.

.

Wednesday, September 7, 2011

വാഴപ്പഴങ്ങളുടെ അത്ഭുത ലോകം


പഴമെന്നു പറഞ്ഞാല്‍ ആദ്യം ഓര്‍മയില്‍ ഓടിയെത്തുക വാഴപ്പഴമാണ്. എല്ലാ സദ്യകള്‍ക്കും വാഴപ്പഴമുണ്ടാകും. കൂടിയാല്‍ രണ്ടിനം. എന്നാല്‍ 36 ഇനത്തിലുള്ള വാഴപ്പഴം ഒരുമിച്ചുള്ള സദ്യയായാലോ?

പഴം - പച്ചക്കറി കൃഷി പ്രോത്സഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടക്കുന്ന ഹരിതോത്സവത്തിലാണ് വാഴപ്പഴങ്ങളുടെ ഈ സമ്മേളനം. ഇന്ത്യയുടെ തനതു പഴമായ വാഴപ്പഴത്തെ കേന്ദ്രീകരിച്ചുള്ള ഇത്തവണത്തെ ഹരിതോത്സവത്തില്‍ നാല്‍പതോളം ഇനങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കേരളത്തിലുള്ളവയ്ക്കു പുറമെ കര്‍ണാടക, ബീഹാര്‍, ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൃഷിചെയ്യുന്നവയും പ്രദര്‍ശന നഗരിയിലുണ്ട്.

കേരളത്തില്‍ സുലഭമായ പാളയംകോടന്‍, ഞാലിപ്പൂവന്‍, ചുണ്ടില്ലാക്കണ്ണന്‍, ചെങ്കദളി, നേന്ത്രന്‍, കര്‍ണാടകയില്‍ നിന്നുള്ള ഡ്വാര്‍ഫ് കാവന്‍ഡിഷ് തുടങ്ങി ബീഹാറില്‍ നിന്നുള്ള 'കല്‍ക്കട്ട' വരെ ഇക്കൂട്ടത്തിലുണ്ട്.

നേന്ത്രന്‍

നേന്ത്രന്റെ തന്നെ വിവിധ ഇനങ്ങളാണ് മേളയുടെ വൈവിധ്യം. കറിക്കായയായും പഴമായും ഉപയോഗിക്കുന്ന പ്രധാന ഇനമാണ് നേന്ത്രന്‍. ഒന്‍പതു മാസം മുതല്‍ ഒന്നര വര്‍ഷം കൊണ്ട് വിളവെടുക്കുന്നവ വരെ ഈ വിഭാഗത്തിലുണ്ട്. പ്രധാന ഇനങ്ങളായ ചെങ്ങഴിക്കോടന്‍ (കാഴ്ചക്കുല), ആറ്റു നേന്ത്രന്‍, നെടുനേന്ത്രന്‍, സാന്‍സിബാര്‍, മിന്തോളി, മഞ്ചേരി നേന്ത്രന്‍ എന്നിവയും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. ഉയരമുള്ള വാഴയില്‍ ശരാശരി 10 മുതല്‍ 16 കിലോ വരെ തൂക്കമുള്ള, വലിപ്പമുള്ള കായ്കളോടു കൂടിയതാണ് നെടുനേന്ത്രന്‍. ക്വിന്റല്‍ നേന്ത്രന്‍ എന്നറിയപ്പെടുന്ന മിന്തോളിക്കും മുഴുത്ത കായയാണ്. 18 മാസം വരെ വേണം ഇതിന്റെ വിളവെടുപ്പിന്. മൂപ്പു കുറഞ്ഞ മഞ്ചേരി നേന്ത്രനും ഒരു കായക്ക് 750 ഗ്രാം മുതല്‍ ഒരു കിലോ വരെ തൂക്കം വരുന്ന സാന്‍സിബാറും ആകര്‍ഷണങ്ങളാണ്. സാന്‍സിബാറിന്റെ കായക്ക് തൂക്കമുണ്ടെങ്കിലും പരമാവധി മൂന്നു പടല മാത്രമേ ഉണ്ടാകൂ. 12 മുതല്‍ 14 മാസം വരെ വേണം വിളവെടുപ്പിന്. നേന്ത്രന്റെ പുതിയ ഇനമായ ബിഗ് എബാന്‍ഗ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്തതാണ്. പ്രധാനമായും കറിക്കായാണ് ഇത് ഉപയോഗിക്കുന്നത്.

കാഴ്ചക്കുല

നേന്ത്രന്റെ ഉപവിഭാഗമായ ചെങ്ങഴിക്കോടന്‍ ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ പോന്നതാണ്. നടുന്നതു മുതല്‍ വിളവെടുക്കുന്നതു വരെ ഇടതടവില്ലാത്ത പരിചരണത്താല്‍ തയാറാക്കുന്ന ചെങ്ങഴിക്കോടന്‍ കാഴ്ചക്കുലകള്‍ മുമ്പ് ഗുരുവായൂര്‍ അമ്പലത്തില്‍ സമര്‍പ്പിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. ഒരേ വലുപ്പത്തിലും നിറത്തിലും ഉരുണ്ട കായകളോടു കൂടിയ കാഴ്ചക്കുലയ്ക്ക് 1250 രൂപ മുതല്‍ 2000 രൂപ വരെയാണ് വില. ഇപ്പോള്‍ ബന്ധുവീടുകളിലും മറ്റും കൊടുക്കുന്നതിനും ഇവ വാങ്ങുന്നുണ്ട്. വാഴ കുലയോടെ മൊത്തമായി വാങ്ങുന്നവരുമുണ്ട്. ഇതിനാണ് കൂടുതല്‍ വില. മധ്യകേരളത്തിലാണ് കാഴ്ചക്കുലകള്‍ക്ക് പ്രചാരം. കുന്നംകുളം, പഴയന്നൂര്‍, കേച്ചേരി എന്നിവിടങ്ങളിലാണ് പ്രധാനമായും കൃഷി. ഓണക്കാലത്താണ് വിളവെടുപ്പ്.

മേളയിലെ കാഴ്ചകള്‍

വാഴപ്പഴങ്ങളില്‍ മുഖ്യമായിരുന്ന അമൃതപാലി നാട്ടിന്‍പുറങ്ങളില്‍ നിന്നു പോലും അപ്രത്യക്ഷമായി തുടങ്ങി. വണ്ണം കുറഞ്ഞ കായ്കളോടു കൂടിയ പിസാംഗ് ലിനിന്റെ പഴത്തിന് വെള്ള നിറമാണ്. ഗവേഷണ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന പല വാഴയിനങ്ങളും മേളയില്‍ എത്തിയിട്ടുണ്ട്. കള്‍ട്ടിവാര്‍ റോസ്, യങ്ങംബി, പേയന്‍, നമുറൈ, പിസാങ് ബെര്‍ലിന്‍, പിസാങ് മധു, അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന മ്യൂസ ഒര്‍നേറ്റ തുടങ്ങിയ അപൂര്‍വ ഇനങ്ങളും മേളയിലുണ്ട്.


ഒരേ തരത്തില്‍ നീണ്ട് കനം കുറഞ്ഞ കായയോടു കൂടിയ ഗ്രനേന്‍ ലോക വിപണിയില്‍ തന്നെ പ്രമുഖമാണ്. ഒന്‍പതു മാസം കൊണ്ട് വിളവെടുക്കാമെന്നത് ഇവയെ കര്‍ഷകര്‍ക്ക് പ്രിയങ്കരമാക്കുന്നു. കുട്ടികളുടെ ഭക്ഷണത്തിനും മറ്റുമായി ഉപയോഗിക്കുന്ന കുന്നന്‍, മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ഉപയോഗിക്കുന്ന കദളി, കറിക്കായുള്ള പടത്തി, മൊന്തന്‍ എന്നിവയും ശ്രദ്ധേയമായവ തന്നെ. പഴങ്ങള്‍ക്കു മാത്രമായി ഉപയോഗിക്കുന്ന പൂവന്‍, കണ്ണന്‍, പാളയം കോടന്‍, റോബസ്റ്റ, ചെങ്കദളി, അമൃതപാലി എന്നിവയും മേളയിലെ ആകര്‍ഷകങ്ങളാണ്. ഇത്തവണത്തെ ഹരിതോത്സവത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്റ്റാളുകള്‍ പൂര്‍ണമായും അലങ്കരിച്ചിരിച്ചിരിക്കുന്നത്. അലങ്കാര വാഴകള്‍ കൊണ്ടാണ്.

തൃശൂര്‍ ജില്ലയിലെ കണ്ണാറയിലുള്ള വാഴ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് മേളയിലേക്കുള്ള വാഴക്കുലകളില്‍ ഭൂരിഭാഗവും എത്തിച്ചിരിക്കുന്നത്. ബാക്കിയുള്ളവ കര്‍ഷകരിന്‍ നിന്നു സംഭരിച്ചവയാണ്.

കെ.വി രാജേഷ്‌ (മാതൃഭൂമി കാര്ഷികം)
ഫോട്ടോ: എം.വി സിനോജ്

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക