.

.

Tuesday, September 13, 2011

പാതയോരത്തെ ഔഷധസസ്യങ്ങള്‍ നശിക്കുന്നു

സുല്‍ത്താന്‍ബത്തേരി: ഗ്രാമപ്പഞ്ചായത്തുകള്‍ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി പുല്ലുകള്‍ ചെത്തി മാറ്റുന്നതിനാല്‍ പാതയോരങ്ങളില്‍ നിന്നിരുന്ന ഔഷധസസ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നു.ഗ്രാമ പാതകളിലും ദേശീയപാതയോരത്തും ഇങ്ങനെ ഔഷധസസ്യങ്ങള്‍ അന്യമായിക്കൊണ്ടിരിക്കുന്നു. വിവിധ ഇനം ചെടികളും നഷ്ടപ്പെടുന്നു. കര്‍ഷകന് ഉപകാരപ്പെടേണ്ട കൃഷിയിടത്തിലെ പണി ഒഴിവാക്കിയാണ് റോഡരികിലെ ചെടികള്‍ ഇല്ലാതാക്കുന്നത്.
ഒരുകാലത്ത് വയനാട്ടിലെ ഗ്രാമീണ-നഗര റോഡുകളുടെ ഇരുവശങ്ങളിലും നിറഞ്ഞ് നിന്നിരുന്ന ഔഷധസസ്യങ്ങളും പൂക്കളും ഒരു കാഴ്ചയായിരുന്നു. ആദിവാസികള്‍ കുറുന്തോട്ടി, എരുക്ക്, തുമ്പ, ശതാവരി തുടങ്ങി നൂറുകണക്കിന് ഔഷധസസ്യങ്ങള്‍ വഴിയോരത്ത് നിന്നും പറിച്ചുവിറ്റ് നല്ല വരുമാനം ഉണ്ടാക്കിയിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വനത്തില്‍ പോകുന്നതിലും എളുപ്പമായിരുന്നു വഴിയോരത്തെ ഔഷധസസ്യങ്ങളുടെ ശേഖരണം. അതുകൊണ്ടുതന്നെ ആദിവാസികള്‍ ഇക്കാര്യത്തില്‍ താത്പര്യം പ്രകടിപ്പിച്ചു.എന്നാല്‍ തൊഴിലുറപ്പില്‍ റോഡ് നന്നാക്കാന്‍ തുടങ്ങിയതോടെ സസ്യജാലങ്ങളെ ഇല്ലാതാക്കി. റോഡരികുകളിലെ പുല്ലുചെത്തിമാറ്റല്‍ മണ്ണൊലിപ്പിനും പ്രധാന കാരണമായി. എന്നിട്ടും ഇതിനെതിരെ ആരും തന്നെ മുന്നോട്ടുവരുന്നില്ല.
ഔഷധസസ്യങ്ങളുടെ സ്ഥിതി തന്നെയാണ് ഒരുകാലത്ത് വഴിയോരത്ത് നിറഞ്ഞുനിന്നിരുന്ന പൂക്കളുടേതും. തൊഴിലുറപ്പ് പണിക്കാരുടെ കടന്നുകയറ്റത്തില്‍ തൊട്ടാവാടിയും തുമ്പയും ചമതയും മുത്തങ്ങയും ശംഖുപുഷ്പവും ഓണപ്പൂക്കളും കൊങ്ങിണിയുമെല്ലാം നമുക്ക് അന്യമായി. ഇതിന്റെ ഫലമായി ഓണക്കാലത്ത് പാതയോരങ്ങളില്‍ക്കൂടി നടന്ന് പൂക്കള്‍ ശേഖരിക്കുന്ന കുട്ടികളുടെ എണ്ണവും വളരെ കുറഞ്ഞു. പ്രകൃതി വരദാനമായി നല്‍കിയ ഈ പുഷ്പങ്ങളും ഔഷധങ്ങളും ഇല്ലാതാക്കുന്ന നടപടിയില്‍ മാറ്റം അനിവാര്യമാണെന്ന അഭിപ്രായവും ശക്തമാണ്.
ഒരുകാലത്ത് കല്ലൂരിലെ പട്ടികജാതി സഹകരണസംഘം ശേഖരിക്കുന്ന ഔഷധച്ചെടികളില്‍ നല്ലൊരു ശതമാനവും വഴിയോരത്ത് നിന്നും ആദിവാസികള്‍ കൊണ്ടുവരുന്നതായിരുന്നു. ഇവിടുത്തെ ആദിവാസികള്‍ക്ക് പുറമേ അന്യസംസ്ഥാനത്തുനിന്ന് പോലും വഴിയോരത്തെ ഔഷധസസ്യങ്ങള്‍ ശേഖരിക്കാന്‍ സംഘങ്ങളെത്തിയിരുന്നു. റോഡും പാതയോരവും നന്നാക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്കും പി.ഡബ്ല്യു.ഡി.ക്കും മറ്റും ഫണ്ടുകള്‍ ഏറെയുള്ളപ്പോള്‍ എന്തിനാണ് തൊഴിലുറപ്പുകാരെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നതെന്ന ചോദ്യം ഉയരുന്നു.
റോഡിന് വേണ്ടി ഉപയോഗിക്കുന്ന തൊഴിലുറപ്പ് കൃഷിയിടത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാവും. തൊഴിലാളികളെ കിട്ടാനില്ലാതെ നെല്‍കൃഷി പോലും നാശം നേരിടുകയാണ്. ഇതൊന്നും ഉപയോഗപ്പെടുത്താതെയാണ് തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുത്തുന്നത്. പ്രകൃതിയുടെ നിലനില്പിനായി പോരാടുന്ന കാലഘട്ടത്തിലാണ് അന്യമായിക്കൊണ്ടിരിക്കുന്ന അമൂല്യസമ്പത്ത് നശിപ്പിക്കപ്പെടുന്നത്.

13.9.2011 Mathrubhumi Wayanadu News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക