.

.

Friday, September 2, 2011

ദിശയറിയാതെ ഹൈഡല്‍ ടൂറിസം

ഇടുക്കി: ജലസംഭരണികള്‍ കേന്ദ്രീകരിച്ച് വിനോദസഞ്ചാര വികസനം നടപ്പാക്കാനുള്ള കെ.എസ്.ഇ.ബി.യുടെ ഹൈഡല്‍ ടൂറിസം പദ്ധതിക്ക് വികസനമേതുമില്ല. ഇടുക്കി ജില്ലയിലെ ജലസംഭരണികളെ ബന്ധിപ്പിച്ച് വിനോദസഞ്ചാരപദ്ധതി നടപ്പാക്കുന്നതിലൂടെ ബോര്‍ഡിന് അധികവരുമാനവും ഉള്‍പ്രദേശങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനവും പരിസ്ഥിതി സംരക്ഷണവുമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 1999ല്‍ തുടങ്ങിയ പദ്ധതി ഇപ്പോഴും തുടങ്ങിയിടത്തുതന്നെ.

വൈദ്യുതി മന്ത്രി ചെയര്‍മാനായ കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ എന്ന സൊസൈറ്റിയാണ് ഹൈഡല്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. വൈദ്യുതിബോര്‍ഡിന്റെ കീഴിലാണ് സൊസൈറ്റി.

മൂന്നാറിലെ ഹെഡ്‌വര്‍ക്‌സ് ഡാമിനോടുചേര്‍ന്നുള്ള 16 ഏക്കര്‍ വരുന്ന ഹൈഡല്‍ പാര്‍ക്ക്, മാട്ടുപ്പെട്ടിയില്‍ 'സണ്‍മൂണ്‍വാലി' എന്നുപേരിട്ട പദ്ധതിക്ക് കീഴിലും കുണ്ടളയില്‍ ട്രൗട്ട് ലഗൂണ്‍ എന്ന് പേരിട്ട പദ്ധതിക്കു കീഴിലും ബോട്ടിങ്, ഓണം, പുതുവത്സര സീസണുകളില്‍ ഇടുക്കി ആര്‍ച്ച് ഡാമില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കലും ഇടുക്കി ജലാശയത്തില്‍ സ്​പീഡ്‌ബോട്ട് സവാരിയും കുളമാവിനടുത്ത് നാടുകാണിയില്‍ നിന്ന് താഴ്‌വാരക്കാഴ്ച ആസ്വദിക്കാനുള്ള പദ്ധതിയും ആണ് ഹൈഡല്‍ ടൂറിസത്തിന് കീഴില്‍ ആരംഭിച്ചത്. അതിനപ്പുറത്തേക്ക് ഒരു വികസനവും ഇനിയും നടപ്പായില്ല.

കുണ്ടളയിലെയും മാട്ടുപ്പെട്ടിയിലെയും പദ്ധതികളുടെ പേരുപോലും വിസ്മൃതിയിലായി. ബോട്ടിങ്ങും അതില്‍നിന്നുള്ള വരുമാനവും വര്‍ഷംതോറും വര്‍ധിക്കുന്നുണ്ടെങ്കിലും പുതിയ പദ്ധതികള്‍ക്ക് നീക്കമില്ല. ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി തുറക്കുന്ന കാലത്ത് വന്‍ തിരക്കാണ്. ഇടുക്കിയിലെ സ്​പീഡ് ബോട്ട് സവാരിക്കും നൂറുകണക്കിനുപേര്‍ എത്തുന്നു. ഈ കേന്ദ്രങ്ങളിലെല്ലാംകൂടി ഒരുവര്‍ഷം ആറുലക്ഷത്തിനുമുകളില്‍ വിനോദസഞ്ചാരികളെത്തുന്നുണ്ട്. എങ്കിലും പുതിയ പദ്ധതികളോ ഉള്ളവയുടെ വിപുലീകരണമോ ഇല്ല.

നാടുകാണി പവിലിയന്‍ വിനോദസഞ്ചാരികളില്‍നിന്ന് തുക പിരിച്ചെടുക്കാനുള്ള കേന്ദ്രം മാത്രമായി മാറിയിരിക്കുകയാണ്. 10 രൂപയാണ് ഇവിടെ ഒരാളില്‍നിന്ന് ഈടാക്കുന്നത്. യാതൊരു സൗകര്യവും വിനോദസഞ്ചാരികള്‍ക്ക് ഇവിടെ ലഭ്യമല്ല. കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് നോക്കാന്‍ 10 രൂപ കൊടുക്കണോ എന്നാണ് കണ്ടിരിക്കുന്നവരുടെ ചോദ്യം.

അതേസമയം സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്ന തുക ടിക്കറ്റ് അടിക്കാന്‍ മാത്രമേ ഉപയോഗപ്പെടുന്നുള്ളൂ എന്ന് കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ പറയുന്നു. 'ഹൈടെക്' ടിക്കറ്റുകള്‍ തിരുവനന്തപുരത്ത് പ്രിന്റുചെയ്ത് കൊറിയറില്‍ എത്തിക്കുകയാണ്. ഇതിന് ഓരോന്നിനും ഏഴുരൂപയ്ക്കുമേല്‍ ചെലവുവരുമെന്നാണ് പറയുന്നത്. നാട്ടിന്‍പുറത്ത് ഒരുരൂപയ്ക്കുപോലും ടിക്കറ്റ് പ്രിന്റ്‌ചെയ്യാന്‍ കഴിയുമെന്നിരിക്കെയാണിത്.

ജില്ലാ ആസ്ഥാനത്ത് വാഴത്തോപ്പിലുള്ള ഹൈഡല്‍ ടൂറിസം ഓഫീസ് കാടുകയറി. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി തുറക്കുമ്പോള്‍ മാത്രമാണ് ഈ ഓഫീസും തുറക്കുന്നത്.

വെള്ളാപ്പാറ, കുളമാവ്, കല്യാണത്തണ്ട് തുടങ്ങി നിരവധി മേഖലകള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നിടങ്ങളാണെങ്കിലും പ്രയോജനപ്പെടുത്താറില്ല. ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ആനയിറങ്കല്‍ ഡാമുകളിലും വിനോദസഞ്ചാര പദ്ധതികള്‍ ഒന്നുമില്ല.
2.9.2011 mathrubhumi idukki news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക