.

.

Thursday, September 1, 2011

സംസ്ഥാന പട്ടികയില്‍നിന്ന് ജലാവകാശം നീക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള വെള്ളം കേന്ദ്രത്തിന് തീരുമാനമെടുക്കാവുന്ന കേന്ദ്ര പട്ടികയിലോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ഒരുപോലെ അധികാരമുള്ള ഉഭയപട്ടികയിലോ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കണമെന്ന് ജലവിഭവശേഷിയുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭൂഗര്‍ഭ ജലത്തിന്റെ 'ജിയോഫിസിക്കല്‍' പഠനം നടത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

വെള്ളം ഭരണഘടനയുടെ കേന്ദ്രപട്ടികയിലോ പൊതുപട്ടികയിലോ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെ അഭ്യര്‍ഥിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന നിര്‍ദേശം സമിതി മുന്നോട്ടുവെച്ചത്.

ദുര്‍ലഭവും അമൂല്യവുമായ വെള്ളത്തിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ തര്‍ക്കം നിലവിലുള്ള പശ്ചാത്തലത്തില്‍ ഇത്തരമൊരുനീക്കം ശക്തമായ എതിര്‍പ്പു വിളിച്ചുവരുത്തും.

വെള്ളം കേന്ദ്രപട്ടികയിലോ പൊതുപട്ടികയിലോ പെടുത്തുന്നതിന് ദേശീയസമവായം ഉണ്ടാക്കുകയും സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍ച്ച നടത്തുകയും വേണമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശയില്‍ പറഞ്ഞു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജലസംരക്ഷണം, വികസനം, തുല്യമായ വിതരണം എന്നിവയ്ക്കുവേണ്ടി ദേശീയ കര്‍മപരിപാടി ആവിഷ്‌കരിക്കാന്‍ വെള്ളം കേന്ദ്രപട്ടികയിലോ പൊതുപട്ടികയിലോ ഉള്‍പ്പെടുത്തണമെന്നാണ് സമിതിയുടെ അഭിപ്രായം. ഇതിനുള്ള കരടുനിര്‍ദേശം ഉടന്‍ തയ്യാറാക്കാന്‍ സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ദീപ് ഗൊഗോയ് അധ്യക്ഷനായുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിച്ചു. ഭൂഗര്‍ഭജലത്തിന്റെ ദൗര്‍ലഭ്യം, മലിനീകരണം, ചിലയിടങ്ങളിലെ അമിതവും അനിയന്ത്രിതവുമായ ജലചൂഷണം എന്നിവ വിശദമായി പ്രതിപാദിച്ച് ഒട്ടേറെ ശുപാര്‍ശകള്‍ സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശ്, അസ്സം, ബിഹാര്‍, ഗുജറാത്ത്, ഹരിയാണ, ഒറീസ്സ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, യു.പി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ് പഠനം നടത്തിയിരുന്നു. ഭൂഗര്‍ഭജലത്തിന്റെ മാനേജ്‌മെന്റ്, കുഴല്‍ക്കിണറുകള്‍ കുഴിക്കാനുള്ള സ്ഥലം നിശ്ചയിക്കല്‍, ഭൂഗര്‍ഭജലത്തിന്റെ ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍, ഉപ്പുവെള്ളമുള്ള ഭൂഗര്‍ഭജല പ്രദേശങ്ങള്‍ കണ്ടെത്തല്‍ എന്നിവയ്ക്ക് ഇത്തരം പഠനം അനിവാര്യമാണ്. വെള്ളത്തിന്റെ മേല്‍നോട്ടം, മാനേജ്‌മെന്റ്, ഉപയോഗം, സംരക്ഷണം എന്നിവയ്ക്ക് ഈ പഠനഫലങ്ങള്‍ ഗുണം ചെയ്യും. അതിനാല്‍ കേരളമുള്‍പ്പെടെയുള്ള ഈ സംസ്ഥാനങ്ങളില്‍ പഠനം നടത്തണമെന്നാണ് സമിതിയുടെ ശുപാര്‍ശ.

കടല്‍വെള്ളത്തിന്റെ ഉള്ളിലേക്കുള്ള ഒഴുക്ക് കേരളം, ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്ര, ഒറീസ്സ സംസ്ഥാനങ്ങളില്‍ ഭൂഗര്‍ഭജലത്തെ ബാധിക്കുന്നുണ്ടെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഭൂഗര്‍ഭജലം പലയിടങ്ങളിലും അമിതമായി ചൂഷണം ചെയ്യപ്പെടുകയാണ്. ഭൂഗര്‍ഭജലം സംരക്ഷിക്കുന്നതിനും ശേഷി കൃത്രിമമായി കൂട്ടുന്നതിനും അരിസോണ (അമേരിക്ക), ഒമാന്‍ എന്നിവിടങ്ങളില്‍ സ്വീകരിച്ച നിയമപരവുമായ നടപടികള്‍ ഇന്ത്യയിലും നടപ്പാക്കാനാവുമോ എന്ന് പരിശോധിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

എം.കെ. അജിത്കുമാര്‍
01 Sep 2011 Mathrubhumi Newspaper Edition. Kerala, India News. Malayalam

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക