.

.

Sunday, September 11, 2011

നെല്‍ക്കൃഷിയിലെ പുത്തന്‍രീതി

ഉയര്‍ന്ന ഉത്പാദനച്ചെലവും ഉത്പാദനവും ഒട്ടനവധി മറ്റുപ്രശ്‌നങ്ങളും കൊണ്ട് വീര്‍പ്പുമുട്ടുകയാണ് നെല്‍ക്കൃഷിമേഖല. അതുകൊണ്ടുതന്നെ നെല്‍വയലുകള്‍ മറ്റ് കാര്‍ഷിക വിളകള്‍ക്കായി വിനിയോഗിക്കപ്പെടുകയാണ്.ഈ അവസ്ഥയിലാണ് വയനാട് ജില്ലയിലെ സ്വാമിനാഥന്‍ ഗവേഷണനിലയം പരിഷ്‌കരിച്ച നെല്‍ക്കൃഷി രീതി പ്രാവര്‍ത്തികമാക്കി വിജയം കണ്ടെത്തിയത്. കര്‍ഷകര്‍ വര്‍ഷങ്ങളായി അനുവര്‍ത്തിച്ചുവരുന്ന രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ളതാണീ സമ്പ്രദായം. വിത്ത് വിതയ്ക്കല്‍, പറിച്ചുനടീല്‍, ജലസേചനം എന്നിവയില്‍ ചില മാറ്റങ്ങള്‍ ഉണ്ട്.

നിലം തയ്യാറാക്കല്‍ -ഞാറ്റടി

നല്ലതുപോലെ കിളച്ച് തയ്യാര്‍ചെയ്ത നെല്‍വയലുകളോ, ജൈവാംശം ധാരാളമുള്ളതും സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്നതുമായ പ്രദേശങ്ങളോ ഞാറ്റടി തയ്യാറാക്കാന്‍ തിരഞ്ഞെടുക്കണം. ചാണകം, കമ്പോസ്റ്റ് മുതലായവ മണ്ണില്‍ ചേര്‍ത്ത് കൃഷിയിടം ലെവല്‍ ചെയ്യണം. ഒരേക്കര്‍ സ്ഥലത്തേക്ക് അഞ്ചുമുതല്‍ ആറ് കി.ഗ്രാം വരെ നെല്‍വിത്ത് മതിയാകും. വിതയ്ക്കാന്‍ ഉദ്ദേശിക്കുന്ന വിത്ത് നല്ലവണ്ണം ഉണക്കിയതായിരിക്കണം. ഈ വിത്ത് വെള്ളത്തിലിട്ട് പതിര് കളഞ്ഞശേഷം ചാണകവെള്ളത്തില്‍ മുക്കി ചണച്ചാക്കില്‍ കെട്ടിവെക്കണം. 3-4 ദിവസംകൊണ്ട് മുളച്ചുവരും.

വിത്ത് വിതയ്ക്കുന്നതിന് പരമ്പരാഗത രീതിയല്ല അനുവര്‍ത്തിക്കുന്നത്. വരികളായിട്ടുവേണം വിത്ത് വിതയ്ക്കാന്‍. 10 സെ.മീ. വീതിയില്‍ വരിയായി വിത്ത് വിതച്ച ശേഷം 15 സെ.മീ. അകലം നല്‍കുക. വീണ്ടും 10 സെ.മീ. വീതിയില്‍ വിത്ത് വിതയ്ക്കുക. എത്ര സ്ഥലത്തേക്കുള്ള വിത്താണോ വിതയ്‌ക്കേണ്ടത് ക്രമത്തില്‍ ആവശ്യമായ സ്ഥലത്ത് ഇപ്രകാരം വിത്ത് വിതയ്ക്കുക. സാധാരണ രീതിയില്‍ വിത്ത് വിതയ്ക്കുമ്പോള്‍ ഉണ്ടാവുന്നതിലധികം തൈകള്‍ ഈ രീതിയില്‍ മുളച്ചുവരും. ഇങ്ങനെ വളര്‍ന്നുവരുന്ന തൈകള്‍ക്ക് നല്ല കരുത്തും ഓജസ്സും കാണും. ഇതിന് കാരണം കൂടുതല്‍ കാറ്റും വെളിച്ചവും ഞാറ്റടിയില്‍ ലഭിക്കുന്നതിനാലാണ്.

പറിച്ചുനടീല്‍

പ്രധാനകൃഷിയിടം കിളച്ച് നന്നായി തയ്യാറാക്കിയ ശേഷം ഏക്കര്‍ ഒന്നിന് 2000 കി.ഗ്രാം ജൈവവളവും രാസവളത്തിന്റെ അടിവളഭാഗവും ചേര്‍ത്ത് കൊടുക്കണം. ജലപരിപാലനത്തിനാവശ്യമായ വിധത്തില്‍ കൃഷിയിടത്തില്‍ ചാലുകള്‍ നിര്‍മിക്കണം. ഞാറിന് 25 ദിവസം പ്രായമാകുമ്പോള്‍ ഏതിനം നെല്ലായാലും പറിച്ചുനടേണ്ടതാണ്.

ഞാറുപറിക്കുമ്പോള്‍ പരമാവധി ശ്രദ്ധിക്കണം. നെല്‍വിത്തും കാണ്ഡവും ചേരുന്നിടത്ത് ഒരു ക്ഷതവുമേല്‍ക്കാതെ നെല്‍വിത്ത് കാണ്ഡത്തില്‍ തന്നെ നിര്‍ത്തി പറിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. 3-4 നുരികള്‍ നടുന്ന സാധാരണ സമ്പ്രദായത്തില്‍ നിന്നും വ്യത്യസ്തമായി രണ്ടുനുരി ഞാര്‍ മാത്രമേ നടാന്‍ പാടുള്ളൂ. 20-25 സെ.മീ. അകലം വിട്ട് അടുത്ത നുരി നടാം. ഞാറുകള്‍ തമ്മില്‍ 20-25 സെ.മീ.യും വരികള്‍ തമ്മില്‍ 30 സെ.മീ. അകലവും നല്‍കണം. പറിച്ചെടുത്ത ഞാറുകള്‍ വെള്ളത്തില്‍ കഴുകാതെ ഉടനെതന്നെ നെല്‍വിത്തോടുകൂടി നടുവാന്‍ ശ്രദ്ധിക്കണം.

ജല പരിപാലനം

സാധാരണ ജലസേചന രീതിയില്‍ നിന്നു വ്യത്യസ്തമായാണ് ജലപരിപാലന പ്രവൃത്തികള്‍. നടീല്‍ കഴിഞ്ഞ കൃഷിയിടത്തില്‍ വെള്ളം കെട്ടിനിര്‍ത്തേണ്ടതില്ല. ഈര്‍പ്പം തീരെ കുറയുമ്പോള്‍ മുടിനാരിഴപോലെ വയല്‍ വിണ്ടുകീറുമ്പോള്‍ വെള്ളം കയറ്റി ഇറക്കുക. നേരത്തെ തയ്യാറാക്കിയ ചാലുകള്‍ വഴി വരമ്പുകള്‍ മുറിച്ച് ജലനിര്‍ഗമനം സാധ്യമാക്കണം.

വളപ്രയോഗം

നാടന്‍ വിത്തിനങ്ങളാണ് കൃഷിചെയ്യുന്നതെങ്കില്‍ ജൈവവളം മാത്രം മതി. കളപറിച്ച ശേഷം മണ്ണിര കമ്പോസ്റ്റ് ഉപയോഗിക്കാവുന്നതാണ്. അത്യുത്പാദന ശേഷിയുള്ള ഹ്രസ്വകാലയിനങ്ങള്‍ക്ക് അടിവളമായി യൂറിയ 40 കി.ഗ്രാം, രാജ്‌ഫോസ് 70 കി.ഗ്രാം, എം.ഒ.പി. 12 കി.ഗ്രാം എന്ന കണക്കിന് നല്‍കണം. നടീല്‍ കഴിഞ്ഞ് 30-35 ദിവസത്തിനകവും 50-55 ദിവസത്തിനകവും യൂറിയ 11 കി.ഗ്രാം എം.ഒ.പി. ആറ് കി.ഗ്രാം എന്ന ക്രമത്തില്‍ രണ്ടുതവണ മേല്‍വളം ചേര്‍ക്കണം.

മധ്യകാലയിനങ്ങള്‍ക്ക് അടിവളമായി 40 കി.ഗ്രാം യൂറിയ, 90 കി.ഗ്രാം രാജ്‌ഫോസ്, 15 കി.ഗ്രാം എം.ഒ.പി. എന്നിവ ചേര്‍ത്തുകൊടുക്കണം. നടീല്‍ കഴിഞ്ഞ് 30-35 ദിവസത്തിന് ശേഷവും അടിക്കണ പരുവത്തിലും യൂറിയ 20 കി.ഗ്രാം, എം.ഒ.പി. 7.5 കി.ഗ്രാം എന്ന ക്രമത്തില്‍ രണ്ടുതവണ മേല്‍വളം ചേര്‍ത്തുകൊടുക്കണം.നുരിയൊന്നില്‍ നിന്നും 40 മുതല്‍ 70 ചിനപ്പുകള്‍ വരെ പൊട്ടും. ചിനപ്പുകളില്‍ ഭൂരിഭാഗവും നല്ല ഉത്പാദനം ലഭിക്കുന്ന കതിരുകളായി മാറും. ചെടിക്ക് രോഗപ്രതിരോധ ശക്തി കൂടുതലാണ്. ചെടിവീഴ്ചയും കുറവുതന്നെ. ഏക്കറിന് രണ്ടുടണ്‍ മുതല്‍ മൂന്ന് ടണ്‍വരെ ഉത്പാദനം ലഭിക്കും.

രവീന്ദ്രന്‍ തൊടീക്കളം (11-9-2011, മാതൃഭൂമി കാര്ഷികം)

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക