.

.

Friday, September 16, 2011

കെ. എസ്. ഇ. ബി. കൂട്ടിലടച്ച മണിയരയന്നങ്ങളെ വനം വകുപ്പ് മൃഗശാലയിലേക്ക് മാറ്റി

പാലോട്: മൂന്ന് മാസമായി മീന്‍മുട്ടി ഹൈഡല്‍ ടൂറിസം സെന്ററില്‍ കെ. എസ്. ഇ. ബി. കൂട്ടിലടച്ചിരുന്ന മണിയരയന്നങ്ങളെ വനം വകുപ്പ് ഡി. എഫ്. ഒ. യുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത അഞ്ച് അരയന്നങ്ങളേയും തിരുവനന്തപുരം മൃഗശാലയ്ക്ക് കൈമാറും. തിരുവനന്തപുരം ഡി. എഫ്. ഒ. സി. പുകഴ്ജയന്തി, പാലോട് റെയിഞ്ച് ഓഫീസര്‍ അനില്‍കുമാര്‍, ഫോറസ്റ്റര്‍ കെ. വിശ്വനാഥന്‍, എസ്.കെ. അനില്‍ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്ക് 12 മണിയോടെ മീന്‍മുട്ടിയിലെത്തി മണിയരയന്നങ്ങളെ കസ്റ്റഡിയിലെടുത്തത്. ഹൈഡല്‍ ടൂറിസം അധികൃതര്‍ ഉപേക്ഷിച്ചുപോയ ഈ മിണ്ടാപ്രാണികളെപ്പറ്റി 'മാതൃഭൂമി' കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 1972 ഷെഡ്യൂള്‍ 4 അനുസരിച്ച് മണിയരയന്നങ്ങള്‍ വന്യജീവി വനം വകുപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പക്ഷികളാണ്. ഇവയെ വളര്‍ത്തുന്നതിനോ പ്രദര്‍ശിപ്പിക്കുന്നതിനോ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാല്‍ മീന്‍മുട്ടിയില്‍ ഹൈഡല്‍ ടൂറിസം അധികൃതര്‍ ഈ ഉത്തരവുകളൊന്നും സമ്പാദിച്ചിരുന്നില്ല. 2005-ല്‍ ഹൈഡല്‍ ടൂറിസം ഉദ്ഘാടനത്തോടനുബന്ധിച്ച് മുന്‍മന്ത്രി എ. കെ. ബാലനാണ് ഈ അരയന്നങ്ങളെ വാമനപുരം നദിയിലെ മീന്‍മുട്ടി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുറന്ന് വിട്ടത്. അന്നും നിയമ സംവിധാനങ്ങളൊന്നും സ്വീകരിച്ചിരുന്നില്ല.

കഴിഞ്ഞ 6 മാസമായി മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പൂര്‍ണമായും അടച്ചിട്ട നിലയിലായിരുന്നു. അധികൃതര്‍ പദ്ധതി ഉപേക്ഷിച്ച് പോകുന്നതിന് മുന്‍പായി നദിയില്‍ നീന്തിത്തുടിച്ചു കളിച്ചിരുന്ന അരയന്നങ്ങളെ പിടികൂടി കൂട്ടിലടച്ചു. അവയുടെ ആവാസ വ്യവസ്ഥയെ തകര്‍ത്ത് അധികൃതര്‍ നടത്തിയ ഈ നടപടി പരക്കെ പ്രതിഷേധത്തിന് ഇടയാക്കി. പട്ടണി കിടന്ന് ഒരു അരയന്നം ചത്തു. ഈ ഓണക്കാലത്തുപോലും മിണ്ടാപ്രാണികള്‍ തികഞ്ഞ പട്ടിണിയിലായിരുന്നു. എസ്. പി. സി. എ. യുടെ ഇടുക്കി ഡയറക്ടര്‍ എം. എന്‍. ജയചന്ദ്രന്‍, പീപ്പിള്‍ ഫോര്‍ അനിമല്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ലീലാ ലത്തീഫ്, പരിസ്ഥിതി പ്രവര്‍ത്തകനായ ഷാരോണ്‍ വര്‍ഗീസ് തുടങ്ങി നിരവധി പേര്‍ ജില്ലാ കളക്ടര്‍, ഡി. എഫ്. ഒ., അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, വൈല്‍ഡ് ലൈഫ്, ക്രൈം കണ്‍ട്രോള്‍ ബ്യൂറോ എന്നിവിടങ്ങളില്‍ നിരവധി പരാതികള്‍ സമര്‍പ്പിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടലും മണിയരയന്നങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായി.

ഓണ അവധി ആയിരുന്നതിനാലാണ് നടപടി ക്രമങ്ങള്‍ അല്പം വൈകിയതെന്നും മണിയരയന്നങ്ങളെ സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയില്‍ തന്നെ ജീവിക്കാന്‍ സാഹചര്യമൊരുക്കിയിട്ടുണ്ടെന്നും ഡി. എഫ്. ഒ. സി. പുകഴ്ജയന്തി പറഞ്ഞു.

16.9.2011 mathrubhumi thiruvananthapuram news.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക