.

.

Thursday, September 8, 2011

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഇനി ആമസോണ്‍ കാടുകളും


ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ പദ്ധതി അസാധാരണമായ ദൃശ്യാനുഭവമാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. ഇതുവരെ കാണാത്ത സ്ഥലങ്ങളില്‍ വിരല്‍സ്പര്‍ശത്തിലൂടെ 'എത്താനും', ചുറ്റിനും 360 ഡിഗ്രിയില്‍ 'കാണാനു'മുള്ള അസുലഭ അവസരമാണ് പദ്ധതി വഴി ലഭിക്കുക.

ഇത്രകാലവും നഗരങ്ങളും ലോകാത്ഭുതങ്ങളുമൊക്കെയായിരുന്നു സ്ട്രീറ്റ് വ്യൂവിലൂടെ കാണാന്‍ കഴിഞ്ഞതെങ്കില്‍, അധികം വൈകാതെ ആമസോണ്‍ കാടുകള്‍ പോലെ വിദൂര പ്രദേശങ്ങള്‍ പോലും വിരല്‍സ്പര്‍ശത്തില്‍ നമുക്ക് മുന്നിലെത്തും. അതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ വെളിപ്പെടുത്തി.

ബ്രസീലില്‍ ആമസോണ്‍ നദിയിലും റിയോ നെഗ്രോ നദിയിലും സ്ട്രീറ്റ് വ്യൂവിന്റെ ഭാഗമായ ദൃശ്യവത്ക്കരണ പ്രവര്‍ത്തനം ആരംഭിച്ചതായി ബ്ലോഗ് വെളിപ്പെടുത്തുന്നു. 'ഫൗണ്ടേഷന്‍ ഫോര്‍ എ സസ്‌റ്റൈനബിള്‍ ആമസോണ്‍ (Foundation for a Sustainable Amazon - FAS) എന്ന ചാരിറ്റി സംഘടനയുമായി സഹകരിച്ചാണ് പുതിയ പ്രവര്‍ത്തനം ഗൂഗിള്‍ നടത്തുന്നത്.


360 ഡിഗ്രി പനോരമിക് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ക്യാമറകള്‍ ബോട്ടുകളിലും മറ്റും ഘടിപ്പിച്ച് ചിത്രീകരണം നടത്തുന്നതിന്റെ ദൃശ്യങ്ങളും ഗൂഗിള്‍ പുറത്തു വിട്ടിട്ടുണ്ട്. നദികളിലൂടെ മാത്രമല്ല, പ്രദേശവാസികളെ ഇക്കാര്യത്തില്‍ പരിശീലിപ്പിച്ച് അവരെടുക്കുന്ന ദൃശ്യങ്ങളും കൂട്ടിച്ചേര്‍ത്ത് പദ്ധതി കൂടുതല്‍ സമ്പുഷ്ടമാക്കാനാണ് ഗൂഗിളിന്റെ പരിപാടി.

ആമസോണ്‍ നദീതടത്തിന്റെ ഉന്നത നിലവാരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താനായി ഗൂഗിളിനെ രണ്ടുവര്‍ഷം മുമ്പാണ് എഫ്.എ.എസ് സമീപിക്കുന്നതെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ട് പറയുന്നു. വനനശീകരണം ചെറുക്കാന്‍ അത്തരമൊരു പദ്ധതി സഹായിക്കുമെന്ന് എഫ്.എ.എസ് വിശ്വസിക്കുന്നു.

പരിസ്ഥിതിയെയും പരമ്പരാഗത ജീവിതശൈലികളെയും കുറിച്ച് മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം, വനനശീകരണം എന്നിവയെക്കുറിച്ചും ദാരിദ്ര്യത്തിനെതിരെയുള്ള നീക്കങ്ങളിലും ലോകമനസാക്ഷിയെ ഉണര്‍ത്തുകയെന്നത് വളരെ പ്രധാനപ്പെട്ട സംഗതിയാണെന്നും, ഇത്തരം പദ്ധതികള്‍ അതിന് സഹായിക്കുമെന്ന് എഫ്.എ.എസ് പ്രോജക്ട് മേധാവി ഗബ്രിയേല്‍ റിബെന്‍ബോയിം അഭിപ്രായപ്പെട്ടു.


2007 ലാണ് സ്ട്രീറ്റ് വ്യൂ പദ്ധതി ഗൂഗിള്‍ ആരംഭിച്ചത്. ഏതാനും ചില അമേരിക്കന്‍ നഗരങ്ങള്‍ ചിത്രീകരിച്ചുകൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ 25 ലേറെ രാജ്യങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ ഗൂഗിളിനായി.

ഇന്ത്യന്‍ നഗരങ്ങളും സ്ട്രീറ്റ് വ്യൂവില്‍ കൊണ്ടുവരാന്‍ ഗൂഗിള്‍ അടുത്തയിടെ ശ്രമമാരംഭിച്ചിരുന്നു. അതിനായി ബാംഗ്ലൂരില്‍ ചിത്രീകരണവും ആരംഭിച്ചു. എന്നാല്‍, അത് വിവാദമായതിനെ തുടര്‍ന്ന് ചിത്രീകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കുകയുണ്ടായി.

Post : Mathrubhumi web 21 Aug 2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക