.

.

Monday, September 5, 2011

ഇഞ്ചികൃഷി വയനാടിനോട് വിട പറയുന്നു

മീനങ്ങാടി: ഒരുകാലത്ത് കേരളത്തിന്റെ കുത്തകയായിരുന്ന ഇഞ്ചി സ്വന്തം മണ്ണില്‍ ഉല്‍പ്പാദിപ്പിച്ചെടുക്കാന്‍ കഴിയാതെവന്ന ഘട്ടത്തില്‍ കര്‍ഷകര്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് ചേക്കേറി. എന്നാല്‍ ഇവരുടെ പാത പിന്തുടര്‍ന്ന പുതിയ തലമുറ തുടര്‍ച്ചയായ വിലയിടിവിലും കലശലായിക്കഴിഞ്ഞ രോഗബാധയിലും മറ്റു പ്രതികൂല സാഹചര്യങ്ങളിലും അകപ്പെട്ട് വീര്‍പ്പുമുട്ടുകയാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളൊഴിച്ചാല്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പുവരെ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഇഞ്ചി ഉത്പാദിപ്പിച്ചിരുന്ന ഏക സംസ്ഥാനമാണ് കേരളം. അതില്‍ തന്നെ പച്ചക്കറി ഇനത്തില്‍പ്പെട്ടതും, ഉത്പാദനക്ഷമത കൂടിയതുമായ പുതിയ ഇനങ്ങള്‍ തേടിപ്പിടിച്ച് പരീക്ഷിച്ച് വിജയം കണ്ടത് വയനാട്ടിലുമാണ്. വയനാട്ടിലെ ചെറുകിട ഇടത്തരം കര്‍ഷകരുടെ കൃഷിയായാണ് ഇഞ്ചി അറിയപ്പെട്ടിരുന്നത്. എണ്‍പതുകളുടെ അവസാനം വരെ വയനാട്ടിലെ ചെറുകിട കര്‍ഷകര്‍ക്കിടയില്‍ ഇഞ്ചി കൃഷിചെയ്യാത്തവരായി ആരും തന്നെ ഉണ്ടായിരുന്നില്ല. കുടിയേറ്റ കാലം മുതല്‍ക്കേ ഇതുതന്നെയായിരുന്നു അവസ്ഥയെങ്കില്‍ മഹാളിരോഗം കൃഷിയിടങ്ങളില്‍ നാശംവിതയ്ക്കാന്‍ തുടങ്ങിയതില്‍ പിന്നീട് സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. എത്രയൊക്കെ കിണഞ്ഞുശ്രമിച്ചിട്ടും കൃഷി രക്ഷിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെ ഒടുവില്‍ ഇഞ്ചിയെ കര്‍ഷകര്‍ കൈയൊഴിയാന്‍ തുടങ്ങി.

പ്രതിദിനം പത്തുമുതല്‍ 20വരെ ലോഡ് ഇഞ്ചി പുറമേക്ക് കയറ്റിപ്പൊയ്‌ക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് മലയാളികള്‍.

ഏറ്റവും നൂതനമായ രീതിയിലൂടെ കൃഷിവികിസിപ്പിച്ച് ലോകത്തിനുതന്നെ മാതൃകയാവുകയാണ് പുറംനാടുകളിലെ മലയാളികള്‍.

ഇഞ്ചിവളര്‍ച്ചയെത്തിക്കഴിഞ്ഞാല്‍ ഏത് കാലാവസ്ഥയിലും എത്രകാലം വേണമെങ്കിലും മണ്ണിനടിയില്‍ സൂക്ഷിക്കാം. മറ്റൊരുത്പന്നവും സംസ്‌കരിക്കാതെ ഇത്തരത്തില്‍ സൂക്ഷിക്കാനാവില്ല. വളരാന്‍ വേണ്ടിവരുന്ന ഏറ്റവും കുറഞ്ഞ കാലഘട്ടമാണ് ഇഞ്ചിയുടെ മറ്റൊരു പ്രത്യേകത. ആറുമാസത്തെ മാത്രം വളര്‍ച്ചകൊണ്ട് നടീല്‍ വസ്തുവിന്റെ അമ്പതിരട്ടിയോളമായി ഇത്‌വളരും. മുതല്‍ മുടക്ക് വളരെ കൂടുതലാണെങ്കിലും കാലാവസ്ഥയും വിലനിലവാരവും അനുകൂലമായാല്‍ ലാഭത്തിന്റെ കണക്കിലും ഇഞ്ചിമറ്റെല്ലാ ഉത്പന്നങ്ങളെയും പിന്തള്ളും.

ഇതിനെല്ലാമുപരിയായി ചെറുകിട കര്‍ഷകരുടെ സ്വന്തം ഉത്പന്നമായി ഇഞ്ചി മാറിയതിനുപിന്നില്‍ കുറഞ്ഞ സ്ഥലത്തെ കൃഷിയിലൂടെ കൂടുതല്‍ വരുമാനം എന്ന ഒരുകാരണം കൂടിയുണ്ട്. ആകെയുള്ളതിന്റെ 80ശതമാനത്തിലധികം ചെറുകിട കര്‍ഷകരുള്ള വയനാട്ടില്‍ കര്‍ഷകരുടെ കൈവശമുള്ള ഭൂമിയുടെ അളവ് രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും കാണാന്‍ കഴിയാത്തവിധം പരിമിതമാണ്. വയനാട്ടില്‍ത്തന്നെ പലരും സ്ഥലം പാട്ടത്തിനെടുത്താണ് ഇഞ്ചികൃഷി ചെയ്തിരുന്നത്.

വയനാട്ടില്‍ തുടര്‍ച്ചയായി കൃഷി പരാജയപ്പെടാന്‍ തുടങ്ങിയതോടെ കര്‍ണാടകത്തിലെ കുടക്, ഷിമോഗ, ചിക്മംഗളൂര്‍ ജില്ലകളിലേക്കാണ് ആദ്യമായി കര്‍ഷകര്‍ ചേക്കേറിയത്. വളരെ ചെറിയ അളവിലുള്ള കൃഷിയിലൂടെ സാവകാശമാണ് കര്‍ഷകര്‍ നേട്ടങ്ങളുണ്ടാക്കിയെടുത്തത്. തൊണ്ണൂറുകളുടെ പകുതിയോടെ ഇഞ്ചികൃഷിക്കായി പുറംനാടുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. പുറംനാടുകളില്‍ ഇഞ്ചികൃഷി ആരംഭിച്ചിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞിരിക്കെ ഇപ്പോള്‍ രണ്ടാം തലമുറയാണ് ഈ മേഖലയിലുള്ളവരില്‍ ഏറെയും.

ഇത്രയും കാലത്തിനിടെ മൂന്നോ നാലോ തവണ മാത്രമാണ് ഇഞ്ചിക്ക് വളരെ ഉയര്‍ന്ന വില ലഭിച്ചത്.

പി.വി.ഏലിയാസ്‌ 05 Sep 2011 Mathrubhumi wayanadu News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക