.

.

Friday, September 30, 2011

നാടന്‍ പശുവിന് ആവേശത്തോടെ വരവേല്‍പ്പ്

മാള: മാള പള്ളിപ്പുറത്ത് 55 ഏക്കര്‍ പാടശേഖരത്തില്‍ ആരംഭിക്കുന്ന ചെലവില്ലാ പ്രകൃതി നെല്‍കൃഷിക്കായുള്ള നാടന്‍ പശു വ്യാഴാഴ്ച എത്തി. ചേര്‍ത്തല അര്‍ത്തുങ്കലില്‍ നിന്ന് 'ഹള്ളിഗര്‍' ഇനത്തില്‍പ്പെട്ട നാടന്‍ പശുവിനെയും കിടാവിനെയുമാണ് ഘോഷയാത്രയായി അലങ്കരിച്ച വാഹനത്തില്‍ കൊണ്ടുവന്നത്. ജില്ലാ അതിര്‍ത്തിയായ പൊങ്ങത്ത് വെച്ച് പശുവിനെ കെ.പി. ധനപാലന്‍ എം.പി. വരവേറ്റു. തുടര്‍ന്ന് കൊരട്ടി, ചെറുവാളൂര്‍, അന്നമനട, മാള എന്നിവിടങ്ങളില്‍ കര്‍ഷകരും വിദ്യാര്‍ഥികളും ജനപ്രതിനിധികളും പശുവിനെ വരവേറ്റു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ മനേഷ് സെബാസ്റ്റ്യന്‍, ഡെയ്‌സി ഫ്രാന്‍സിസ്, ടി.കെ. സതീശന്‍, ഇന്ദിര ശിവരാമന്‍, ഡെയ്‌സി തോമസ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പശുവിനെ സ്വീകരിക്കാനെത്തി. വൈകീട്ട് 6 മണിയോടെയാണ് പശുവും കിടാവും മാള പള്ളിപ്പുറത്തെത്തിയത്. കര്‍ഷകരും നാട്ടുകാരും ചേര്‍ന്ന് ഉത്സവാന്തരീക്ഷത്തിലാണ് പശുവിനെ വരവേറ്റത്.

സുഭാഷ് പലേക്കറുടെ ചെലവില്ലാ പ്രകൃതികൃഷിരീതി വ്യാപകമായ രീതിയില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഇവിടെ പരീക്ഷിക്കുന്നത്. ഈ കൃഷിരീതിയില്‍ ആകൃഷ്ടരായ പലരും പരീക്ഷണാടിസ്ഥാനത്തില്‍ നാമമാത്രമായ കൃഷിയിടങ്ങളില്‍ കൃഷിയിറക്കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ നെല്‍കൃഷിയിലെ ഉയര്‍ന്ന വിളവും കുറഞ്ഞ ചെലവുമാണ് 55 ഏക്കറോളം വരുന്ന ഒരു പാടശേഖരം മുഴുവന്‍ ഈ രീതിയില്‍ കൃഷിയിറക്കാന്‍ ഈ രീതിയുടെ പ്രചാരകരായ കെ.എം. ഹിലാല്‍, 'മാര്‍ഗ്ഗം' മുഖ്യകാര്യദര്‍ശി ഡോ. ജോഷി വര്‍ഗ്ഗീസ്, ആചാര്യ വിനയകൃഷ്ണ, സി.എന്‍. മേരി എന്നിവരും കര്‍ഷകരും തയ്യാറായിട്ടുള്ളത്. നെല്‍കൃഷിക്കായുള്ള പാടമൊരുക്കല്‍ ആരംഭിച്ചു. ഞാറ്റടിയും തയ്യാറാക്കിയിട്ടുണ്ട്. ഒക്‌ടോബര്‍ 11, 12 തിയ്യതികളിലായി നടീല്‍ നടക്കും. കൃഷിയുടെ ആദ്യവസാനം വളവും കീടനാശിനിയുമായി ഉപയോഗിക്കുക നാടന്‍ പശുവില്‍ നിന്നുള്ള മൂത്രവും ചാണകവും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതമായിരിക്കും. ഒരു പശുവിന്റെ ചാണകവും മൂത്രവുമുപയോഗിച്ച് 20 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാനാകും. 55 ഏക്കറിലേക്കായി 3 പശുക്കളെയായിരിക്കും ഉപയോഗിക്കുക. കൊരട്ടിയിലെ 'മാര്‍ഗ്ഗ'ത്തോടൊപ്പം മാള പള്ളിപ്പുറത്തെ 'ചെറുപുഷ്പം', 'കുടുംബശ്രീ', 'പവിത്രം' സംഘ കൃഷി പ്രവര്‍ത്തകരും കര്‍ഷകരും 'നിറകതിര്‍ 2011' എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പദ്ധതിയില്‍ പങ്കാളികളാകുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം സുഭാഷ് പലേക്കര്‍ അഷ്ടമിച്ചിറയില്‍ 7 ദിവസം നീണ്ട ശില്‍പ്പശാല നടത്തിയിരുന്നു. അതേത്തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും കൃഷിവകുപ്പുമന്ത്രിയുമായും ഔദ്യോഗിക ചര്‍ച്ച നടന്നിരുന്നു. സംസ്ഥാന കൃഷിവകുപ്പ് പിന്നീട് ചെലവില്ലാ പ്രകൃതികൃഷി അംഗീകൃത കൃഷിരീതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

30.9.2011 Mathrubhumi Thrissur News

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക