നീര്‍വാര്‍ച്ചാ സൗകര്യമുള്ള മണ്ണില്‍ ആദായകരമായി കൃഷി ചെയ്യാവുന്ന ദിര്‍ഘകാല വെള്ളരി വര്‍ഗവിളയാണ് കോവല്‍. ഔഷധഗുണത്തിലും പോഷകകാര്യത്തിലും വെള്ളരി വര്‍ഗത്തിലെ കേമനാണ് ഈ ഇത്തിരിക്കുഞ്ഞന്‍. ഒരിക്കല്‍ നട്ടാല്‍ രണ്ടുവര്‍ഷം വരെ നല്ല വിളവ് തരും.
പന്തലിട്ട് വളര്‍ത്തേണ്ട കോവല്‍ നടാന്‍ ഏറ്റവും അനുയോജ്യമായ സമയം സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളാണ്. ഉത്പാദനശേഷി കൂടിയ ഇനത്തില്‍പ്പെട്ട കോവലിന്റെ പെണ്‍ചെടികളില്‍നിന്നും ഒരടി നീളമുള്ള തണ്ട് നടാനായി തിരഞ്ഞെടുക്കാം. തണ്ടുകള്‍ക്ക് രണ്ട് സെന്റിമീറ്റര്‍ കനം ഉണ്ടായിരിക്കണം.
രണ്ടടി നീളവും വീതിയും ഒന്നരയടി താഴ്ചയുമുള്ള കുഴിയില്‍ 25 കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ ചാണകവളവും മേല്‍മണ്ണും ചേര്‍ത്തിളക്കി രണ്ട് മൂട് മണ്ണിനടിയില്‍ വരത്തക്കവിധം കോവല്‍ നടാം. മഴ ഇല്ലെങ്കില്‍ നനച്ചുകൊടുക്കണം.
നട്ടു രണ്ടാഴ്ച കഴിഞ്ഞ് 25 ഗ്രാം വീതം യൂറിയയും പൊട്ടാഷും മേല്‍വളമായി ചേര്‍ത്ത് മണ്ണ് കൂട്ടാന്‍ മറക്കരുത്. പത്ത് ദിവസത്തെ ഇടവേളകളില്‍ പുളിപ്പിച്ച ചാണകം-പിണ്ണാക്ക് മിശ്രിതവും അല്പം കോഴിക്കാഷ്ഠവും ചേര്‍ക്കുന്നത് ഉത്പാദനം കൂട്ടുന്നതായി കണ്ടിട്ടുണ്ട്. കോവല്‍ നടും മുമ്പ് മണ്ണ് നന്നായി കിളച്ചുമറിക്കുന്നത് ശത്രുകീടങ്ങളുടെ പുഴുവും സമാധിയും നശിപ്പിക്കുവാന്‍ സഹായിക്കും.
മറ്റു പച്ചക്കറി വിളകളെ അപേക്ഷിച്ച് കോവലില്‍ കീടരോഗബാധ കുറവാണ്.
വീട്ടുവളപ്പില്‍ മാത്രമല്ല വ്യാവസായികാടിസ്ഥാനത്തിലും ഇന്ന് കോവല്‍ കൃഷി ചെയ്തുവരുന്നു. കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുംബൈയിലേക്കാണ് കോവല്‍ അയയ്ക്കുന്നത്.
Posted on: 04 Sep 2011
വീണാറാണി ആര്‍. (മാതൃഭൂമി കാര്ഷികം)
No comments:
Post a Comment