.

.

Sunday, September 25, 2011

കേരളത്തിന്റെ പച്ചപ്പിന് ഒരു വിലയുമില്ലേ...

കേരളത്തിലെ വനങ്ങളും തോട്ടങ്ങളും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനു നല്‍കുന്ന വന്‍ സംഭാവനകള്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നുണ്ടോ? ഇല്ലെന്നാണ് ഇതു സംബന്ധിച്ച വിദഗ്ധ പഠനം വ്യക്തമാക്കുന്നത്. മാത്രമല്ല, വനസംരക്ഷണത്തിന്റെയും പരിസ്ഥിതിയുടെയും പേരില്‍ സംസ്ഥാനത്തിന്റെ പല പദ്ധതികള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.

പ്രകൃതിസമ്പത്തും വിഭവങ്ങളും സംരക്ഷിക്കുന്നതിനും പരിസ്ഥിതി സംബന്ധമായ ആവശ്യങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ 5000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ 135.5 കോടി രൂപ (2.7%) മാത്രമാണു കേരളത്തിന്റെ വിഹിതം. അതേസമയം, വനങ്ങളുടെ വിസ്തൃതിയില്‍ രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ കേരളം മുന്നില്‍നില്‍ക്കുന്നു. കൊച്ചി ആസ്ഥാനമായ സെന്റര്‍ ഫോര്‍ സോഷ്യോ-ഇക്കോണമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് ചെയര്‍മാനും സാമ്പത്തിക വിദഗ്ധനുമായ കെ.കെ. ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്, കേരളത്തിന് ഇതില്‍ കൂടുതല്‍ ഗ്രാന്റായി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ്.

വനങ്ങള്‍ക്കു പുറമെ, റബര്‍, കാപ്പി, തേയില തുടങ്ങിയവയുടെ തോട്ടങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ അര്‍ഹത വീണ്ടും കൂടുന്നു. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഒാക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിന് ഇവയ്ക്കു വലിയ പങ്കുണ്ട്. കേന്ദ്രമന്ത്രി ജയറാം രമേശ് പരിസ്ഥിതി വനംവകുപ്പിന്റെ ചുമതലയിലായിരിക്കെ, കേരളത്തിന് ഗ്രീന്‍ ബോണസ് നല്‍കണമെന്നു പ്രധാനമന്ത്രിയോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

വൈദ്യുതിയുടെ

ഉല്‍പാദനത്തിലും ഉപയോഗത്തിലും പരിസ്ഥിതിക്ക് ഏറ്റവും കുറവ് ദോഷം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. 1980-2000 ലെ ഇന്ധന ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനമനുസരിച്ച് കാര്‍ബണ്‍ ഡൈ ഒാക്സൈഡ് പുറത്തുവിടുന്നതില്‍ ഇന്ത്യയിലെ 15 പ്രമുഖ സംസ്ഥാനങ്ങളില്‍ കേരളം ഏറ്റവും പുറകില്‍ നില്‍ക്കുന്നു. അതേസമയം, അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതില്‍ സംസ്ഥാനത്തിന് ഉയര്‍ന്ന സ്ഥാനമുണ്ട്. വനഭൂമിയുടെ കാര്യത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. ഇതിന് 5027 ചതുരശ്ര കിലോമീറ്ററില്‍ റബര്‍ കൃഷിയുണ്ട്. ശാസ്ത്രീയ പഠനമനുസരിച്ച് 21 വര്‍ഷം പ്രായമായ റബര്‍ തോട്ടങ്ങള്‍ക്ക്, വനമേഖലയ്ക്കൊപ്പം കാര്‍ബണ്‍ ഡൈ ഒാക്സൈഡ് ആഗിരണം ചെയ്യാന്‍ കഴിയും. റബറിനു പുറമെയാണ് അതിവിശാലമായ കാപ്പി, തേയില, തെങ്ങ്, കശുവണ്ടി തോപ്പുകള്‍. വീടിനോടു ചേര്‍ന്ന പരിസരങ്ങള്‍പോലും ജൈവ വൈവിധ്യംകൊണ്ടു സമ്പന്നം.

ആസൂത്രണ കമ്മിഷനു പുറമെ, രാജ്യാന്തര ഏജന്‍സികളെക്കൂടി ഇക്കാര്യം ബോധ്യപ്പെടുത്തി സംസ്ഥാനത്തിന് സാമ്പത്തികനേട്ടവും ആനുകൂല്യങ്ങളും കൈവരിക്കാമെന്ന് കെ.കെ. ജോര്‍ജ് ചൂണ്ടിക്കാട്ടി. ഇവ സംരക്ഷിക്കുന്നതിനുള്ള ചെലവും വനഭൂമി കൃഷിക്കായി ഉപയോഗിക്കാത്തതിലുള്ള നഷ്ടവും വകവച്ചു കിട്ടണം. ജനസാന്ദ്രതയില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തില്‍ പാര്‍പ്പിടപ്രശ്നം രൂക്ഷമാണ്. കൃഷിഭൂമിയുടെ അളവാകട്ടെ, തീരെ കുറവും. ഇന്ത്യയില്‍ ഇത് ശരാശരി 1.32 ഹെക്ടറുള്ളപ്പോള്‍ സംസ്ഥാനത്ത് 0.24 ഹെക്ടര്‍ മാത്രം.

വരുമാനസ്രോതസുകള്‍ മുരടിച്ചുനില്‍ക്കുന്ന കേരളത്തിന്, കാര്യങ്ങള്‍ ശക്തമായി അവതരിപ്പിച്ചാല്‍ വന്‍ നേട്ടമുണ്ടാക്കാമെന്നാണു പഠനം നിര്‍ദേശിക്കുന്നത്. വനസംരക്ഷണം മൂലമുള്ള വരുമാന നഷ്ടം, വര്‍ധിച്ച ചെലവ്, രാജ്യത്തിന് പരിസ്ഥിതി പ്രശ്നങ്ങള്‍ കുറയ്ക്കുന്നതില്‍ നല്‍കുന്ന സംഭാവന എന്നിവയെല്ലാം വകവച്ചു കിട്ടേണ്ടതാണ്. കൃഷിക്കാര്‍ക്കും ഇതിന്റെ പങ്കു നല്‍കാം. 'ഗ്രീന്‍ ബോണസ് പോലെ 'കാര്‍ബണ്‍ ക്രെഡിറ്റും കാര്‍ഷിക മേഖലയ്ക്കു പുതിയൊരു അവസരം തുറന്നുകൊടുക്കുന്നു.

ആഗോളതാപനത്തിന് വഴിവയ്ക്കുന്ന ഹരിത വാതകമായ കാര്‍ബണ്‍ ഡൈ ഒാക്സൈഡിന്റെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതില്‍ ലോകമെമ്പാടും ആശങ്കയുണ്ട്. ഇൌ വില്ലനെ കാര്‍ബണ്‍ ക്രെഡിറ്റ് എന്ന കച്ചവടച്ചരക്കാക്കിയാണ് രാജ്യങ്ങളും കമ്പനികളും കൃഷിക്കാരുമൊക്കെ നേട്ടമെടുക്കുന്നത്. ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നതിന്റെ തോതുമായി ബന്ധിപ്പിച്ച യൂണിറ്റുകള്‍ അവധി വിപണിയില്‍ വില്‍ക്കാനും വാങ്ങാനും വേദിയുണ്ട്. വന്‍ വ്യവസായവികസനം നേടിയ യൂറോപ്യന്‍ രാജ്യങ്ങളാണ് ഇതിന്റെ മുഖ്യ വാങ്ങലുകാര്‍. ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നതില്‍ പുറകില്‍ നില്‍ക്കുന്ന ഇന്ത്യയും ചൈനയും വില്‍പനയില്‍ മുന്നിലുണ്ട്.

എം.ഡി.വര്‍ഗീസ്(Manoramaonline Thrissur)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക