.

.

Wednesday, January 25, 2012

കൂട്ടം പിരിഞ്ഞ കുട്ടിക്കൊമ്പന്‍; ഇനി പാപ്പാന്മാരുടെ കൂട്ടത്തില്‍

കൂട്ടം പിരിഞ്ഞ കുഞ്ഞിക്കൊമ്പന് ഇനി വീടു കാപ്പുകാട്. സ്വന്തം കൂട്ടക്കാര്‍ കൈവിട്ടെങ്കിലും കൂട്ടുകാരുടെയും രക്ഷിതാക്കളുടെയും അഭാവം കുരുന്നു കൊമ്പനുണ്ടാവില്ല. കാപ്പുകാട്ടെ വനം വകുപ്പിന്റെ ആനത്താവളത്തിലെ അന്തേവാസികളായ അമ്മുവും മിന്നയും അവനു ചേച്ചിമാരാകും. ജയശ്രീ അമ്മയാകും. റെഞ്ചി അപ്പൂപ്പനും. പോരാത്തതിന് എന്തിനും ഏതിനും സഹായത്തിന് ആനത്താവളത്തിലെ ഏഴു പാപ്പാന്‍മാരും.

പരുത്തിപ്പള്ളി റേഞ്ചിലെ വിതുര സെക്ഷനിലെ മണിതൂക്കി ഒറ്റക്കുടി വനത്തില്‍ പാറയിടുക്കില്‍ കുടുങ്ങിയ രണ്ടാഴ്ചയില്‍ താഴെ പ്രായമുള്ള ആനക്കുട്ടിയെ തിങ്കളാഴ്ച വൈകിട്ടു വനപാലകര്‍ രക്ഷപ്പെടുത്തിയിരുന്നു. തള്ളയാന അടക്കമുള്ള കൂട്ടം കാട്ടില്‍ ഉണ്ടായിരുന്നതിനാല്‍ ആനക്കുട്ടി അവയോടൊപ്പം പോകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്നലെ രാവിലെയായപ്പോള്‍ കൂട്ടം ഉള്‍ക്കാട്ടിലേക്കു പോയെങ്കിലും ആനക്കുട്ടിയെ ഒപ്പം കൂട്ടിയില്ല.

കൂട്ടം കൈവിട്ട കുട്ടിയെ നാട്ടിലെത്തിക്കാന്‍ ഇതോടെ തീരുമാനമായി. ഡിവിഷനല്‍ ഫോറസ്റ്റ് ഒാഫിസര്‍ പുകഴേന്തി, റേഞ്ച് ഒാഫിസര്‍മാരായ എന്‍.കെ. ഗിരീഷ്കുമാര്‍, ജെ. സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലക സംഘം ആദിവാസികളുടെ സഹായത്തോടെ രാവിലെ ഒമ്പതു മണിയോടെ ആനക്കുട്ടിയെ കാട്ടില്‍ നിന്നു പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. ആദ്യമാദ്യം ചിന്നംവിളിയുമായി അനുസരണക്കേടു കാട്ടിയെങ്കിലും ഒടുവില്‍ അവന്‍ കാടുവിട്ടു നാട്ടിലേക്കു നടപ്പു തുടങ്ങി- ഇടയ്ക്കു തളര്‍ന്നും ഉറങ്ങിയുമുള്ള നടപ്പ്.

ഉറങ്ങുമ്പോള്‍ കിടത്താന്‍ ചാക്കില്‍ പുല്ലു നിറച്ചുള്ള മെത്ത റെഡി. തളരുമ്പോള്‍ താങ്ങാന്‍ വനംവകുപ്പുകാരും ആദിവാസികളും തയാര്‍. ക്ഷീണിക്കുമ്പോള്‍ കുടിക്കാന്‍ കരിക്കിന്‍ വെള്ളം. അതു കുടിച്ചാല്‍ പിന്നെ ഉഷാറോടെ നടപ്പ്. എല്ലാറ്റിനും മേല്‍നോട്ടം വഹിക്കാന്‍ വെറ്ററിനറി സര്‍ജന്‍മാരായ ജോ ജേക്കബ് സെബാസ്റ്റ്യനും ഭാഗ്യലക്ഷ്മിയും. കുഞ്ഞിക്കൊമ്പന്‍ ഒരു കിലോമീറ്റര്‍ കാടിറങ്ങാന്‍ എടുത്തതു നാലു മണിക്കൂറിലേറെ.

പിന്നെ ജീപ്പില്‍ കാപ്പുകാട്ടെ ആന പുനരധിവാസ കേന്ദ്രത്തിലേക്കു ജീപ്പില്‍. അവിടത്തെ പരിചയ സമ്പന്നനായ പാപ്പാന്‍ പുഷ്കരന്‍ പിള്ള, തള്ളയുടെ കാരുണ്യം പകര്‍ന്നു കൂടെ. കാപ്പുകാട്ടേയ്ക്കു കുരുന്നു കൊമ്പന്‍ വരുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ നാട്ടുകാര്‍ ഒാടിക്കൂടി. കരിക്കിന്‍ കുലകള്‍ കുന്നുകൂടി. മൂന്നു മണിയോടെ കുഞ്ഞാനയുമായി ജീപ്പ് എത്തി. ജീപ്പില്‍ നിന്നിറങ്ങിയ ആനക്കൂട്ടി ചിന്നംവിളിച്ചു. തങ്ങളുടെ കൂട്ടത്തിലേക്ക് ഒരു കുരുന്ന് എത്തിയ കാര്യം അറിഞ്ഞ മട്ടില്‍ ആനത്താവത്തില്‍ നിന്നു മറു ചിന്നംവിളികള്‍ മുഴങ്ങി. താവളത്തിലെ കാരണവരായ റെഞ്ചിയും ജയശ്രീയും വികൃതിക്കുട്ടികളായ അമ്മുവും മിന്നയുമെല്ലാം നവാതിഥിയെ സ്വീകരിച്ചത് ആഹ്ളാദത്തിന്റെ ചിന്നംവിളികളോടെ. പുതിയ താമസക്കാരനുള്ള വീട് ഇതിനകം തയാറായിരുന്നു. താവളത്തിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകളില്‍ ഒരെണ്ണം.

പാപ്പാന്‍മാരായ പുഷ്കരന്‍ പിള്ളയും ബാബുരാജനുമെല്ലാം ചേര്‍ന്ന് ഗൃഹപ്രവേശം നടത്തി. അതിനു സാക്ഷ്യം വഹിക്കാന്‍ വൈല്‍ഡ്ലൈഫ് വാര്‍ഡ് ജയകുമാര്‍ ശര്‍മയും അസിസ്റ്റന്റ് വാര്‍ഡന്‍ വിജയകുമാറും എത്തി. ആനക്കുട്ടിയുടെ പൊക്കിള്‍കൊടി ഉണങ്ങിയിട്ടില്ലെന്നും അതിനാല്‍ രണ്ടാഴ്ചയില്‍ താഴെ പ്രായമേ ഉണ്ടാവൂ എന്നു ഡോ. ജോ ജേക്കബ് പറഞ്ഞു. അതിസൂക്ഷ്മമായ പരിപാലനം ഉറപ്പു വരുത്തിയാല്‍ ആനക്കുട്ടി രക്ഷപ്പെടുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Manoramaonline >> Environment >> News(ഇ. സോമനാഥ്) ചിത്രം: വിബി ജോബ്

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക