.

.

Saturday, September 17, 2011

വയനാട് വന്യജീവി സങ്കേതത്തോട് അധികൃതര്‍ക്ക് അവഗണന

സുല്‍ത്താന്‍ബത്തേരി: ജൈവ വൈവിധ്യത്തിന്റെ കലവറയും വന്യജീവികളാല്‍ സമ്പന്നവുമായ മുത്തങ്ങ വന്യജീവി സങ്കേതത്തെ അധികൃതര്‍ അവഗണിക്കുന്നു. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ ഇവിടെയെത്തുമ്പോള്‍ യാതൊരു സൗകര്യവും അധികൃതര്‍ ഏര്‍പ്പെടുത്തുന്നില്ല.

ഇവടെയെത്തുന്ന സഞ്ചാരികളില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് കാര്യമായ വികസനം നടത്താന്‍ കഴിയില്ല. ടൂറിസ്റ്റുകള്‍ സഞ്ചരിക്കുന്ന വനത്തിലെ റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് സോളിങ് ചെയ്ത റോഡാണിത്. ദിവസേന നിരവധി ജീപ്പുകള്‍ സന്ദര്‍ശകരെയും കൊണ്ട് ഇതിലൂടെ പോയി വന്‍കുഴികള്‍ രൂപപ്പെട്ടു. വനം വകുപ്പ് വര്‍ഷങ്ങള്‍ക്കു മുമ്പ് സന്ദര്‍ശകര്‍ക്കായി ബസ്സ് വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ ഒരു ബസ്സ് വന്നു. അന്നുതന്നെ കട്ടപ്പുറത്തായി. വനപാതകള്‍ നന്നാക്കാതെ ബസ് വന്നാലും കാര്യമില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ മുത്തങ്ങയില്‍ ഉരഗ പാര്‍ക്കിന് രൂപം നല്‍കിയിരുന്നു. കാലം സംരക്ഷിച്ചുവെങ്കിലും പറശ്ശിനിക്കടവ് സംഭവത്തോടെ പദ്ധതി തകര്‍ന്നു. പാമ്പുകളെ വനത്തിലേക്ക് വിട്ടു. പിന്നീട് ഫോറസ്റ്റ് മ്യൂസിയത്തിന്റെ നിര്‍മാണം തുടങ്ങി. ആനയും കടുവയും പുലിയും കരടിയും ഉണ്ടെങ്കിലും സംരക്ഷണത്തിന്റെ കുറവ്മൂലം വേണ്ട രീതിയില്‍ കൊണ്ട് നടക്കാന്‍ കഴിയുന്നില്ല.

വനം വകുപ്പിന്റെ മറ്റൊരു നല്ല പദ്ധതിയായിരുന്നു ജന്മനക്ഷത്ര മരങ്ങളുടെ സംരക്ഷണം. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നതും അറിയാത്തതുമായ മരങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതിയും കാര്യമായി നടന്നില്ല. ആനസവാരിയിലൂടെ മുതുമലയും ബന്ധിപ്പൂരും വന്‍ വരുമാനം ഉണ്ടാക്കുമ്പോള്‍ മുത്തങ്ങ കാഴ്ചക്കാരെ പോലെ നില്‍ക്കുകയാണ്.

വയനാട്ടിലെ കാനനസഞ്ചാരമാണ് കേരളത്തിനകത്തും പുറത്തുമുള്ള സഞ്ചാരികള്‍ ആഗ്രഹിക്കുന്നത്.

മൃഗങ്ങളെ ഏറെ കാണാന്‍ കഴിയുന്ന പാത ഉണ്ടെങ്കിലും ഗതാഗതയോഗ്യമല്ല. വന്യജീവികളും മനസ്സിന് കുളിരേകുന്ന അരുവികളും വനമധ്യത്തില്‍ നിറഞ്ഞുനില്ക്കുന്ന തടാകങ്ങളും മുത്തങ്ങയിലല്ലാതെ മറ്റെങ്ങും കാണാനാവില്ല.
വരുമാനത്തിന്റെ കാര്യത്തില്‍ മുത്തങ്ങ മുന്നിലാണ്. ഓരോ വര്‍ഷവും ലക്ഷങ്ങളാണ് വിനോദസഞ്ചാര വരുമാനത്തിലൂടെ ലഭിക്കുന്നത്. സന്ദര്‍ശകര്‍ക്കൊപ്പം പോകുന്ന ഗൈഡുകള്‍ക്ക് നേരത്തേ ദിവസക്കൂലിയായിരുന്നു. ഇപ്പോഴും ഒരു ട്രിപ്പിന് 90 രൂപവെച്ചാണ് നല്കുന്നത്. മിച്ചം വരുന്ന ഫണ്ടും വികസനത്തിനായി ഉപയോഗിക്കാതെ കിടക്കുകയാണ്. ഇതിനെല്ലാംപുറമേ ബസ്സുകള്‍ക്ക് 30 രൂപയും ചെറിയ വാഹനങ്ങള്‍ക്ക് 20 രൂപയും ഇരുചക്രവാഹനത്തിന് അഞ്ചുരൂപയും പാര്‍ക്കിങ്ചാര്‍ജും വനംവകുപ്പ് ഈടാക്കുന്നുണ്ട്.
സപ്തംബര്‍ ഒന്നുമുതല്‍ പത്തുവരെ 3573 മുതിര്‍ന്നവര്‍ സന്ദര്‍ശകരായെത്തി. ഈ ഇനത്തില്‍ 2,14,338 രൂപയും 575 കുട്ടികളില്‍നിന്നായി 17,250 രൂപയും, 715 ജീപ്പുകള്‍ കടന്ന വകയില്‍ 35,750 രൂപയും കിട്ടി. ഈ പത്തുദിവസംകൊണ്ട് 50 വിദേശികളും മുത്തങ്ങ സന്ദര്‍ശിച്ചു. സപ്തംബര്‍ ഒന്നുമുതല്‍ പത്തുവരെ വയനാട്ടില്‍ കനത്ത മഴയായിരുന്നു. എന്നിട്ടും വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞില്ല.

Mathrubhumi Wayanadu News,17-9-2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക