.

.

Monday, January 30, 2012

ഞെളിയന്‍പറമ്പിലെ ശുദ്ധീകരണ പ്ലാന്റ് നോക്കുകുത്തി

നിര്‍മാണത്തിലെ അപകംമൂലം ഞെളിയന്‍പറമ്പിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് നോക്കുകുത്തിയായി മാറുന്നു. പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകാത്തതിനാല്‍ പ്ലാന്റ് ഇനിയും കോര്‍പ്പറേഷന് ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. ഹൈദരാബാദിലെ രാംകി എന്‍ജിനീയറിങ് കമ്പനിയാണ് പ്ലാന്റിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായെന്ന് പറഞ്ഞ് കമ്പനി പ്ലാന്റ് കോര്‍പ്പറേഷന് കൈമാറാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ നിര്‍മാണത്തിലെ അപാകം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. രണ്ടര മീറ്റര്‍ ആഴത്തില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് സംഭരണിയിലേക്ക് മാലിന്യസംസ്‌കരണ പ്ലാന്റില്‍നിന്നുള്ള മലിനജലം ശേഖരിച്ച് പ്രത്യേക യന്ത്രസംവിധനത്തിലൂടെ കരിയും മണലും ഉപയോഗിച്ച് ശുദ്ധീകരിച്ച് പുറത്തേക്ക് വിടുകയായിരുന്നു പ്ലാന്റ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ശുദ്ധീകരണ പ്രക്രിയ വേണ്ടവിധത്തില്‍ നടക്കുന്നില്ലെന്ന് ട്രയല്‍ പരിശോധനയില്‍തന്നെ കണ്ടെത്തി. അപാകം എത്രയും വേഗം പരിഹരിച്ച് കൈമാറണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണ്. ഇതു കാരണം ഞെളിയന്‍ പറമ്പില്‍നിന്നുള്ള കറുത്ത മലിനജലമാണ് ഓവുചാല്‍ വഴി പുറത്തേക്ക് ഒഴുകുന്നത്. തുടര്‍ച്ചയായി 40 ദിവസം പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചാല്‍ അപകടം പരിഹരിക്കപ്പെടുമെന്നായിരുന്നു കമ്പനി അധികൃതരുടെ മറുപടി.

ഇത്തരത്തില്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. സുസ്ഥിര നഗരവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ നവീകരണ പ്രവൃത്തിയിലാണ് ഞെളിയന്‍ പറമ്പില്‍ 32 ലക്ഷത്തിന്റെ മലിനജല ശുദ്ധീകരണ പ്ലാന്റ് നിര്‍മിച്ചത്. നിര്‍മാണ ത്തുകയുടെ 80 ശതമാനത്തിലധികം കമ്പനി അധികൃതര്‍ ഇതിനകം കൈപ്പറ്റിക്കഴിഞ്ഞുവെങ്കിലും അപാകം പരിഹരിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. ഇതു കാരണം ഒരു വര്‍ഷത്തിലധികമായി പ്ലാന്റ് ഞെളിയന്‍ പറമ്പില്‍ നോക്കുകുത്തിയായി കിടക്കുകയാണ്. പ്ലാന്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഞെളിയന്‍ പറമ്പില്‍നിന്ന് സമീപപ്രദേശങ്ങളിലേക്ക് മലിനജലം ഒഴുകുന്ന പ്രശ്‌നം പൂര്‍ണമായി ഇല്ലാതാകും. നിലവില്‍ പ്ലാന്റില്‍നിന്നുള്ള മലിനജലം ഓവുചാലിലേക്ക് നേരിട്ട് ഒഴുക്കുകയാണ്. ഇത് അസഹനീയമായ ദുര്‍ഗന്ധത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമിടയാക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. പണി പൂര്‍ത്തിയാക്കിയ പ്ലാന്റ് കഴിഞ്ഞ ജൂണില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും പരിശോധിച്ചിരുന്നു. നിര്‍മാണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പ്രവര്‍ത്തനാനുമതിക്കുള്ള സര്‍ട്ടിഫിക്കറ്റ് ബോര്‍ഡ് അധികൃതരും നിഷേധിച്ചു. കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകള്‍ നടക്കുന്നതിനാലാണ് പ്രശ്‌നപരിഹാരം നീളുന്നത്. അപാകം എത്രയും വേഗം പരിഹരിക്കാന്‍ കമ്പനി അധികൃതരോട് നിര്‍ദേശിച്ചതായി കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് മേയര്‍ യോഗം വിളിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
30 Jan 2012 Mathrubhumi Kozhikkod News 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക