.

.

Friday, September 16, 2011

ഓസോണ്‍ പാളിക്ക് ഒന്നും പറ്റല്ലേ!

ഇന്ന് ഓസോണ്‍ ദിനം. ഭൂമിയെ സംരക്ഷിക്കുന്ന ആ വലിയ പുതപ്പിന്റെ സംരക്ഷണം എത്ര പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ഓര്‍ക്കാം.

ഭൂമിക്ക് ഒരുഗ്രന്‍ പുതപ്പുണ്ട്! വെയിലും മഴയും തടയാത്ത പുതപ്പ്.. എന്നാല്‍ സൂര്യനില്‍ നിന്നെത്തുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നല്ലൊരു പങ്ക് ഭൌമപ്രതലത്തിലെത്താതെ ഇൌ പുതപ്പ് തടയുന്നു. 'ഓസോണ്‍ പാളി എന്നറിയപ്പെടുന്ന ഇൌ രക്ഷാകവചത്തിന് തുള വീണാലോ..? നേര്‍ത്ത് നേര്‍ത്ത് ഇൌ പുതപ്പിന്റെ കട്ടി ഇല്ലാതായാലോ...? ഭവിഷ്യത്തുകള്‍ വിവരണാതീതമാണ്. ആഗോള താപനം പോലെതന്നെ മനുഷ്യരാശിയെ ഭീതിയിലാഴ്ത്തുന്നതാണ് ഓസോണ്‍ പാളിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷതം.

എന്താണീ ഓസോണ്‍ പാളി?

രണ്ട് ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന് ഓക്സിജന്‍ തന്‍മാത്ര(O2) ഉണ്ടാകുന്നു. മൂന്ന് ആറ്റങ്ങള്‍ ചേര്‍ന്ന് ഓസോണ്‍ തന്‍മാത്ര (O3) യാകുന്നു. സക്രിയവും അസ്ഥിരവുമായ വാതകമാണിത്. 1795 ല്‍ വാന്‍മാരം എന്ന ശാസ്ത്രജ്ഞന്‍ വിദ്യുത്സ്ഥിതിക യന്ത്രങ്ങള്‍ക്കടുത്തുള്ള വായുവില്‍ പ്രത്യേക ഗന്ധം ഉണ്ടെന്നു മനസിലാക്കി. ജലം വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോള്‍ ആനോഡില്‍ ഉണ്ടാകുന്ന വാതകത്തില്‍ ഇതേ ഗന്ധം അനുഭവപ്പെടുന്നതായി 1801-ല്‍ ക്രൂക്ഷാങ്ഖ് കണ്ടെത്തി. ഷേണ്‍ബൈന്‍ ആണ് 1840-ല്‍ ഇൌ പുതിയ വാതകത്തിന് ഞാന്‍ മണക്കുന്നു എന്ന അര്‍ഥത്തില്‍ ഓസോണ്‍ എന്ന പേരു നല്‍കിയത്.

ഹൈഡ്രജന്റെ ഒരു ഓക്സൈഡാണെന്ന് ഇൌ വാതകത്തെ അന്ന് കരുതിയെങ്കിലും മാരിഞാക്, ദ് ലാ റീവ്, ടെയ്റ്റ്, സോററ്റ് തുടങ്ങിയവരുടെ പഠനങ്ങളില്‍ നിന്ന് ഇൌ വാതകം ഓക്സിജന്റെ അപരരൂപമാണെന്നും തന്‍മാത്രാ ഫോര്‍മുല O3 ആണെന്നും സമര്‍ഥിക്കപ്പെട്ടു.

ഭൌമാന്തരീക്ഷത്തെ ട്രോപോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മിസോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍ എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും അടുത്തുള്ള പാളിയായ ട്രോപ്പോസ്ഫിയറില്‍ ആകെ ഓസോണിന്റെ 10 ശതമാനം നിലനില്‍ക്കുന്നു. ബാക്കിവരുന്ന ഏതാണ്ട് 90 ശതമാനവും തൊട്ടടുത്ത സ്ട്രാറ്റോസ്ഫിയറിലാണ്. ഓസോണ്‍ കൂടുതലുള്ള ഇൌ ഭാഗം ഓസോണോസ്ഫിയര്‍ എന്നറിയപ്പെടുന്നു.

ഇവിടെ കുറഞ്ഞ തരംഗനീളത്തിലുള്ള സൌര- വികിരണങ്ങള്‍ ഏറ്റ് ഓക്സിജന്‍ തന്‍മാത്രകള്‍ വിഘടിതമാകുകയും അങ്ങനെ കിട്ടുന്ന അണുക്കള്‍ O2 തന്‍മാത്രകളോട് സംയോജിച്ച് O3 തന്‍മാത്രകള്‍ ഉണ്ടാകുകയും ചെയ്യുന്നു.

വില്ലനായി സിഎഫ്സി!

റഫ്രിജറേറ്ററുകള്‍, സ്പ്രേകള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന 'ക്ളോറോഫ്ലൂറോ കാര്‍ബണുകള്‍ (സിഎഫ്സി) ആണു മുഖ്യമായും ഓസോണ്‍ പാളിക്ക് ക്ഷതമേല്‍പിക്കുന്നത്. 1920 കളില്‍ തോമസ് മിഡ്ജേയെന്ന എന്‍ജിനീയറാണ് സിഎഫ്സികള്‍ കണ്ടുപിടിച്ചത്. സ്ട്രാറ്റോസ്ഫിയറില്‍ എത്തിച്ചേരുന്ന സിഎഫ്സികള്‍ അള്‍ട്രാവയലറ്റ് രശ്മികളുമായി പ്രവര്‍ത്തിച്ച് ക്ളോറിനെ സ്വതന്ത്രമാക്കുന്നു. ക്ളോറിന്‍ ഓസോണ്‍ തന്‍മാത്രകളുമായി പ്രതിപ്രവര്‍ത്തിച്ച് ഓക്സിജന്‍ തന്‍മാത്രകള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഒരു ക്ളോറിന്‍ ആറ്റത്തിനു കുറഞ്ഞത് ഒരുലക്ഷം ഓസോണ്‍ തന്‍മാത്രകളെ നശിപ്പിക്കാനാകുമെന്നാണ് കണക്ക്.

സിഎഫ്സി കൂടാതെ നൈട്രജന്റെ ഓക്സൈഡുകളും ഒാസോണ്‍ പാളിക്കു ക്ഷതം വരുത്താറുണ്ട്. സൂപ്പര്‍സോണിക് വിമാനങ്ങള്‍, സ്പേസ് ഷട്ടിലുകള്‍ എന്നിവയില്‍ നിന്ന് അന്തരീക്ഷത്തിലെത്തുന്ന ഇൌ വാതകങ്ങള്‍ ഓസോണുമായി പ്രവര്‍ത്തിച്ച് ഓക്സിജനെ സ്വതന്ത്രമാക്കുന്നു.

വിള്ളല്‍ വീണാല്‍...

ഓസോണ്‍ പാളിക്ക് ക്ഷയം സംഭവിച്ചാല്‍ ഭൂപ്രതലത്തിലെത്തുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിക്കും. കൂടുതല്‍ അള്‍ട്രാവയലറ്റ് കിരണങ്ങളേറ്റാല്‍ മനുഷ്യരില്‍ മാലിഗ്നന്റ് മെലാനോമ(Malignant Melanoma)പോലുള്ള മാരക ചര്‍മാര്‍ബുദങ്ങള്‍ വര്‍ധിക്കും.

തിമിരം, ജനിതക വൈകല്യങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയും വ്യാപകമായുണ്ടാകും. സസ്യങ്ങളുടെ സ്വാഭാവിക പ്രതിരോധശേഷി അള്‍ട്രാവയലറ്റ് രശ്മികള്‍ നശിപ്പിക്കും. നെല്ലുപോലുള്ള വിളകള്‍ക്കും ഒാസോണ്‍ ശോഷണം വിനയാകും. പയറു വര്‍ഗങ്ങള്‍, തണ്ണിമത്തന്‍, നിലക്കടല, സോയാബീന്‍ എന്നീ വിളകളുടെ ഉല്‍പാദനം ക്ഷയിക്കും. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കൂടുതലായി പതിക്കുന്നത് സമുദ്രത്തിലെ പ്ലാങ്ക്ടണുകളെയും വ്യാപകമായി നശിപ്പിക്കും. മല്‍സ്യ സമ്പത്ത് ഗണ്യമായി കുറയും. അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതലായി ഭൂമിയിലെത്തിയാല്‍ സ്വാഭാവികമായും അന്തരീക്ഷ താപനിലയില്‍ കാര്യമായ വര്‍ധനയുണ്ടാകും.

1930-കള്‍ മുതല്‍ ഓസോണ്‍ പാളിയെക്കുറിച്ച് ശാസ്ത്ര ലോകത്തിന് അറിയാമായിരുന്നു. സിഎഫ്സികള്‍ ഓസോണ്‍ പാളിക്ക് ഭീഷണിയാണെന്ന് മനസിലാകുന്നത് 1970 കളില്‍ മാത്രമാണ്. പ്രഫ. പോള്‍ ക്രൂറ്റ്സന്‍, പ്രഫ. ഫ്രാന്‍ക് ഷെര്‍വുഡ് റോളണ്ട്, മരിയോ ജെ. മൊലിന എന്നിവരുടെ പഠനങ്ങളാണ് ഓസോണ്‍ശോഷണത്തിന്റെ ശാസ്ത്രീയ അടിത്തറ വെളിപ്പെടുത്തിയത്.

അന്റാര്‍ട്ടിക് മേഖലയ്ക്കു മുകളില്‍ വന്‍ ഓസോണ്‍ വിള്ളല്‍ പ്രത്യക്ഷപ്പെടുന്ന കാര്യം 1986 ഓഗസ്റ്റില്‍ പ്രഖ്യാപിക്കപ്പെട്ടു. അമേരിക്കന്‍ ഗവേഷകരായ ഡേവിഡ് ഹോഫ്മാന്‍, സൂസന്‍ സോളമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആ കണ്ടെത്തല്‍ നടത്തിയത്. അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ വിള്ളല്‍ സ്ഥിരീകരിക്കുകയും ഗുരുതരാവസ്ഥയിലാണ് കാര്യങ്ങള്‍ എന്നു വ്യക്തമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് 1987 സെപ്റ്റംബര്‍ 16 ന് 'മോണ്‍ട്രിയല്‍ ഉടമ്പടി രൂപം കൊള്ളുന്നത്. ഓസോണ്‍ പാളി ശോഷണത്തിന്റെ ദുരന്ത ഫലങ്ങള്‍ പ്രചരിപ്പിക്കുക, ഓസോണ്‍ശോഷണ വസ്തുക്കളുടെ ഉല്‍പാദനത്തിലും ഉപയോഗത്തിലും നിയന്ത്രണമേര്‍പ്പെടുത്തുക എന്നിവയായിരുന്നു ഉടമ്പടി ലക്ഷ്യമാക്കിയിരുന്നത്.

1994-ലെ യുഎന്‍ പൊതുസഭ സെപ്റ്റംബര്‍ 16 ലോക ഓസോണ്‍ ദിന മായി അംഗീകരിച്ചതോടെ ഓസോണ്‍ ശോഷണത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടി. സിഎഫ്സി കളുടെ ഉപയോഗം ഏറെ പരിമിതപ്പെട്ടെങ്കിലും ഓസോണ്‍ പാളിക്ക് ഇതിനകമേറ്റ പരുക്ക് ഭേദമാകാന്‍ അര നൂറ്റാണ്ടു കൂടിയെങ്കിലും കഴിയുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.


അജിത് ചെറുവള്ളി (Manoramaonline Environment News)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക