.

.

Tuesday, September 6, 2011

ബഹിരാകാശ മാലിന്യങ്ങള്‍ ഭീഷണിയാകുന്നു


സ്വന്തം വീട്ടിലെ അവശിഷ്‌ടങ്ങള്‍ അയല്‍ക്കാരന്റെ പറമ്പിലേക്ക്‌ എറിഞ്ഞു കളഞ്ഞാല്‍ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നുള്ള മനുഷ്യ ചിന്തതന്നെയായിരുന്നു ബഹിരാകാശ വിഷയത്തിലും ശാസ്‌ത്രജ്‌ഞര്‍ പുലര്‍ത്തിയിരുന്നത്‌. ഉപയോഗശൂന്യമായ ഉപഗ്രഹങ്ങള്‍ അടക്കമുള്ളവയും അവയുടെ അവശിഷ്‌ടങ്ങളും വിശാലമായ ബഹിരാകാശത്തുള്ളത്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കില്ലെന്നായിരുന്നു ശാസ്‌ത്രലോകം കരുതിയിരുന്നത്‌. എന്നാല്‍, ഇത്തരത്തില്‍ അഞ്ചു ലക്ഷത്തോളം അവശിഷ്‌ടഘടകങ്ങള്‍ ബഹിരാകാശത്തുണ്ടെന്നു കണ്ടെത്തിയതോടെയാണ്‌ ശാസ്‌ത്രലോകം പ്രതിസന്ധിയിലായത്‌.

ബഹിരാകാശ വാഹനങ്ങളുടെ സഞ്ചാരത്തെവരെ അപകടപ്പെടുത്തിയാണ്‌ ഈ മാലിന്യങ്ങളുടെ സഞ്ചാരം. കാരണം, ഉപയോഗശൂന്യമാണെങ്കിലും ചെറുതും വലുതുമായ ഇത്തരം ഘടകങ്ങള്‍ ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുകയാണ്‌. ഇതില്‍ 22,000 വമ്പന്‍ ഘടകങ്ങളുമുണ്ട്‌. ഭൂമിക്കു ചുറ്റും വലംവയ്‌ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളുമായി ഇവ കൂട്ടിയിടിക്കാനുള്ള സാധ്യതയും ഏറെയാണ്‌. അവശിഷ്‌ടങ്ങള്‍ വലംവയ്‌ക്കുന്ന ഭ്രമണപഥങ്ങളെ ഒഴിവാക്കിയാണ്‌ കൃത്രിമ ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ശാസ്‌ത്രജ്‌ഞര്‍ നിശ്‌ചയിക്കുന്നത്‌. എന്നാല്‍, അവശിഷ്‌ടങ്ങള്‍ വര്‍ധിക്കുന്നത്‌ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുമെന്നാണ്‌ ബഹിരാകാശ ശാസ്‌ത്രജ്‌ഞര്‍ ചൂണ്ടിക്കാട്ടുന്നത്‌. 2009-ല്‍ സൈബീരിയയുടെ മുകളില്‍വച്ച്‌ ബിരാകാശ അവശിഷ്‌ടങ്ങളില്‍ തട്ടി ഒരു ഉപഗ്രഹം തകര്‍ന്നിരുന്നു. എന്നാല്‍, ഈ ബഹിരാകാശ മാലിന്യ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്നതിന്‌ ഉത്തരം കിട്ടാതെ തലപുകയ്‌ക്കുകയാണ്‌ ശാസ്‌ത്രലോകം.

മംഗളം കൌതുക വാര്ത്തകള്‍ 6.9.2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക