.

.

Friday, September 30, 2011

സോളാര്‍ കാര്‍ പിറന്നു; ഇന്ത്യന്‍ മണ്ണില്‍

അത്യാധുനിക കാറുകളോട് കിടപിടിക്കാവുന്ന സോളാര്‍ കാര്‍ ഇന്ത്യന്‍ നിരത്തില്‍. ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പിറവിയെടുത്ത കാറിന്റെ ആദ്യ യാത്രയ്ക്ക് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് പച്ചക്കൊടി വീശി. രാജ്യത്തെ പ്രമുഖ ശാസ്ത്രസാങ്കേതിക യൂണിവേഴ്സിറ്റികളിലൊന്നായ ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലാണു (പഴയ ഡല്‍ഹി കോളജ് ഓഫ് എന്‍ജിനീയറിങ്) കാറിന്റെ പിറവി. 14 എന്‍ജിനീയറിങ് ബിരുദ വിദ്യാര്‍ഥികളുടെ എട്ടുമാസം നീണ്ട ഗവേഷണ ഫലമായാണ് സോളാര്‍ കാര്‍ രൂപമെടുത്തത്. യൂണിവേഴ്സിറ്റിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ജെ.പി. കേസരിയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.

ഭാവി എന്ന അര്‍ഥത്തില്‍ 'അവ്നിര്‍ എന്നു പേരിട്ടിരിക്കുന്ന കാര്‍ ഒക്ടോബര്‍ 16 മുതല്‍ 23 വരെ ഓസ്ട്രേലിയയില്‍ നടക്കുന്ന 2011 വേള്‍ഡ് സോളാര്‍ ചലഞ്ചില്‍ പങ്കെടുക്കും. അഡ്ലെയ്ഡില്‍ നിന്ന് ഡാര്‍വിന്‍വരെയുള്ള 3000 കിലോമീറ്റര്‍ ദൂരമുള്ള പാതയിലെ മല്‍സര ഓട്ടമാണ് സോളാര്‍ ചലഞ്ചിന്റെ മുഖ്യ ആകര്‍ഷണം. ഇന്ത്യയില്‍ നിന്നു വേള്‍ഡ് സോളാര്‍ ചലഞ്ചില്‍ പങ്കെടുക്കുന്ന ആദ്യ സൌരോര്‍ജ വാഹനമാണ് 'അവ്നിര്‍. നാലു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സോളാര്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ കാറുമായി ഓസ്ട്രേലിയയിലേക്കു പോകുന്നത്.
ലോകത്തെ പ്രമുഖ സാങ്കേതിക സര്‍വകലാശാലകളും കോളജുകളും സൌരോര്‍ജം വാഹനങ്ങളുമായി അണിനിരക്കുന്ന മേളകൂടിയാണ് 'വേള്‍ഡ് സോളാര്‍ ചലഞ്ച്. സൌരോര്‍ജ മേഖലയിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനം. ഭാവിയില്‍ വാഹനരംഗത്ത് പ്രയോജനപ്പെടുത്താവുന്ന സൌരോര്‍ജ സാങ്കേതിക വിദ്യകള്‍ തിരിച്ചറിയാനും അവയുടെ വ്യാവസായിക നിര്‍മാണത്തിനുമെല്ലാം വഴിയൊരുക്കുകയാണ് സോളാര്‍ ചലഞ്ചിന്റെ ലക്ഷ്യം.

അഭിമാനകരമായ നേട്ടമെന്നും അമ്പരപ്പിക്കുന്ന കണ്ടുപിടുത്തമെന്നും കാറിനെ വിശേഷിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് ഗവേഷകസംഘത്തെ അഭിനന്ദനങ്ങള്‍കൊണ്ടു പൊതിഞ്ഞു. സിഎന്‍ജിയില്‍ ഓടുന്ന കാറുകള്‍ നിരത്തിലുണ്ടെങ്കിലും ക്രൂഡ് ഓയില്‍ വില വര്‍ധന ഇവയെയും ബാധിക്കാറുണ്ട്. വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാവുന്ന സാഹചര്യത്തില്‍ ബാറ്ററി കാറുകളുടെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ട്. വരാനിരിക്കുന്ന നാളുകള്‍ സൌരോര്‍ജ വാഹനങ്ങളുടേതാണെന്നു തീര്‍ച്ചയായും പറയാം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന വാഹന വിപണിയെ സൌരോര്‍ജം പോലുള്ള പാരമ്പര്യേതര ഊര്‍ജം ഉപയോഗിക്കാന്‍ രാജ്യത്തെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണെന്ന് ഡല്‍ഹി സാങ്കേതിക യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പി.ബി. ശര്‍മ പറഞ്ഞു.

മള്‍ട്ടി ക്രിസ്റ്റലൈന്‍ ബാറ്ററികളാണ് കാറിന്റെ ഊര്‍ജകേന്ദ്രം. പരമാവധി വേഗം മണിക്കൂറില്‍ 85 കിലോമീറ്റര്‍. ഒരുകിലോവാട്ട് വരെ സോളാര്‍ ഇലക്ട്രിസിറ്റി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് അവ്നിക്ക്. സ്റ്റിയറിങ് ചലിപ്പിക്കുന്നത് എളുപ്പമാക്കത്തക്കവിധം എയ്റോഡൈനാമിക് ഡിസൈനാണ് കാറിന്റേത്. ബ്രേക്കിടുമ്പോള്‍ ഊര്‍ജം ഉപയോഗം പരിമിതപ്പെടുത്തുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഊര്‍ജനഷ്ടം ഒഴിവാക്കാന്‍ എല്‍ഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 16.66 ശതമാനമാണ് കാറിന്റെ എഫിഷ്യന്‍സി. രാജ്യത്ത് ഏതെങ്കിലും ഒരു വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന എഫിഷ്യന്‍സിയാണ് ഇതെന്നു യൂണിവേഴ്സിറ്റി സംഘം അവകാശപ്പെട്ടു. ശബ്ദമുണ്ടാക്കാത്തതും പുക പുറന്തള്ളാത്തതുമായ കാര്‍ പൂര്‍ണമായും പരിസ്ഥിതി സൌഹൃദ വാഹനമാണ്.

Manoramaonline Environment (എന്‍.പി.സി. രംജിത്)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക