
കെ.എ.യു ലോക്കല്‍ (ഇടത്തരം വലിപ്പമുള്ള നീണ്ടുരുണ്ട കായ്കള്‍),ഇന്ദു (ഇടത്തരം വലിപ്പമുള്ള ഉരുളന്‍ കായ്കള്‍) എന്നീ ഇനങ്ങളിലുള്ള കുമ്പളച്ചെടികളാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്.ഒരു സെന്റ് സ്ഥലത്ത് കൃഷി ആരംഭിക്കുവാന്‍ 4 ഗ്രാം വിത്ത് മതി. ചെടി നടുന്നതിന് മുമ്പ് സ്ഥലം നന്നായി കിളച്ച് നിരപ്പാക്കിയ ശേഷം മണ്ണില്‍ കുമ്മായം ചേര്‍ക്കണം. ഒരാഴ്ചയ്ക്കുശേഷം അടിവളം കൊടുത്ത് വിത്ത് നടാവുന്നതാണ്. അടിവളമായി കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ നല്‍കാം.വെള്ളത്തിലിട്ട് കുതിര്‍ത്ത വിത്ത് കുഴികളെടുത്ത് നടാം.
കുഴികള്‍ തമ്മില്‍ 2 മീറ്ററും വരികള്‍ തമ്മില്‍ 4.5 മീറ്ററും അകലം വേണം. ഓരോ കുഴിയിലും നാലോ അഞ്ചോ വിത്ത് നട്ട് അവ മുളച്ച് കഴിഞ്ഞാല്‍ ആരോഗ്യമുള്ള രണ്ടോ മൂന്നോ തൈകള്‍ നിര്‍ത്തി ബാക്കി പിഴുത് മാറ്റാം.
വളപ്രയോഗം

വിത്ത് നട്ട് 45 ദിവസം കഴിയുമ്പോള്‍ ചെടികള്‍ പൂവിടും.വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ 34 ദിവസത്തെ ഇടവേളയില്‍ നനയ്ക്കണം. പൂവിടുന്ന സമയത്തും കായ്ക്കുന്ന സമയത്തും ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കേണ്ടതാണ്. വളപ്രയോഗം നടത്തുമ്പോള്‍ കളയെടുക്കലും, മണ്ണിളക്കലും നടത്തണം. മഴക്കാലത്ത് മണ്ണ് കിളച്ചു കൊടുകൊടുക്കണം.

കീടങ്ങളും നിയന്ത്രണവും
കുമ്പളച്ചെടിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ ഇലപ്പേന്‍, മൃദുരോമപൂപ്പല്‍, പുഴുക്കുത്ത് എന്നിവയാണ്.ഇലപ്പേനിന് പ്രതിവിധിയായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം നല്‍കാം.
ചെടികള്‍ മൊത്തമായും മഞ്ഞനിറം ബാധിച്ച് ഉണങ്ങി നശിക്കുന്ന വാട്ടരോഗം ബാധിക്കാതെ 'ചാണകപ്പാല്‍' ലായനി തളിച്ചു കൊടുക്കുകയോ, 0.05 ശതമാനം വീര്യമുള്ള മാലത്തിയോണോ 2 ശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് ലായനിയോ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയോ ചെയ്യാം. കുമിള്‍നാശിനി, കീടനാശിനി എന്നിവ ഉപയോഗിച്ച് 10 ദിവസങ്ങള്‍ക്കു ശേഷമേ വിളവെടുക്കാവു. പാചകത്തിന് മുന്‍പ് കായ്കള്‍ വെള്ളത്തില്‍ നന്നായി കഴുകണം.
കുമ്പളത്തിന്റെ ഔഷധ ഗുണങ്ങള്‍

ആനാഹം, അമ്ലപ്പിത്തം മുതലായ രോഗങ്ങളില്‍ കാലത്ത് വെറുംവയറ്റില്‍ കുമ്പളങ്ങാനീര് കഴിക്കുന്നത് നല്ലതാണ്. ഇത് പരിണാമശൂല (പെപ്റ്റിക് അള്‍സര്‍)യ്ക്കും ഫലംചെയ്യും. രക്തം ചുമച്ചുതുപ്പുന്നതിനു കുമ്പളങ്ങാനീര് ഫലപ്രദമാണ്.
കുമ്പളത്തിന്റെ വള്ളി ഇലയോടെ കഷായംവെച്ച് കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ചുട്ടുനീറ്റല്‍, മൂത്രതടസ്സം എന്നിവ മാറുന്നതാണ്. ചുണങ്ങിനു കുമ്പളവള്ളി ചുട്ട ഭസ്മം ഗോമൂത്രത്തില്‍ ചാലിച്ചു പുരട്ടിയാല്‍ ഫലം കിട്ടും.
കുമ്പളത്തിന്റെ ഇല ചതച്ച് പിഴിഞ്ഞെടുത്ത നീര് പൊള്ളിയ സ്ഥലത്ത് ധാരചെയ്താല്‍ പൊള്ളല്‍മൂലമുള്ള ഭവിഷ്യത്ത് ഒഴിവാക്കുവാന്‍ സാധിക്കുന്നതാണ്. കുമ്പളങ്ങ അരച്ച് നാഭിയില്‍ പുരട്ടിയാല്‍ മൂത്രതടസ്സം തീര്‍ന്ന് മൂത്രം പോകും.
കുമ്പളങ്ങാത്തൊലി ഇടിച്ചുപിഴിഞ്ഞ് എടുത്ത ഒരൗണ്‍സ് നീരില്‍ 200 മില്ലിഗ്രാം കുങ്കുമപ്പൂവും 10 ഗ്രാം തവിടും ചേര്‍ത്ത് രാവിലെയും വൈകുന്നേരവും പ്രമേഹരോഗികള്‍ കഴിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാവുന്നതാണ്.
കൊത്തമല്ലി, ജീരകം, ഇലമങ്ഗം, ചുക്ക് ഇവ സമം പൊടിച്ച് 10 ഇരട്ടി കുമ്പളങ്ങാ അരച്ചുചേര്‍ത്ത് നെയ്യും ചേര്‍ത്ത് നെയ്യിന്റെ നാലിരട്ടി വെള്ളവും കലര്‍ത്തി കാച്ചി പഞ്ചസാരയും ചേര്‍ത്ത് ലേഹ്യപാകമാക്കുക. ഇത് പതിനഞ്ച് ഗ്രാം വീതം രാവിലെയും രാത്രിയും സേവിച്ചാല്‍ ദേഹപുഷ്ടിയുണ്ടാകും.
രോഗമുള്ള എല്ലാവര്‍ക്കും കുമ്പളങ്ങ കഴിക്കുന്നത് ഫലപ്രദമാണ്. പ്രമേഹരോഗികള്‍ക്കും രക്തസമ്മര്‍ദമുള്ളവര്‍ക്കും ഇത് നിഷിദ്ധമല്ല. കുമ്പളങ്ങയുടെ ഉള്ളിലുള്ള കുരു നാടവിരകള്‍ക്ക് പ്രത്യൗഷധമാണ്.
മധുരരസം. ഗുരുവും രൂക്ഷവുമാണ്. ശീതവീര്യം, പാകത്തില്‍ മധുരം. രക്തപിത്തത്തെ ശമിപ്പിക്കും. മലബന്ധം ഉണ്ടാക്കും. അഗ്നിയെ വര്‍ധിപ്പിക്കും. കഫവാതങ്ങളെ നശിപ്പിക്കും.
കടപ്പാട്-കേരളത്തിലെ ഔഷധച്ചെടികള്‍ (മാതൃഭൂമി ബുക്‌സ്) ഡോ. കെ.ആര്‍.രാമന്‍നമ്പൂതിരി
Mathrubhumi Karshikam 22.9.2011
No comments:
Post a Comment