.

.

Thursday, September 15, 2011

കടലുണ്ടിയുടെ അതിഥികള്‍ എത്തിത്തുടങ്ങി


കടലുണ്ടി പക്ഷിസങ്കേതം ദേശാടനപ്പക്ഷികളുടെ കലപിലകളാല്‍ മുഖരിതമാകുന്നു. ദേശാടനപ്പക്ഷികളുടെ കൂട്ടത്തോടെയുള്ള വിരുന്നുവരവിന് മുന്നോടിയായി ചെറുപക്ഷിക്കൂട്ടങ്ങള്‍ കടലുണ്ടിയിലെത്തിത്തുടങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ പക്ഷിക്കൂട്ടങ്ങള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പക്ഷി നിരീക്ഷകരും നാട്ടുകാരും. ആഗസ്ത് പകുതി മുതലാണ് ഇവിടെ ദേശാടനപക്ഷികളെത്തിത്തുടങ്ങാറ്. കടലുണ്ടിപ്പുഴയും അറബിക്കടലും സംഗമിക്കുന്ന അഴിമുഖത്തോട് ചേര്‍ന്ന് വിശാലമായ ചെളിത്തിട്ടകളാണ് വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി എത്തുന്ന ദേശാടനപ്പക്ഷികളുടെ ഇഷ്ടതാവളം. കടലുണ്ടി റെയില്‍പ്പാലത്തിനും അറബിക്കടലിനുമിടയിലുള്ള 600 ഏക്കറിലാണ് പക്ഷികള്‍ വര്‍ണക്കാഴ്ചളൊരുക്കി ഇരതേടുക. ശരത്കാലത്തെ കൊടുംതണുപ്പില്‍ നിന്ന് രക്ഷനേടാനായി യൂറോപ്പ്, മധ്യഏഷ്യ, സൈബീരിയ എന്നിവിടങ്ങളില്‍ നിന്നായി എത്തുന്ന അറുപതോളം ഇനം ദേശാടനപ്പക്ഷികളെ കടലുണ്ടിയില്‍ കണ്ടെത്തിയിട്ടുണ്ട്.

പക്ഷിസങ്കേതത്തോടനുബന്ധിച്ചുള്ള കടലുണ്ടിപ്പുഴയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന കാല്‍വരിക്കുന്നും കോട്ടക്കുന്നും പൂച്ചേരിക്കുന്നും കടലുണ്ടിപ്പുഴയിലെ പച്ചത്തുരുത്തുകളും ഒത്തുചേരുന്ന അപൂര്‍വ പ്രകൃതി സംഗമമാണ് ദേശാടനപ്പക്ഷികള്‍ക്ക് ഇവിടെ അനുയോജ്യമായ ആവാസ വ്യവസ്ഥയൊരുക്കുന്നത്. ഗ്രേറ്റ് ഹോട്ട്, ക്രാബ് പ്ലോവര്‍, താലിപ്പരുന്ത്, പവിഴക്കാലി, പച്ചക്കാലി, വാള്‍കൊക്ക്, തെറ്റിക്കൊക്ക്, കാടക്കൊക്ക്, മണല്‍ക്കോഴി, കടല്‍ക്കൊക്ക്, ആളകള്‍, ഞെണ്ടുപിടിയന്‍, ടേണ്‍സ്റ്റോണ്‍, ഷാര്‍ബേഡ്‌സ്, ഡണ്‍ലിവര്‍,കാലിമുണ്ടി, ചിന്നമുണ്ടി, പെരുമുണ്ടി, ചാരമുണ്ടി, തിരുമുണ്ടി, ചെറുമുണ്ടി, കടലുണ്ടി ആള, ചേരക്കൊക്കന്‍, പുതുക്കി മുണ്ടന്‍, പറക്കും താറാവ്,... തുടങ്ങി സ്വദേശികളും വിദേശികളുമായ ദേശാടനപക്ഷികളെ കടലുണ്ടിയില്‍ കണ്ടെത്തിയിരുന്നു.

സപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് കടലുണ്ടി പക്ഷിസങ്കേതത്തില്‍ ദേശാടനപക്ഷികളെ കൂടുതലായി കാണാറ്. ഏപ്രില്‍, മെയ് മാസങ്ങളോടെ ഇവ സ്വദേശങ്ങളിലേക്ക് മടങ്ങും. മാലിദ്വീപ്, ലക്ഷദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പോകുന്ന ദേശാടനപക്ഷികളുടെ ഇഷ്ടതാവളം കൂടിയാണ് കടലുണ്ടി. ഇവിടെയെത്തുന്ന ചിലയിനം പക്ഷികള്‍ 8,000കിലോമീറ്റര്‍ വരെ താണ്ടിയാണ് എത്തുന്നതെന്നാണ് പക്ഷി നിരീക്ഷകരുടെ അഭിപ്രായം. കടലുണ്ടി, വള്ളിക്കുന്ന് പഞ്ചായത്തുകള്‍ ഇവിടെ പക്ഷിവേട്ട നിരോധിച്ചിട്ടുണ്ട്. പക്ഷിസങ്കേതത്തിന് സമീപത്തുകൂടി കടന്നുപോകുന്ന കടലുണ്ടിക്കടവ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെയെത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

Mathrubhumi Kozhikkodu News 15.9.2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക