നും  കമ്പോസ്റ്റ് കുറേശ്ശെ വാരി മാറ്റുക.   അടിയിലെ മണ്ണിരകളെ വീണ്ടും ടാങ്കില്‍  നിക്ഷേപിക്കുക. 

    ഇങ്ങനെ ശേഖരിക്കുന്ന കമ്പോസ്റ്റ്  പ്ളാസ്റ്റിക്ക് ചാക്കില്‍  കെട്ടി തണലത്തു വച്ചാല്‍ രണ്ടുകൊല്ലം വരെ  ഗുണം നഷ്ടപ്പെടുകയില്ല.  കമ്പോസ്റ്റ് ഒരിക്കലും വെയിലത്ത് ഇട്ട് ഉണക്കരുത്. 
    ചെറിയ ചട്ടികളിലും കവറിലും മണ്ണിന്റെ കൂടെ വളരേ കുറച്ചുമാത്രമെ ചേര്‍ക്കാവൂ.  ആവശ്യത്തിന് നനവ് ഉണ്ടാക്കിയിട്ട് വേണം മണ്ണിര കമ്പോസ്റ്റ്  ചെടികളുടെ ചുവട്ടില്‍ ഇടാന്‍ അല്ലെങ്കില്‍ കമ്പോസ്റ്റിന്റെ ഗുണം ലഭിക്കുകയില്ല. ഇത് ജൈവവളമായി ഉപയോഗിക്കുമ്പോള്‍  രാസവളത്തിന്റെ അളവ്  ശുപാര്‍ശ്ശ ചെയ്യുന്ന അളവിന്റെ പകുതി ഉപയോഗിച്ചാലും വിളവിന് കുറവ് വരുന്നില്ല. 

വെര്‍മി വാഷ്

    വെര്‍മികമ്പോസ്റ്റ്  എടുത്ത് നല്ല ഇഴയകലമുള്ള  തുണിയില്‍ കെട്ടി  1 ലിറ്റര്‍ വെള്ളത്തില്‍ 2 ദിവസം കുതിര്‍ത്തു വച്ച ശേഷം പിഴിഞ്ഞെടുത്താല്‍ ചായയുടെ നിറമുള്ള ദ്രാവകം ലഭിക്കും ഇതാണ് വെര്‍മി വാഷ്. ഇത് നേരിട്ട് ചെടികളില്‍ തളിക്കാം വാനിലയ്ക്കും ഓര്‍ക്കിഡകള്‍ക്കും  ഇത് വളരം യോജിച്ചതാണ്.  രണ്ടു മൂന്നു ദിവസം  ഇത് സൂക്ഷിച്ച് വയ്ക്കാന്‍ അതില്‍ കുറച്ച് ശര്‍ക്കര ചേര്‍ത്താല്‍ മതി.

    ടാങ്കിന്റെ ഉള്ളില്‍  വെള്ളം ഒഴിച്ചിട്ട് ടാങ്കിന്റെ  അടിയ്ല്‍ കൂടി വരുന്ന് ദ്രാവകം വെര്‍മിവാഷ് അല്ല. അതിനെ  ലിച്ചേറ്റ് എന്നാണ് പറയുന്നത്.  അതില്‍ ഫിനോളിന്റെ അംശം ഉള്ളതിനാല്‍ നേരിട്ടു ചെടികളില്‍ തളിച്ചാല്‍ ഇലകള്‍ഡ നശിച്ചുപോവാന്‍ സാധ്യതയുണ്ട്.  അതിനാല്‍ അതില്‍ വെള്ളം കലര്‍ത്തി നേര്‍പ്പിച്ചുപയോഗിക്കണം.

    സസ്യ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ ചെടികള്‍ക്ക് പെട്ടന്നാഗിരണം ചെയ്യാന്‍ പറ്റുന്ന രൂപത്തില്‍ വെര്‍മിവാഷില്‍ ലഭ്യമാണ്.  കൂടാതെ അന്തരീക്ഷത്തിലെ നൈട്രജനെ സ്വീകരിക്കാനും, ലേയത്വം കുറഞ്ഞ  ഫോസ്ഫറസ്സിന്റെ  ലഭ്യത കൂട്ടാനും മറ്റും സഹായിക്കുന്ന  പലതരം സൂക്ഷമാണുക്കളും ഇതിലുണ്ട്.
ഉറവിടം: എന്റെ ഗ്രാമം-പായം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക