.

.

Wednesday, September 21, 2011

കടലില്‍ വീണ്ടും രൂക്ഷഗന്ധം; കാരണം ജൈവപ്ലവം

തിരുവനന്തപുരം: ശംഖുംമുഖം ഭാഗത്ത് കടലില്‍ നിന്ന് ചൊവ്വാഴ്ച വീണ്ടും രൂക്ഷഗന്ധമുണ്ടായത് തീരദേശവാസികളില്‍ ആശങ്ക പരത്തി. തീരത്ത് അടിഞ്ഞുകയറിയ പശപോലുള്ള വസ്തു പലരുടെയും കാലില്‍ ഒട്ടിപ്പിടിക്കുകയും ചെയ്തു. ക്യാബേജ് മുറിച്ചാലുണ്ടാവുന്ന പോലുള്ള ഗന്ധമാണ് അനുഭവപ്പെട്ടത്.ആല്‍ഗകള്‍ എന്നറിയപ്പെടുന്ന ജൈവപ്ലവം അഥവാ പായല്‍ ചീയുന്നതാണ് ദുര്‍ഗന്ധത്തിനു കാരണമെന്ന് കേരള സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് മറൈന്‍ ബയോ ഡൈവേഴ്‌സിറ്റി മേധാവിയായ ഡോ.കെ.പദ്മകുമാര്‍ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശങ്ങളില്‍ അടുത്തിടെ തുടര്‍ച്ചയായി അനുഭവപ്പെടുന്ന രൂക്ഷഗന്ധത്തെക്കുറിച്ച് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള സെന്റര്‍ ഫോര്‍ മറൈന്‍ ലിവിങ് റിസോഴ്‌സസിന്റെ സഹകരണത്തോടെ ഗവേഷണം നടത്തുകയാണദ്ദേഹം. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഡോ.പദ്മകുമാര്‍ ചൊവ്വാഴ്ച തുമ്പയിലെത്തി സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. ഫിയോസിസ്റ്റിസ് എന്ന മൈക്രോ ആല്‍ഗയാണ് കടലിലെ ദുര്‍ഗന്ധത്തിനു കാരണമെന്ന് കൊല്ലം, തുമ്പ, ശംഖുംമുഖം, വലിയതുറ, വിഴിഞ്ഞം മേഖലകളില്‍ ഇതുവരെ നടന്ന പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭൂമധ്യരേഖയോടടുത്തു കിടക്കുന്ന പ്രദേശങ്ങളിലാണ് ഇത് കൂടുതലായി കാണുന്നത്. 750 ദശലക്ഷം വര്‍ഷം മുമ്പ് ഉത്ഭവിച്ചതായി കരുതപ്പെടുന്ന ഫിയോസിസ്റ്റിസ് ആറു തരമുണ്ട്. ഫിയോസിസ്റ്റിസ് അന്റാര്‍ട്ടിക്ക, ഫിയോസിസ്റ്റിസ് കോര്‍ഡാറ്റ, ഫിയോസിസ്റ്റിസ് ഗ്ലോബോ, ഫിയോസിസ്റ്റിസ് ജാഹ്നീ, ഫിയോസിസ്റ്റിസ് പൗഷെറ്റി, ഫിയോസിസ്റ്റിസ് സ്‌ക്രോബിക്യുലാറ്റ എന്നിവയാണ് വകഭേദങ്ങള്‍. ഒരു കോശവും ബഹുകോശവുമായി പലതരം ജൈവരൂപങ്ങളും ഇവയ്ക്കുണ്ട്.

മീന്‍പിടിത്തക്കാരുടെ വല കേടാക്കുന്നതിനാല്‍ 'ശല്യക്കാരന്‍ പായല്‍' എന്ന പേര് ഫിയോസിസ്റ്റിസിനുണ്ട്. കാലാവസ്ഥയുടെ ജൈവനിയന്ത്രണത്തിനു സഹായിക്കുന്നു എന്നതിനാല്‍ ഇവ പാരിസ്ഥിതികമായി പ്രധാനപ്പെട്ടവയാണ്. ഡൈമീതൈല്‍ സള്‍ഫൈഡ് പ്രൊപ്യൊണേറ്റ് പുറത്തുവിടുന്നതു വഴി ആഗോള സള്‍ഫര്‍ ബജറ്റില്‍ തന്ത്രപ്രധാനമായ പങ്ക് ഫിയോസിസ്റ്റിസ് വഹിക്കുന്നു. എന്നാല്‍, ഇവ ചീഞ്ഞു തുടങ്ങുമ്പോള്‍ മെറ്റബൊളൈസേഷന്‍ എന്ന പ്രക്രിയ നടക്കുന്നതിനാല്‍ പുറത്തുവരുന്നത് ഡൈമീതൈല്‍ സള്‍ഫൈഡ് ആകുന്നു. ഇതാണ് കാബേജ് അരിയുമ്പോഴുള്ള ഗന്ധം വമിപ്പിക്കുന്നത്.
മാലിന്യം നിമിത്തം സമുദ്രജലത്തില്‍ ഇരുമ്പിന്റെ അംശം കൂടുന്നതാണ് തിരുവനന്തപുരം, കൊല്ലം തീരങ്ങളില്‍ ഫിയോസിസ്റ്റിസ് വര്‍ദ്ധിക്കാന്‍ കാരണമെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. രാസവളങ്ങളിലെ നൈട്രജനും സോപ്പ് പോലുള്ളവയിലെ ഫോസ്ഫറസും ഒഴുകി കടലിലെത്തുന്നത് അടുത്തിടെ വര്‍ദ്ധിച്ചു. ഇവയ്‌ക്കൊപ്പം തീരദേശങ്ങളിലെ വന്‍കിട വ്യവസായശാലകളില്‍ നിന്നു മാലിന്യം വന്‍തോതില്‍ പുറന്തള്ളുന്നതും ഈ പ്രതിഭാസത്തിനു കാരണമാണ്.



21.9.2011, Mathrubhumi Thiruvananthapuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക