.

.

Saturday, September 17, 2011

മരം വെട്ടാതിരിക്കാന്‍ 5000 രൂപ; കമലപ്പരുന്തിന്റെ കൂട് കാക്കാന്‍ വനംവകുപ്പ്

വംശനാശ ഭീക്ഷണി നേരിടുന്ന കമലപ്പരുന്ത് എന്ന അപൂര്‍വ്വയിനം പക്ഷിയെ സംരക്ഷിക്കാന്‍ വനം വകുപ്പ് മുന്‍ കൈയെടുക്കുന്നു. ഇതിന്റെ ഭാഗമായി കമലപ്പരുന്ത് കൂട് വെച്ചിരിക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാതിരിക്കാന്‍ വനം വകുപ്പ് സ്വകാര്യ വ്യക്തിക്കള്‍ക്ക് 5000 രൂപ വീതം നല്‍കും. വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക സര്‍വ്വേയില്‍ ഈ പക്ഷിയുടെ കൂട് സര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലുമായാണ് കണ്ടെത്തിയിരിക്കുന്നത്. ഞെട്ടിപ്പിക്കുന്നതാണ് കമലപ്പരുന്തിന്റെ വംശത്തെക്കുറിച്ചുള്ള സ്ഥിതി വിവര കണക്കുകള്‍. കേരളത്തില്‍ ഇവ 20 മരങ്ങളില്‍ മാത്രമാണ് താ‍മസിക്കുന്നത്. ഈ പ്രത്യേക ഇനം പരുന്ത് ആകെ സംസ്ഥാനത്തുള്ളത് 57 എണ്ണം.

ഇവയെ കാണാനാവുന്നത് മാഹി മുതല്‍ കാസര്‍കോട് വരെ കടലിനോട് ചേര്‍ന്നുള്ള 150 കിലോമീറ്റര്‍ ദൂരത്ത് മാത്രം. കടല്‍ കാണാവുന്ന രീതിയില്‍ ഉയരത്തിലുള്ള മാവ്, ആല്‍, പാല മരങ്ങളാണ് ഇവ താമസത്തിനായി തിരഞ്ഞെടുക്കുന്നത്. വനംവകുല്ലിന്റെ കൈയിലുള്ള ഏറ്റവും പുതിയ കണക്കുപ്രകാരം ഇവ കൂട് കൂട്ടിയിരിക്കുന്ന 20 മരത്തില്‍ പത്തെണ്ണം സര്‍ക്കാര്‍ ഭൂമിയിലും പത്തെണ്ണം സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലുമായാണ് കണ്ടെത്തിയത്. സ്വകാര്യവ്യക്തികള്‍ മരം വെട്ടിയാല്‍ ഇവയുടെ വംശം ദ്രുത ഗതിയില്‍ നശിക്കും. മരങ്ങള്‍ വെട്ടിമാറ്റാതെ സംരക്ഷിക്കാന്‍ ഒന്‍പത് കുടുംബങ്ങള്‍ക്കാണ് വകുപ്പ് 5000 രൂപ വീതം നല്‍കുന്നത്.

ഒരു തവണ ഒന്നോ രണ്ടോ മുട്ടകളാണ് ഇവ ഇടുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുട്ട വിരിയിച്ചെടുത്താല്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ മാത്രമേ ഈ പരുന്തുകള്‍ ഭക്ഷണംനല്‍കി സംരക്ഷിക്കാറുള്ളൂ. അതുകൊണ്ടാണ് ഇവയുടെ വംശവര്‍ധനയുടെ തോത് വളരെ കുറയുന്നത്. ഇപ്പോഴുള്ള 57 പക്ഷികളില്‍ 17 കുഞ്ഞുങ്ങള്‍ മാത്രമാണുള്ളത്. സാധാരണ പരുന്തുകളുമായി ഇവ ഇണചേരുന്നില്ല. അതിനാലാണ് ഇവയുടെ സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വന്യജീവി സംരക്ഷണനിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കമലപ്പരുന്തിനെ പിടിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമാണ്. 'വൈറ്റ് ബെല്ലീഡ് സീ ഈഗിള്‍' എന്ന ശാസ്ത്രീയ നാമമുള്ള പരുന്ത് കാനയ്ക്കന്‍, മുക്കുവത്തപ്പന്‍, മരീത്തലച്ചി, മീഞ്ചാടി എന്നിങ്ങനെ നാടന്‍പേരുകളിലും അറിയപ്പെടുന്നു.

ഇരുന്നാല്‍ 80 സെ.മീ. ഉയരമുള്ള കമലപ്പരുന്ത് സാധാരണ പരുന്തിനേക്കാള്‍ വലിപ്പമുള്ളവയാണ്. ചിറക് വിരിച്ചാല്‍ 2.2 മീറ്റര്‍ നീളം ഈ പക്ഷികള്‍ക്കുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പ്രാപ്പിടിയന്‍ പക്ഷിയായ കമലപ്പരുന്ത് വടക്കേ മലബാര്‍ കഴിഞ്ഞാല്‍ പിന്നെ കാണപ്പെടുന്നത് ആന്‍ഡമാന്‍ ദ്വീപിലാണ്.പക്ഷിനിരീക്ഷകനും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി അംഗവുമായ ഡോ. ജാഫര്‍ പാലോട്ട്, കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് കാസര്‍കോട് ജില്ലാ കോ-ഓഡിനേറ്റര്‍ പി.കൃഷ്ണന്‍, 'സീക്ക്' പരിസ്ഥിതി സംഘടനാ പ്രതിനിധി ഡോ. ഇ.ഉണ്ണികൃഷ്ണന്‍, 'നെയ്തല്‍' പ്രകൃതിസംഘടനാംഗവും അധ്യാപകനുമായ പ്രവീണ്‍ കുമാര്‍ എന്നിവരടുങ്ങുന്ന സംഘമാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷമാദ്യം നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തത്. കേരളത്തില്‍ ഈ പക്ഷിക്കുവേണ്ടി സര്‍വേ നടത്തുന്നത് ഇതാദ്യമായാണ്.

(ചിത്രത്തിന് കടപ്പാട് - വിക്കിപ്പീഡിയ കോമണ്‍സ്, ഫോട്ടോഗ്രാഫര്‍ - ഹാഫിസ് ഇസാദീന്‍ / ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിക്കുന്നത്)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക