വടകര: വെച്ചൂര്‍, കാസര്‍കോടന്‍ പശുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെ വടകരയുടെ തനത് ഇനം പശുക്കള്‍ക്കും നല്ലകാലം വരുന്നു. ഈ പശുക്കളെ സംരക്ഷിക്കാനും പദ്ധതി തയ്യാറാക്കി. വടകര പശുക്കള്‍ അന്യംനിന്നുപോകുന്ന സാഹചര്യത്തിലാണ് ഒരുകൂട്ടം പ്രകൃതി സ്‌നേഹികള്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനായി 1882ലെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് പ്രകാരം വടകര പശു സംരക്ഷണ ട്രസ്റ്റ് രൂപവത്കരിച്ചു.
പരമ്പരാഗത കൃഷി-ചികിത്സാ രീതികളെ വീണ്ടെടുക്കാന്‍ വടകരയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്നുവരുന്ന ഹരിതാമൃതം പരിപാടിയുടെ ഭാഗമാണ് ഈ പദ്ധതിയും. 10 പേരാണ് ട്രസ്റ്റിലുള്ളത്.വടകര പശുക്കളെ കണ്ടെത്താന്‍ ട്രസ്റ്റ് ആദ്യം സര്‍വേ നടത്തി. വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും 31 പശുക്കളെ കണ്ടെത്തിയിട്ടുണ്ട്. എഴുപതോളം വീടുകളില്‍ സര്‍വേ നടത്തിയിരുന്നു.
കാസര്‍കോടന്‍ ഇനത്തേക്കാള്‍ അല്പം ഉയരക്കൂടുതലുള്ളതാണ് വടകര പശു. പാലും കൂടുതല്‍ ലഭിക്കും. ദിവസം മൂന്നു മുതല്‍ നാല് ലിറ്റര്‍ വരെ. പാലിന് നല്ല കൊഴുപ്പുണ്ടാകും. രുചിയിലും വ്യത്യാസമുണ്ട്. ഇത്തരം പശുക്കള്‍ക്ക് പച്ചപ്പുല്ലുംപിണ്ണാക്കുമാണ് പ്രധാന ആഹാരം. കാലിത്തീറ്റ വേണമെന്നില്ല. ചാണകം, മൂത്രം എന്നിവ കൃഷിക്ക് ഏറെ ഗുണകരമാണ്. വടകര പശുക്കളുടെ പ്രത്യേകതയായി കണക്കാക്കുന്നത് ഇതൊക്കെയാണ്. ഇപ്പോള്‍ കണ്ടെത്തിയ പശുക്കള്‍ക്കെല്ലാം ഈ പ്രത്യേകതയുണ്ട്.
വിത്തുകാളയെ ഉപയോഗിച്ച് സന്താനോത്പാദനം നടത്തിയവയാണ് ഇവയെല്ലാം. 12 വര്‍ഷം മുമ്പ് മണ്ണുത്തി സര്‍വകലാശാലയിലെ ഡോ.അനില്‍കുമാര്‍ വടകര പശുക്കളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഇതല്ലാതെ മറ്റൊരു പഠനവും നടന്നിട്ടില്ല.
ഡോ.അനില്‍കുമാറിന്റെ കണ്ടെത്തലുകളും ഇപ്പോഴത്തെ സര്‍വേ റിപ്പോര്‍ട്ടും ട്രസ്റ്റ് പ്രവര്‍ത്തകര്‍ താരതമ്യം ചെയ്താണ് അന്തിമ വിശകലനത്തിലെത്തുക. വളയം, വാണിമേല്‍, വേളം ഭാഗങ്ങളിലാണ് ഇപ്പോള്‍ വടകര പശുക്കള്‍ അവശേഷിക്കുന്നത്. ഒരുവര്‍ഷം മുമ്പ് ഇതിലും കൂടുതല്‍ പശുക്കള്‍ ഉണ്ടായിരുന്നതായി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.പി.ഗിരീഷ്‌കുമാര്‍ പറഞ്ഞു. വളരെ പെട്ടെന്നാണ് ഈ ഇനത്തിന് വംശനാശം സംഭവിക്കുന്നത്. ഈ വര്‍ഗത്തെ നിലനിര്‍ത്തിയശേഷം ശാസ്ത്രീയമായി പഠനം നടത്തുകയാണ് ലക്ഷ്യം.
നിലവില്‍ വടകര പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് അവയെ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുകയാണ് ട്രസ്റ്റ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇവയുടെ ഗുണഗണങ്ങളും വിശദീകരിക്കും. പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യവും ആലോചനയിലുണ്ട്. ആരെങ്കിലും വില്പന നടത്തുമ്പോള്‍ ട്രസ്റ്റ് ഇവയെ വാങ്ങി സംരക്ഷിക്കും. ഇതിനായി ഗോശാല തുടങ്ങും. 30 പശുക്കളെയും 10 വിത്തുകാളകളുമുള്ള ഗോശാലയ്ക്കാണ് ലക്ഷ്യം. രണ്ടാം വട്ടത്തില്‍ ഇവയുടെ ബീജം ശേഖരിച്ച് നാടന്‍ ഇനത്തിന്റെ വ്യാപനവും ലക്ഷ്യം വെക്കുന്നു. ഇപ്പോള്‍ തന്നെ ഒരു വിത്തുകാളയെ ട്രസ്റ്റ് വാങ്ങിയിട്ടുണ്ട്.
വടകര പശുക്കളെ സംരക്ഷിക്കാനുള്ള പദ്ധതി ട്രസ്റ്റ് സര്‍ക്കാറിനും സമര്‍പ്പിക്കും. സപ്തംബര്‍ 25ന് രാവിലെ 10 മണിക്ക് വടകരയില്‍ കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി.മോഹനനാണ് ട്രസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്. അന്നുതന്നെ ഇത് സംബന്ധിച്ച പദ്ധതി മന്ത്രിക്ക് കൈമാറും.
Mathrubhumi Karshikam, 19.9.2011
No comments:
Post a Comment