.

.

Sunday, September 4, 2011

കാര്‍ഷിക മേഖലയില്‍ കേരളം പിന്നില്‍-മുഖ്യമന്ത്രി

മരട് (കൊച്ചി): കഴിഞ്ഞ കുറച്ചുകാലമായി കാര്‍ഷിക മേഖലയില്‍ കേരളം വളരെ പിന്നിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് റബ്ബര്‍കൃഷിയിലെ നാമമാത്രമായ നേട്ടം മാത്രമാണ് കേരളത്തിന് കൈവരിക്കാനായിട്ടുള്ളതെന്ന് തുറന്നു സമ്മതിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മരട് കാര്‍ഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തില്‍ രണ്ടാം ഹരിതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഹരിതോത്സവം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാര്‍ഷിക മേളയാക്കി മാറ്റുന്നതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി ഡോ. എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് പദ്ധതികള്‍ക്ക് രൂപം നല്‍കും. തൃശ്ശൂര്‍, പൊന്നാനി മേഖലയിലെ കോള്‍പ്പാടങ്ങള്‍ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണത്തിന് 54,000 മെട്രിക് ടണ്‍ അരിയും 27,000 മെട്രിക് ടണ്‍ ഗോതമ്പും സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചതായി ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് സഹമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. മരട് മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 150 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി കണ്ടെയ്‌നര്‍ സ്റ്റേഷന്‍, ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ സ്റ്റേഷന്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉണ്ടാകും.

രാജ്യത്തെ ഏറ്റവും നവീനരീതിയിലുള്ള വിപണന കേന്ദ്രമാക്കി മരട് മാര്‍ക്കറ്റിനെ മാറ്റുമെന്നും കെ.വി. തോമസ് പറഞ്ഞു.

എകൈ്‌സസ് മന്ത്രി കെ. ബാബു അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവും രാജ്യസഭാംഗവുമായ ഡോ. എം.എസ്. സ്വാമിനാഥന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

മൂന്ന് മുതല്‍ ഏഴ് വരെയാണ് മരട്ടിലെ നെട്ടൂരിലുള്ള കാര്‍ഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തില്‍ ഹരിതോത്സവം നടക്കുന്നത്. വാഴപ്പഴങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയുടെ ഭാഗമായി കര്‍ഷക സംഗമം, സാംസ്‌കാരിക കൂട്ടായ്മ, വിവിധ മത്സരങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവയും നടക്കും. രാവിലെ 10ന് പ്രദര്‍ശനം ആരംഭിക്കും. പ്രവേശനം സൗജന്യമാണ്.

04 Sep 2011 Mthrubhumi Eranamkulam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക